Connect with us

Kerala

ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

Published

|

Last Updated

തിരുവനന്തപുരം: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. മാര്‍ച്ച് തടഞ്ഞാല്‍ തടയുന്നിടത്ത് വെച്ച് സമരം ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നിരാഹാരത്തിനായി പോലീസ് ആസ്ഥാനത്ത് എത്തിയപ്പോഴാണ് മഹിജ പോലീസ് അതിക്രമത്തിന് ഇരയായത്. ഇടുപ്പിലും വയറ്റിലും പരിക്കേറ്റ മഹിജ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തന്നെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും അതിനുശേഷമേ ഡിജിപിയുമായി ചര്‍ച്ചയ്ക്കുള്ളൂ എന്നും മഹിജ വ്യക്തമാക്കി. ജിഷ്ണു കേസിലെ പ്രതികളെ പിടിക്കാത്തതില്‍ പ്രതിഷേധിച്ച് മഹിജ ആശുപത്രിയില്‍ നിരാഹാരത്തിലാണ്.

ജിഷ്ണുവിന്റെ അച്ഛന്‍ അശോകനും അദ്ദേഹത്തിന്റെ സഹോദരി ശോഭയും ഉള്‍പ്പെടെയുള്ളവര്‍ മെഡിക്കല്‍ കോളേജ് വളപ്പിലും നിരാഹാര സമരം നടത്തുന്നുണ്ട്.അതേസമയം, വടകര വളയത്തെ വീട്ടില്‍ ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹാരം ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ പതിനഞ്ച് പേരും ഇവിടെ അവിഷ്ണയ്‌ക്കൊപ്പം നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്.