ഒടുവില്‍ അവര്‍ ജുഡീഷ്യറിയിലും കൈവെക്കുന്നു

ജുഡീഷ്യറിയില്‍ തങ്ങളുടെ സ്വാധീനം അരക്കിട്ടുറപ്പിക്കാന്‍ കൊളീജിയത്തിന്റെ ഘടനയില്‍ മാറ്റം വരുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ സുപ്രീം കോടതി ശക്തമായ നിലപാടെടുത്താണ് തടഞ്ഞുനിര്‍ത്തിയിരുന്നത്. ഇതിന്റെ പേരില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും കേന്ദ്രനിയമമന്ത്രിയും വാക്‌പോരും നടന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ മുഖ്യ ന്യായാധിപനിലൂടെ തങ്ങളുടെ അജന്‍ഡകള്‍ക്ക് അംഗീകാരം നേടിയെടുത്തിരിക്കുകയാണ്. പതിവ് രീതിയില്‍ കൊളീജിയം തിരഞ്ഞെടുക്കുന്ന ഹൈക്കോടതിയിലേക്കുള്ള ന്യായാധിപന്മാരെ വെട്ടാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് നല്‍കണമെന്ന ആവശ്യത്തെ എതിര്‍ത്താണ് മുന്‍കഴിഞ്ഞ മുഖ്യന്യായാധിപന്മാര്‍ നിലകൊണ്ടത്. എന്നാല്‍ പുതിയ മുഖ്യന്യായാധിപന്‍ ഇവിടെയും ഭരണകൂടത്തിനനുയോജ്യമായ നിലപാടിലൂടെ തന്റെ മുന്‍ഗാമികളുടെ നിലപാടിനെ കുഴിച്ചുമൂടുകയായിരുന്നു.
Posted on: April 4, 2017 6:13 am | Last updated: April 4, 2017 at 12:15 am

രാമരാജ്യമെന്ന സ്വപ്‌ന സാക്ഷാത്കാരത്തിനായി ഫാസിസം ഭരണകൂടത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്തിന്റെ വിദ്യാഭ്യസ, ഉദ്യോഗസ്ഥ, ഭരണ നിര്‍വഹണ മേഖലകളെ കൈയടക്കിയുള്ള നീക്കങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലെ ജനകോടികള്‍ അവസാന ആശ്രയമായി കാണുന്ന നീതിന്യായ വ്യവസ്ഥിതിയും കൈപിടിയിലൊതുക്കുന്ന കാഴ്ച ഭീകരമാണ്. ഫാസിസത്തെ അംഗീകരിക്കാത്തവര്‍ക്ക് സമീപഭാവിയില്‍ ഈ രാജ്യത്ത് ജീവിക്കുകയെന്നത് വളരെ ശ്രമകരമാകുമെന്ന സൂചനകളാണ് സംഘ്പരിവാറിന്റെ സമീപകാല നീക്കങ്ങള്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ പ്രതിരോധ മേഖലയിലും പിന്നീട് ഭരണ നിര്‍വഹണ മേഖലയിലും തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസമുള്‍പ്പെടെ വിദ്യാഭ്യാസ മേഖലയിലും തങ്ങളുടെ സ്വാധീനം ഉറപ്പ് വരുത്തിയതിന് ശേഷമാണ് ജുഡീഷ്യറിയെ വരുതിയിലാക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയത്. ഇത് വിജയം കാണുന്നുവെന്ന നഗ്നസത്യം രാജ്യത്തെ പൗരന്മാരെ അസ്വസ്ഥമാക്കുകയാണ്.

അവസാനമായി പരമോന്നത കോടതിയില്‍ നിന്നുവന്ന നിര്‍ദേശങ്ങള്‍ ഇത്തരമൊരു സൂചനയുടെ പ്രത്യക്ഷമായ ഉദാഹരണമാണ്. വിശ്വാസത്തിനപ്പുറം ഒരു രാജ്യത്തിന്റെ മതേതര സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിയുക വഴി രാജ്യത്തെ ലോകത്തിന് മുന്നില്‍ നാണം കെടുത്തിയ ബാബരി ധ്വംസനവുമായി ബന്ധപ്പെട്ട കേസില്‍ ഫാസിസത്തിന്റെ ഇച്ഛക്കനുസരിച്ച വഴിത്തിരിവുണ്ടാക്കാന്‍ പരമോന്നത കോടതി നടത്തിയ ശ്രമം രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വസിക്കുന്ന കോടിക്കണക്കിന് ജനങ്ങളെ നിരാശരാക്കിയിരിക്കുകയാണ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ വിധി കല്‍പ്പിക്കാന്‍ ജനങ്ങള്‍ ഏല്‍പ്പിച്ച കോടതി സമവായത്തിലൂടെ പങ്കിട്ടെടുക്കാന്‍ നിര്‍ദേശിക്കുന്നത് ഭരണഘടനയുടെയോ, നീതിബോധത്തിന്റെയോ ഏത് ഖണ്ഡികയിലാണ് ഉള്‍പ്പെടുകയെന്ന സന്ദേഹമാണ് ബാക്കിയാകുന്നത്. 500 വര്‍ഷത്തിനപ്പുറം അവിടെ ഒരു പള്ളിയുണ്ടായിരുന്നുവെന്ന യാഥാര്‍ഥ്യവും, 500 വര്‍ഷത്തിനപ്പുറം ഈ പള്ളിക്കടിയില്‍ ക്ഷേത്രമായിരുന്നെന്ന ഐതിഹ്യവുമാണ് തര്‍ക്കത്തിലെ കാതല്‍. ഈ കേസില്‍ സ്ഥലത്തിന്റെ ഉടമയെ നിശ്ചയിക്കുന്നതിന് സ്ഥലത്തിന്റെ ആധാരത്തിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്തുകയാണ് വേണ്ടത്. അതിന് പകരം വികാരപരവും, മതപരവുമാക്കി കേസിനെ വഴിതിരിച്ചുവിട്ട് ഫാസിസത്തിന്റെ അജന്‍ഡ നടപ്പിലാക്കാന്‍ ചൂട്ടുപിടിച്ചുകൊടുക്കലല്ല മതേതര ഇന്ത്യയില്‍ വിശ്വസിക്കുന്ന ജനകോടികള്‍ പരമോന്നത ന്യായാസനത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള നീക്കത്തിലൂടെ മനുഷ്യ ജീവനേക്കാള്‍ മറ്റുപലതിനും മൂല്യം നല്‍കുന്ന ഫാസിസത്തിന്റെ വളര്‍ച്ചക്ക് വഴിയൊരുക്കുന്നത് രാജ്യത്തിന്റെ പാരമ്പര്യത്തെയും ഒപ്പം സമാധാനത്തെയും തകര്‍ക്കുമെന്ന യാഥാര്‍ഥ്യം വിസ്മരിക്കാനാവില്ല.
കേസുമായി ഒരു ബന്ധവുമില്ലാത്ത ഒരു സംഘ്പരിവാര്‍ നേതാവിനെ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കുക, പിന്നീട് അയാളെ മധ്യസ്ഥനാക്കി വെച്ച് കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാന്‍ നിര്‍ദേശം നല്‍കുക, ആവശ്യമെങ്കില്‍ മധ്യസ്ഥതക്ക് ജഡ്ജിയെ അനുവദിക്കാമെന്ന് ഔദാര്യം പോലെ വാഗ്ദാനം ചെയ്യുക ഇതൊക്കെയാണ് ഉന്നത നീതിപീഠത്തില്‍ നിന്ന് പൗരന്‍ പ്രതീക്ഷിക്കേണ്ടതെന്ന് വരുന്നത് ഏറെ ആശങ്കാജനകമാണ്. കേസിലെ വിധിയെന്തായാലും അംഗീകരിക്കാന്‍ തയാറായി ഇരകള്‍ നില്‍ക്കുമ്പോള്‍ വേട്ടക്കാരന് വഴിയൊരുക്കുന്ന നീക്കം ഉന്നത ന്യായാസനത്തില്‍ നിന്ന് ഉണ്ടാകുന്നത് മതേതര ഇന്ത്യക്ക് ഗുണകരമാകില്ല. ഇത് ഒരു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതു തന്നെ കേന്ദ്രത്തിലും സംസ്ഥാനത്തും സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന സമയത്തായിരിക്കുക എന്നത് കൂടി പരിഗണിക്കുമ്പോള്‍ ഇതിലെ അസ്വാഭാവികതക്ക് കനം കൂടുകയാണ്. കോടതി മധ്യസ്ഥാനായി നിശ്ചയിച്ചയാള്‍ വേട്ടക്കാര്‍ക്ക് വേണ്ടി മുന്നില്‍ നിന്ന് പോരാടുന്ന ആള്‍ കൂടിയാണെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്.

ഇതിന് സമാനമായ മറ്റൊരു നിലപാടാണ് കേന്ദ്ര സര്‍ക്കാറും സുപ്രീം കോടതിയും തമ്മില്‍ നിലനിന്നിരുന്ന കൊളീജിയം തര്‍ക്കത്തിലും സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതികളില്‍ ജഡ്ജിമാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയക്കാരുടെ കൈകടത്തലിന് വിധേയമാകാത്ത വ്യവസ്ഥിതിയാണ് കൊളീജിയത്തിലൂടെ രാജ്യത്ത് ഇതുവരെ നിലനിന്നിരുന്നത്. എന്നാല്‍ ജുഡീഷ്യറിയില്‍ തങ്ങളുടെ സ്വാധീനം അരക്കിട്ടുറപ്പിക്കാന്‍ കൊളീജിയത്തിന്റെ ഘടനയില്‍ മാറ്റം വരുത്താനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ സുപ്രീം കോടതി ശക്തമായ നിലപാടെടുത്താണ് തടഞ്ഞുനിര്‍ത്തിയിരുന്നത്. ഇതിന്റെ പേരില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസും കേന്ദ്രനിയമമന്ത്രിയും വാക്‌പോരും നടന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പുതിയ മുഖ്യ ന്യായാധിപനിലൂടെ തങ്ങളുടെ അജന്‍ഡകള്‍ക്ക് അംഗീകാരം നേടിയെടുത്തിരിക്കുകയാണ്. തനിക്ക് മുന്നെ കഴിഞ്ഞുപോയ ന്യായാധിപര്‍ എന്തിന്റെ പേരിലാണോ സര്‍ക്കാറിനോട് ഏറ്റുമുട്ടിയത് അത് ഭേദഗതിയിലൂടെ വളരെ ലളിതമായി നടപ്പിലാക്കി തന്റെ കൂറ് തെളിയിച്ചിരിക്കുകയാണ് മുഖ്യ ന്യായാധിപന്‍.
പതിവ് രീതിയില്‍ കൊളീജിയം തിരഞ്ഞെടുക്കുന്ന ഹൈക്കോടതിയിലേക്കുള്ള ന്യായാധിപന്മാരെ വെട്ടാനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് നല്‍കണമെന്ന ആവശ്യത്തെ എതിര്‍ത്താണ് മുന്‍കഴിഞ്ഞ മുഖ്യന്യായാധിപന്മാര്‍ നിലകൊണ്ടത്. എന്നാല്‍ പുതിയ മുഖ്യന്യായാധിപന്‍ ഇവിടെയും ഭരണകൂടത്തിനനുയോജ്യമായ നിലപാടിലൂടെ തന്റെ മുന്‍ഗാമികളുടെ നിലപാടിനെ കുഴിച്ചുമൂടുകയായിരുന്നു.

ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാറിന് ഇടപെടാനുള്ള അവസരമൊരുക്കിയത് നേരത്തെ പാര്‍ലിമെന്ററി സമിതി വിലക്കിയ അതേ വിഷയമുന്നയിച്ചാണെന്നതും ശ്രദ്ധേയമാണ്. രാജ്യ സുരക്ഷയുടെ പേരില്‍ കൊളീജിയം നിര്‍ദേശിക്കുന്ന ഏത് പേരും സര്‍ക്കാര്‍ വീറ്റോ ചെയ്യുന്നത് അവസാനിപ്പിണമെന്ന് പാര്‍ലിമെന്ററി സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഈ പ്രവണത അവസാനിപ്പിക്കുന്നതിന് ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടി പത്രികയില്‍ ഇവ രണ്ടും കൃത്യമായി നിര്‍വചിക്കണമെന്നും നിയമ നീതിന്യായ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സ്ഥിരം സമിതി ശിപാര്‍ശ ചെയ്തിരുന്നു. സര്‍ക്കാറായാലും സുപ്രീം കോടതിയായാലും സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് ഒരു ജഡ്ജിയെ ഒഴിവാക്കുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കാത്തത് നീതിന്യായ താത്പര്യത്തിന് വിരുദ്ധമാണെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രാജ്യസുരക്ഷ കാരണമാക്കി ജഡ്ജിമാരുടെ നിയമന ശിപാര്‍ശ തള്ളുമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അംഗീകരിക്കുക വഴിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള പുതിയ കൊളീജിയം ഭരണകൂട താത്പര്യത്തിന് വ്യവസ്ഥിതിയെ ബലി കഴിച്ചിരിക്കുന്നത്. ജഡ്ജി നിയമന തര്‍ക്കത്തില്‍ കൊളീജിയവും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നിലനിന്ന തര്‍ക്കം തീര്‍ത്തതും സര്‍ക്കാര്‍ ആവശ്യപ്പെട്ട ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്.
മുന്‍ ചീഫ് ജസ്റ്റിസ് ടി എസ് ഠാകൂറിന്റെ അധ്യക്ഷതയിലുള്ള കൊളീജിയം കൈക്കൊണ്ട നിലപാടിന് വിരുദ്ധമായിട്ടാണ് പുതിയ മുഖ്യന്യായാധിപന്റെ നീക്കം. ജഡ്ജിമാരുടെ നിയമന ശിപാര്‍ശ തള്ളുന്നതിന് രാജ്യസുരക്ഷ കാരണമാക്കാമെന്ന നിലപാടിലൂടെ തങ്ങള്‍ക്ക് അഹിതമായവരെ തള്ളാന്‍ ഭരണകൂടത്തിന് രാജ്യരക്ഷയെന്ന ക്ലോസ് ഒരുക്കി നല്‍കുകയാണ് ചെയ്തിരിക്കുന്നത്. നീതിന്യായ വ്യവസ്ഥിതി സ്വീകരിച്ചിരുന്ന ഒരു ഉന്നത നിലപാടിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ടാണ് 17 മാസമായി കേന്ദ്രസര്‍ക്കാറും സുപ്രീം കോടതിയും തമ്മില്‍ നിലനിന്നിരുന്ന തര്‍ക്കത്തിന് പരിഹാരം കണ്ടിരിക്കുന്നത്.
ഇതിന് പുറമെ ജനാധിപത്യ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ചട്ടങ്ങളും നിയമങ്ങളും ഫാസിസ്റ്റ് ആഭിമുഖ്യമുള്ള ഭരണകൂടം ലംഘിക്കുന്നതും ന്യായാസനങ്ങളുടെ ‘മൗനം സമ്മത’ത്തോടെയാണെന്ന് വരുന്നത് ഏറെ ഭീതിജനകമാണ്. ഈയിടെ പുറത്തുവന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ക്കായി ജനാധിപത്യ വ്യവസ്ഥിതിയെ ഭരണകൂട സഹായത്തോടെ അട്ടിമറിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ശ്രമിച്ച പരമോന്നത കോടതിയില്‍ എങ്ങനെയാണ് പൗരന്‍ വിശ്വാസമര്‍പ്പിക്കേണ്ടത്? ബി ജെ പിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തിടത്ത് അവര്‍ക്ക് ഭൂരിപക്ഷമുണ്ടാക്കാനുള്ള കുതിരക്കച്ചവടത്തിന് അവസരമൊരുക്കുകയും തുടര്‍ന്ന് ചട്ടങ്ങള്‍ ലംഘിച്ച് കൂടിയ ഭൂരിപക്ഷമുള്ളവരെ മറി കടന്ന് ന്യൂനപക്ഷത്തെ സര്‍ക്കാറുണ്ടാക്കാന്‍ വിളിക്കുകയും വഴി ജനാധിപത്യത്തെ അവഹേളിച്ച ഗവര്‍ണര്‍മാര്‍ക്കെതിരെ പരാതി നല്‍കിയപ്പോള്‍ ജനാധിപത്യ ധ്വംസനത്തെ മറച്ചുപിടിച്ച് പരാതിക്കാരെ പരിഹസിച്ച നീതിപീഠത്തില്‍ നിന്ന് എന്തുനീതിയാണ് സമൂഹം പ്രതീക്ഷിക്കേണ്ടത്? ജനാധിപത്യ ധ്വംസനത്തിന് വഴിയൊരുക്കാനാവശ്യമായ രീതിയില്‍ സംഘ്പരിവാറിന് ആഭിമുഖ്യമുള്ള ഗവര്‍ണര്‍മാരെ നേരത്തെ തന്നെ മിക്ക സംസ്ഥാനങ്ങളിലും ഭരണകൂടം വാഴിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൊണ്ടായിരുന്നു ഈ നടപടികള്‍.
ഇതിന് പുറമെ രാജ്യത്തിന്റെ വിവിധ മേഖലകളിലെയും ഫാസിസ്റ്റ്‌വത്കരണം രാജ്യത്തെ അതിവിദൂരമല്ലാത്ത ഭാവിയില്‍ വന്‍ അപകടത്തിലേക്കാണ് നയിക്കുന്നതെന്ന യാഥാര്‍ഥ്യത്തിന് നേരെ നമുക്ക് കണ്ണടക്കാനാകില്ല. ഇതില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ ഫാസിസ്റ്റ് വത്കരണമാണ് വന്‍ പ്രത്യാഘാതമുളവാക്കുക. ഡല്‍ഹിയില്‍ ഈയിടെ നടന്ന ആര്‍ എസ് എസിന്റെ വിദ്യാഭ്യാസ പരിശീലന പരിപാടിയില്‍ പങ്കെടുത്ത രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാറിന്റെ ശമ്പളം പറ്റി ജോലി ചെയ്യുന്ന ഉന്നതരുടെ ലിസ്റ്റ് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലെ കാവിവത്കരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ വൈ സുദര്‍ശന്‍ റാവു, ഡല്‍ഹി സര്‍വകലാശാല വി സി യോഗേഷ് ത്യാഗി എന്നിവര്‍ ഉള്‍പ്പെടെ രാജ്യത്തെ 51 സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരാണ് പങ്കെടുത്തത്. വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ കൂട്ടിച്ചേര്‍ക്കാനെന്ന വ്യാജേന ആര്‍ എസ് എസ് പിന്തുണയുള്ള സംരംഭമായ ‘പ്രജ്ഞ പ്രവാഹ് ജ്ഞാന്‍ സംഘം’ എന്ന പേരില്‍ നടത്തിയ ദ്വിദിന പരിശീലനത്തില്‍ മുഖ്യപ്രസംഗകന്‍ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് ആയിരുന്നു. ആര്‍ എസ് എസ് നേതാക്കളായ കൃഷ്ണഗോപാല്‍, സുരേഷ് സോനി എന്നിവര്‍ക്കൊപ്പം കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരും 721 അക്കാദമിക വിദഗ്ധരും അധ്യാപകരും പ്രതിനിധികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.