ഇസ്‌റാഈല്‍വിരുദ്ധ കൂട്ടായ്മയെ ചെറുക്കാന്‍ യു എന്നില്‍ ഉച്ചകോടി

Posted on: March 31, 2017 8:11 am | Last updated: March 30, 2017 at 7:15 pm
യു എന്നില്‍ സംസാരിക്കുന്ന യു എസ്
അംബാസഡര്‍ നിക്കി ഹാലി

വാഷിംടണ്‍: അന്താരാഷ്ട്ര നിയമങ്ങള്‍ നിരന്തരം ലംഘിക്കുന്ന ജൂതരാഷ്ട്രത്തിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി മുന്നോട്ട് പോകുന്ന ബി ഡി എസ് പ്രസ്ഥാനം തകര്‍ക്കാന്‍ എതിര്‍ കൂട്ടായ്മയുമായി ഇസ്‌റാഈല്‍. ബഹിഷ്‌കരിക്കുക, നിക്ഷേപം പിന്‍വലിക്കുക, ഉപരോധിക്കുക (ബോയ്‌കോട്ട്, ഡിവസ്റ്റ്, സാംക്ഷന്‍) എന്ന മുദ്രാവാക്യവുമായി 2005ലാണ് ബി ഡി എസിന് തുടക്കമായത്. ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശം കൂടുതല്‍ ശക്തമായിരിക്കുന്ന ഈ ഘട്ടത്തില്‍ ബി ഡി എസിന് പിന്തുണയര്‍പ്പിച്ച് കൂടുതല്‍ രാജ്യങ്ങളും സ്ഥാപനങ്ങളും വ്യക്തികളും രംഗത്ത് വരുമ്പോഴാണ് അമേരിക്കയെ കൂട്ടുപിടിച്ച് ഇസ്‌റാഈല്‍ എതിര്‍ കൂട്ടായ്മയൊരുക്കുന്നത്.

ഇതിന്റെ ഭാഗമായി യു എന്‍ ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത ഉച്ചകോടിയില്‍ അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ബി ഡി എസ് പ്രസ്ഥാനം തെറ്റായി നയിക്കപ്പെടുകയാണെന്ന് യു എന്നിലെ യു എസ് അംബാസിഡര്‍ നിക്കി ഹാലി പറഞ്ഞു. ‘ഇത് എത്ര കഷ്ടമാണ്.
ലോകത്ത് നിരവധി രാജ്യങ്ങള്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇസ്‌റാഈലിനെ മാത്രം ഒറ്റ തിരിച്ച് ആക്രമിക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്? ഉത്തര കൊറിയയെ ബഹിഷ്‌കരിക്കണം. ഉപരോധം വേണ്ടത് ഇറാനെതിരെയാണ്. സിറിയയില്‍ നിന്നാണ് നിക്ഷേപം പിന്‍വലിക്കേണ്ടത്. ഇസ്‌റാഈലില്‍ നിന്നല്ല- നിക്കി ഹാലി പറഞ്ഞു.

അതേസമയം ആന്റി ബി ഡി എസ് ഉച്ചകോടിയെ ശക്തമായി അപലപിച്ച് യു എന്നിലെ ഫലസ്തീന്‍ സ്ഥാനപതി റിയാദ് മന്‍സൂര്‍ രംഗത്തെത്തി. ഇസ്‌റാഈല്‍ അതിന്റെ അനുകൂലികളെ യു എന്നിലേക്ക് കൊണ്ടുവരുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. ഇസ്‌റാഈലിനെ ബഹിഷ്‌കരിക്കാന്‍ യു എന്‍ ആഹ്വാനം ചെയ്തിട്ടില്ല. അത്തരം ആഹ്വാനങ്ങള്‍ നടക്കുന്നത് കാമ്പസുകളിലും സര്‍വകലാശാലകളിലും ജനങ്ങള്‍ക്കിടയിലുമാണ്. തങ്ങളുടെ ഭാഗം വിശദീകരിക്കണമെന്നാണെങ്കില്‍ ഇസ്‌റാഈല്‍ അവിടേക്ക് ചെല്ലട്ടേയെന്ന് മന്‍സൂര്‍ പറഞ്ഞു.

ഉച്ചകോടി വിളിച്ച് ചേര്‍ത്ത് പ്രചാരണം നടത്തുന്നതില്‍ ഒതുങ്ങുന്നില്ല ഇസ്‌റാഈലിന്റെ പ്രതിരോധം. യു എന്നിന് നല്‍കേണ്ട വാര്‍ഷിക തുകയില്‍ 20 ലക്ഷം ഡോളറിന്റെ വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. ഫലസ്തീന്‍ ഭാഗത്ത് അനധികൃത കെട്ടിട നിര്‍മാണം അപലപിക്കുന്നതടക്കമുള്ള പ്രമേയങ്ങള്‍ യു എന്നില്‍ പാസ്സായതിലുള്ള അമര്‍ഷം തീര്‍ക്കുകയാണ് ഇതുവഴി ഇസ്‌റാഈല്‍. 193 അംഗരാജ്യങ്ങളും അവയുടെ ജി ഡി പിയുടെ ഒരു നിശ്ചിത ശതമാനം യു എന്നിന് നല്‍കേണ്ടതുണ്ട്. ഇതുപ്രകാരം ഇസ്‌റാഈല്‍ ഈ വര്‍ഷം 1.10 കോടി ഡോളറാണ് അടക്കേണ്ടത്. 20 ലക്ഷം ഡോളര്‍ വെട്ടിക്കുറക്കുകയെന്നത് ഇസ്‌റാഈലിനെ കുടിശ്ശിക രാജ്യമാക്കി മാറ്റും.
യു എന്‍ ചാര്‍ട്ടറിന്റെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം ഇത്തരത്തില്‍ കുടിശ്ശിക വരുത്തുന്ന അംഗരാജ്യത്തിന് പൊതു സഭയില്‍ വോട്ടവകാശം ഇല്ലാതാകും. എന്നാല്‍ ഇസ്‌റാഈലിന്റെ കാര്യത്തില്‍ ഈ ഘട്ടത്തിലേക്ക് കടക്കാന്‍ ഇനിയും സമയമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അന്താരാഷ്ട്ര വേദികളില്‍ തങ്ങള്‍ക്കെതിരായ പ്രമേയങ്ങളെ പിന്തുണക്കുന്ന രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം വെട്ടിക്കുറക്കാനും ഇസ്‌റാഈല്‍ ആലോചിക്കുന്നുണ്ട്.
അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ വര്‍ണവിവേചനമാണ് ഇസ്‌റാഈല്‍ നടത്തുന്നതെന്ന പ്രമേയം കഴിഞ്ഞ ആഴ്ച യു എസ് ഇടപെടലിന്റെ ഫലമായി പിന്‍വലിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുതിര്‍ന്ന യു എന്‍ ഉദ്യോഗസ്ഥ റിമാ ഖലഫ് രാജിവെച്ചിരുന്നു. അതിനിടെ, യു എന്നിലെ ഇസ്‌റാഈല്‍ സ്ഥാനപതിയായി ഡേവിഡ് ഫ്രീഡ്മാന്‍ ചുമതലയേറ്റു.
നയതന്ത്ര രംഗത്ത് ഒരു പരിചയവുമില്ലാത്ത ഡേവിഡിന്റെ പ്രധാന യോഗ്യത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അദ്ദേഹത്തിനുള്ള സൗഹൃദമാണ്. നിയമവിദഗ്ധനായ അദ്ദേഹം നിരവധി കേസുകളില്‍ ട്രംപിന്റെ അഭിഭാഷകനായിരുന്നു. ഇസ്‌റാഈലിന്റെ അനധികൃത കുടിയേറ്റത്തെ പിന്തുണക്കുന്ന ഡേവിഡ് ഇസ്‌റാഈലിലെ യു എസ് എംബസി ജറൂസലമിലേക്ക് മാറ്റണമെന്നും വാദിക്കുന്നു. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട നഗരമാണ് ജറൂസലം.