മന്ത്രിയുടെ രാജിയും മാധ്യമ ധര്‍മവും

Posted on: March 28, 2017 6:05 am | Last updated: March 27, 2017 at 11:19 pm

രാഷ്ട്രീയ മേഖലയില്‍ അപൂര്‍വമാണ് ഇത്തരമൊരു രാജി. തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ വിവാദത്തിന് ഇടം നല്‍കാതെയും പാര്‍ട്ടിയോ മുഖ്യമന്ത്രിയോ ആവശ്യപ്പെടാതെയും മന്ത്രിസ്ഥാനം വിട്ടൊഴിഞ്ഞ എന്‍ സി പി നേതാവ് എ കെ ശശീന്ദ്രന്‍ രാഷ്ട്രീയ ധാര്‍മികതയാണ് ഇതിലൂടെ പ്രകടമാക്കിയത്. മന്ത്രിക്ക് നിവേദനം നല്‍കാന്‍ വന്ന സ്ത്രീയുടെ മൊബൈല്‍ ഫോണില്‍ അവരുമായി അദ്ദേഹം അശ്ലീലചുവയുള്ള സംഭാഷണം നടത്തിയതായി ചാനലില്‍ വാര്‍ത്ത വന്നു ഏറെ താമസിയാതെയായിരുന്നു രാജി. ഓഡിയോ ക്ലിപ്പ് സഹിതമാണ് ചാനല്‍ വാര്‍ത്ത സംപ്രേഷണം ചെയ്തത്. ക്ലിപ്പില്‍ സ്ത്രീയുടെ സംഭാഷണം ഒഴിവാക്കിയ ചാനല്‍ നടപടിയില്‍ ദുരൂഹതയും അസ്വഭാവികതയുമുണ്ട്. എന്നാലും ആരോപണ വിധേയനായി സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്നും രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനും ഒരു നല്ല കീഴ്‌വഴക്കം സൃഷ്ടിക്കാനുമാണ് പദവി വിട്ടൊഴിയുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

മന്ത്രിമാര്‍ക്കെതിരെ മുമ്പും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അത് പാടേ നിഷേധിച്ചു അധികാര പദവിയില്‍ കടിച്ചു തൂങ്ങാന്‍ പരമാവധി ശ്രമിക്കുകയും ഗത്യന്തരമില്ലാത്ത ഘട്ടത്തില്‍ മാത്രം രാജി സമര്‍പ്പിക്കുകയും ചെയ്യുന്ന പ്രവണതയാണ് പൊതുവെ കണ്ടുവരാറുള്ളത്. ചാനല്‍ പുറത്തുവിട്ട സംഭാഷണത്തില്‍ മന്ത്രി അശ്ലീല ചുവയോടെ സംസാരിക്കുമ്പോള്‍ മറുഭാഗത്തു നിന്ന് സ്ത്രീയുടെ അതോടുള്ള പ്രതികരണം എന്തെന്ന് വ്യക്തമല്ലാത്തതിനാല്‍ ഈ വാര്‍ത്തക്ക് പിന്നില്‍ ഗൂഢാലോചന ആരോപിക്കാവുന്നതും അതിന്റെ ബലത്തില്‍ അധികാരത്തില്‍ തുടരാവുന്നതുമാണ്. കള്ളക്കേസില്‍ കുടുക്കാനും അധികാരം തെറിപ്പിക്കാനും സ്ത്രീകള്‍ മുന്‍കൈയെടുത്തും അവരെ ഉപകരണമാക്കിയും ജനപ്രതിനിധികളെ അവിഹിത ബന്ധങ്ങളിലും സംഭാഷണങ്ങളിലും കുടുക്കിയ സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുമുണ്ട്. 2003ല്‍ ജനതാദള്‍ എസ് നേതാവ് ജോസ് തെറ്റയിലിനെതിരെ ഉയര്‍ന്ന അപവാദം കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കിയതാണ്. തെറ്റയിലിനെ കെണിയില്‍ പെടുത്താന്‍ ആരോപണമുന്നയിച്ച സ്ത്രീ മനപ്പൂര്‍വം ഒരുക്കിയ കെണിയായിരുന്നു അതെന്നാണ് കോടതി കണ്ടെത്തിയത്.

ഉഭയസമ്മതപ്രകാരമുള്ള സംഭാഷണങ്ങളും സൗഹൃദ ബന്ധങ്ങളും രാജ്യത്തെ നിലവിലെ വ്യവസ്ഥയില്‍ കുറ്റകരമല്ല. പാര്‍ക്കിലും പൊതുവേദികളിലും യുവതീയുവാക്കള്‍ പരസ്യമായി ചുംബനം നടത്തുകയും വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരില്‍ സമൂഹം അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന കാലമാണിതെന്നിരിക്കെ, മന്ത്രി നടത്തിയെന്ന് പറയുന്ന സംഭാഷണം ഇവിടുത്തെ നിയമപ്രകാരം തെറ്റല്ല. അതേസമയം വെറും നിയമം മാത്രമല്ല, ധാര്‍മികതയും കൂടി കാത്തു സൂക്ഷിക്കേണ്ടവരാണ് രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും. സമൂഹത്തിന് അവര്‍ മാതൃകയായിരിക്കണം. പരാതിയുമായോ നിവേദനവുമായോ എത്തുന്ന സ്ത്രീകളെ സ്വന്തം സഹോദരിയോ മകളോ ആയി കണ്ടു വേണം ഇടപെടേണ്ടത്. ചാനല്‍ അവകാശപ്പെടുന്നത് പോലെ മറിച്ചൊരു സമീപനം ശശീന്ദ്രന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടോ എന്നും സംഭാഷണം മന്ത്രിയുടേത് തന്നെയോ എന്നും അന്വേഷിക്കേണ്ടതുണ്ട്. അത്തരമൊരു അന്വേഷണത്തെ അദ്ദേഹം സ്വാഗതം ചെയ്തിട്ടുമുണ്ട്. നിരപരാധിയെങ്കില്‍ രാഷ്ട്രീയത്തില്‍ മാന്യതയുടെ പരിവേഷമുള്ള എ കെ ശശീന്ദ്രന് കൂടുതല്‍ തിളക്കത്തോടെ തിരിച്ചുവരാനും അത് വഴിയൊരുക്കം.

ചാനല്‍ വാര്‍ത്ത പുറത്തുവിട്ട രീതി അതിന്റെ സത്യസന്ധതയില്‍ സംശയം ജനിപ്പിക്കുന്നതാണ്. ഓഡിയോ ക്ലിപ്പിലെ ഫോണ്‍ സംഭാഷണം മന്ത്രിയുടെ ഏകപക്ഷീയമായ ലൈംഗിക അതിക്രമമെന്ന തരത്തിലുള്ളതല്ല. അങ്ങനെയെങ്കില്‍ സ്ത്രീയുടെ സംഭാഷണം എന്തിന് ഒഴിവാക്കി? മന്ത്രിക്കെതിരെ ഇതുവരെ അധികൃത കേന്ദ്രങ്ങളില്‍ പരാതി സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ സ്ത്രീയും മന്ത്രിയുമായുള്ള സംഭാഷണം ചാനല്‍ പ്രതിനിധിക്ക് ലഭിച്ചതെങ്ങനെയെന്നതിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. മാധ്യമ പ്രവര്‍ത്തനത്തിനുമുണ്ട് പെരുമാറ്റച്ചട്ടങ്ങളും ധാര്‍മികതയുടെ അതിരുകളും. സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടം മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന് നിരക്കുന്നതല്ല. വ്യക്തികളുടെ സ്വകാര്യത കാത്തുസൂക്ഷിക്കാന്‍ മാധ്യമങ്ങളും ബാധ്യസ്ഥമാണ്. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുശാസിക്കുന്ന ജീവിക്കാനുള്ള പൗരന്റെ അവകാശത്തില്‍ സ്വകാര്യത കാത്തുസൂക്ഷിക്കാനുള്ള അവകാശം കൂടി അടങ്ങിയിട്ടുണ്ടെന്ന് നിയമ ലോകം ചൂണ്ടിക്കാട്ടുന്നു. ലഭിക്കുന്ന വാര്‍ത്തകള്‍ സത്യസന്ധമാണെന്ന് ഉറപ്പ് വരുത്തി ജനമധ്യത്തിലെത്തിക്കുകയും നിയമവിധേയമായ മാര്‍ഗത്തിലൂടെ സാമൂഹിക തിന്മകളെ തുറന്നു കാട്ടുകയുമല്ലാതെ അപ്പേരില്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടം അംഗീകരിക്കാനാകില്ല. ആര്‍ക്കും പരാതിയില്ലാത്ത സ്വകാര്യ സംഭാഷണം വാര്‍ത്തയാക്കുന്നതിലെ നൈതികത ഇതിനകം ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി. വ്യക്തികള്‍ക്ക് മാത്രമല്ല, ജനാധിപത്യത്തിനു കൂടിയാണ് ഇതിന്റെ ആഘാതം. റേറ്റിംഗ് കൂട്ടാനായി സ്വകാര്യ സംഭാഷണങ്ങള്‍ ചോര്‍ത്തി വാര്‍ത്ത സൃഷ്ടിക്കുന്നതും ഒളിക്യാമറകള്‍ വെച്ചു സ്വകാര്യ രംഗങ്ങള്‍ ഒപ്പിയെടുക്കുന്നതും മാധ്യമ പ്രവര്‍ത്തനത്തിന്റെ സാമാന്യമര്യാദകള്‍ക്കു പോലും നിരക്കുന്നതല്ല. വ്യക്തിയുടെ സ്വകാര്യതയാണ് പ്രധാനമെന്നും സാമൂഹിക തിന്മകളെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് ഇത് ലംഘിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നും ഒളിക്യാമറാ ഓപറേഷനുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി ഓര്‍മിപ്പിച്ചതുമാണ്.