വെടിപൊട്ടിച്ച് പുതുചാനല്‍, ഗൗരവതരമെന്ന് മുഖ്യമന്ത്രി, പിന്നെ രാജിപ്രഖ്യാപനം, ചാനലിനെതിരെ മാധ്യമപ്രവര്‍ത്തകര്‍

Posted on: March 26, 2017 6:01 pm | Last updated: March 27, 2017 at 1:22 pm

കോഴിക്കോട്: അത്യന്തം നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് ഞായറാഴ്ച കേരളം സാക്ഷിയായത്. ഇന്ന് വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയ സ്വകാര്യ ചാനല്‍ 11 മണിയോടെ ഒരു ശബ്ദരേഖ പുറത്തുവിടുന്നു. പരാതി പറയാന്‍ എത്തിയ സ്ത്രീയോട് ഒരു മന്ത്രി അശ്ലീല സംഭാഷണം നടത്തുന്നുവെന്ന് പറഞ്ഞാണ് ഒരു പുരുഷ ശബ്ദം ചാനല്‍ പുറത്തുവിട്ടത്. വൈകാതെ തന്നെ ശബ്ദം മന്ത്രി എ കെ ശശീന്ദ്രന്റെത് ആണെന്ന് ചാനല്‍ വെളിപ്പെടുത്തിയതോടെ വാര്‍ത്തക്ക് തീപിടിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്നതോടെ വാര്‍ത്തക്ക് പ്രാധാന്യവുമേറി. ഇതോടെ മറ്റു ചാനലുകളിലും ഈ വാര്‍ത്ത കത്തിപ്പടര്‍ന്നു.

സിപിഎം സംസ്ഥാന സമിതി യോഗം ചേര്‍ന്നുകൊണ്ടിരിക്കെയാണ് വിവാദ വാര്‍ത്ത പുറത്തുവരുന്നത്. ഇതിനിടെ യോഗത്തില്‍ നിന്ന് ഇറങ്ങിവന്ന മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായി. സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും ആരോപണം എല്ലാ തരത്തിലും പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ഉദ്ഘാടനം ചെയ്ത ഒരു ചാനലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടതെന്നും ചാനലുകള്‍ തുടങ്ങുമ്പോള്‍ സ്‌ഫോടനാത്മകമായ എന്തെങ്കിലും കരുതിവെക്കുമെന്ന് അന്ന് തന്നെ പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പോഴേക്കും മുഖ്യമന്ത്രിയോട് എകെ ശശീന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചുകഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ മൂന്ന് മണിക്ക് മാധ്യമങ്ങളെ കാണുമെന്ന് എകെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചതോടെ ശശീന്ദ്രന്‍ രാജിവെച്ചേക്കുമെന്ന് ചാനല്‍ സ്‌ക്രീനുകളിലും ഓണ്‍ലൈന്‍ മീഡിയകളിലും മിന്നിമറിഞ്ഞു. രണ്ടേമുക്കാലോടെ തന്നെ കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളെ കണ്ട എകെ ശശീന്ദ്രന്‍ രാജിപ്രഖ്യപനം നടത്തിയതോടെ നാല് മണിക്കൂര്‍ നീണ്ടുനിന്ന ഉദ്വേഗങ്ങള്‍ക്ക് പരിസമാപ്തി.

ആദ്യ ദിനം തന്നെ മന്ത്രിയുടെ കസേര തെറുപ്പിക്കാനായതിന്റെ സന്തോഷം ചാനല്‍ അവതാരകര്‍ പങ്കുവെക്കുന്നത് കാണാമായിരുന്നു. മന്ത്രിയുടെ രാജിയെ ആഘോഷമായാണ് ചാനല്‍ എറ്റെടുത്തത്. ചാനലിന് മിന്നുന്ന തുടക്കം എന്ന ടൈറ്റിലോടെ വാര്‍ത്തയെ അവര്‍ പരമാവധി കൊഴുപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത് ജേര്‍ണലിസമല്ല ജീര്‍ണലിസം ആണെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അടക്കം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

മന്ത്രിക്കെതിരെയല്ല ജേണലിസം എന്ന പേരില്‍ ക്രിമിനല്‍ സംപ്രേഷണം നടത്തുന്ന മംഗളം ചാനലിനെതിരെയാണ് നടപടിയെടുക്കേണ്ടതെന്ന് മാതൃഭൂമിയിലെ മനില സി മോഹന്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.

തോന്ന്യാസമാണ്, ക്രൈം ആണ്, ജേണലിസമല്ല ഇതെന്നായിരുന്നു ന്യൂസ് 18 കേരള ചാനലിലെ സനീഷ് ഇളയേടത്തിന്റെ പ്രതികരണം.

ഇതാണ് ജേര്‍ണലിസമെങ്കില്‍ ഈ പണി നിര്‍ത്താന്‍ സമയമായി എന്ന തോന്നല്‍ ഒന്നുകൂടി ഉറച്ചുവെന്ന് മാതൃഭൂമി ന്യൂസിലെ ഹര്‍ഷന്‍ കുറിക്കുന്നു.

ജേര്‍ണലിസം ഷോ ബിസിനസ്സ് മാത്രമാകുന്നവര്‍ക്ക് നെഗറ്റീവ് പബ്ലിസിറ്റി ആണെലും വലിയ പബ്ലിസിറ്റി തന്നെ, എന്ത് സംശയം ? എന്നാണ് ന്യൂസ് 18 കേരള അവതരിക അപര്‍ണ കുറുപ്പിന്റെ ചോദ്യം.

മന്ത്രി എന്ന സ്ഥാനം ദുരുപയോഗപ്പെടുത്തിയോ എന്നതാണ് കാര്യം. അലെങ്കില്‍ അയാളുടെ സ്വകാര്യതയില്‍ നമുക്കെന്ത് കാര്യമെന്ന് മനോരമയിലെ രാജീവ് മേനോന്‍ ചോദിക്കുന്നു.

ഇത് മാധ്യമപ്രവര്‍ത്തനമല്ല അമേധ്യപ്രവര്‍ത്തനമാണ് എന്നാണ് മനോരമ ന്യൂസിലെ പ്രമോദ് രാമന്‍ പ്രതികരിച്ചത്.