ആര്‍ക്കും പിന്തുണയില്ലെന്ന് രജനീകാന്ത്‌

Posted on: March 24, 2017 1:30 am | Last updated: March 23, 2017 at 11:53 pm

ചെന്നൈ: ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ തന്റെ പിന്തുണ ആര്‍ക്കുമില്ലെന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. ബി ജെ പി സ്ഥാനാര്‍ഥിയും സംഗീത സംവിധായകനുമായ ഗംഗൈ അമരന്‍ അദ്ദേഹത്തെ കഴിഞ്ഞ ദിവസം പിന്തുണ തേടി സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, താന്‍ ഉപ തിരഞ്ഞെടുപ്പില്‍ ആരെയും പിന്തുണക്കുന്നില്ലെന്ന് രജനീകാന്ത് ട്വിറ്ററിലൂടെ അറിയിച്ചത്.

തിരഞ്ഞെടുപ്പിനൊരുങ്ങുന്ന പിതാവിന് രജനീകാന്ത് വിജയാശംസകള്‍ നേര്‍ന്നതായി കഴിഞ്ഞ ദിവസം ഗംഗൈ അമരന്റെ മകന്‍ വെങ്കട് പ്രഭു ട്വീറ്റ് ചെയ്തിരുന്നു. രജനി- അമരന്‍ കൂടിക്കാഴ്ചയുടെ ചിത്രം സഹിതമായിരുന്നു ട്വീറ്റ്.
അതേസമയം, ഗംഗൈ അമരന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചത് പിന്തുണ തേടിയല്ലെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാന്‍ മാത്രമായിരുന്നുവെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷ തമിളിസൈ സൗന്ദര്‍രാജന്‍ പ്രതികരിച്ചു.
‘ഞങ്ങളെ സംബന്ധിച്ച് ബി ജെ പിയുടെ സൂപ്പര്‍ സ്റ്റാര്‍ നരേന്ദ്ര മോദിയും അമിത് ഷായുമാണ്’- അവര്‍ പറഞ്ഞു.