സ്വകാര്യ കമ്പനികള്‍ പ്രതിദിനം ഊറ്റുന്നത് 14 ലക്ഷം ലിറ്റര്‍ വെള്ളം

>>പാലക്കാട്ട് പന്ത്രണ്ട് കുപ്പിവെള്ള കമ്പനികള്‍ *** >>കണക്കില്ലാതെ വ്യാജ കമ്പനികള്‍ >ഏറ്റവും കൂടുതല്‍ എറണാകുളത്ത്‌
Posted on: March 17, 2017 10:28 am | Last updated: March 17, 2017 at 7:08 pm

കണ്ണൂര്‍: സംസ്ഥാനത്ത് കുപ്പിവെള്ളം വിതരണം ചെയ്യുന്നതിനായി സ്വകാര്യ കമ്പനികള്‍ സര്‍ക്കാര്‍ അനുമതിയോടെ പ്രതിദിനം ഊറ്റിയെടുക്കുന്നത് പതിനാല് ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലം. സംസ്ഥാന ഭൂഗര്‍ഭജല അതോറിറ്റിയുടെ അനുമതിയോടെ മാത്രം സംസ്ഥാനത്തെ 102 ഇടങ്ങളില്‍ നിന്നായാണ് 115 കമ്പനികള്‍ നിത്യേന ലക്ഷക്കണക്കിന് ലിറ്റര്‍ ജലം ഊറ്റിയെടുക്കുന്നത്. സര്‍ക്കാര്‍ കണക്ക് പ്രകാരം 13,47,000 ലിറ്ററിലധികം ജലമാണ് നിത്യേന കുപ്പിവെള്ളത്തിനായി ശേഖരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഭൂഗര്‍ഭജല ശോഷണം അനുഭവപ്പെടുന്ന പാലക്കാട്, കാസര്‍കോട് ജില്ലകളിലടക്കം സര്‍ക്കാര്‍ അനുമതിയോടെ നിരവധി കുപ്പിവെള്ള കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
ആലപ്പുഴ, വയനാട് ജില്ലകളൊഴിച്ച് മറ്റെല്ലാ ജില്ലകളില്‍ നിന്നും കുപ്പിവെള്ളത്തിനായി വലിയ അളവിലാണ് സ്വകാര്യ കമ്പനികള്‍ ജലശേഖരണം നടത്തുന്നത്. എറണാകുളം ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം ജലം കുപ്പിവെള്ള വിപണിയിലേക്കായി ഒഴുകുന്നത്. ജില്ലയിലെ 22 ഇടങ്ങളില്‍ നിന്നായി ഭൂജല വകുപ്പിന്റെ ഏറ്റവും പുതിയ കണക്കു പ്രകാരം 3,52,000 ലിറ്റര്‍ ജലമാണ് നിത്യേന കുപ്പിവെള്ളമായി പരിണമിക്കുന്നത്. എറണാകുളം ജില്ലയിലെ നഗരപരിസരത്ത് നിന്നുള്‍പ്പെടെ ഇത്തരത്തില്‍ കമ്പനികള്‍ വെള്ളം ശേഖരിക്കുന്നുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനികളും ഇവിടെ നിരവധിയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അംഗീകാരവും ഐ എസ് ഐ മുദ്രയുമില്ലാത്ത വ്യാജ കമ്പനികളുടെ എണ്ണം ഇവിടെ ഏറെയാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

എറണാകുളത്തിനു പിറകെ പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് കുപ്പിവെള്ള കമ്പനികള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നത്. പത്തനംതിട്ടയില്‍ പന്ത്രണ്ടും പാലക്കാട് പതിനൊന്നും സ്വകാര്യ കുപ്പിവെള്ള കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. കണ്ണൂരില്‍ പത്തിടങ്ങളിലും കൊല്ലത്ത് ഒമ്പതിടങ്ങളിലുമായാണ് വെള്ളം ഊറ്റിയെടുക്കുന്നുത്. ഇടുക്കിയിലാണ് ഏറ്റവും കുറവ് ജലശേഖരണമെന്നും (14,000 ലിറ്റര്‍) ജല അതോറിറ്റിയുടെ കണക്കുകള്‍ പറയുന്നു.
ദിവസേന കേരളം കുപ്പിവെള്ളത്തിനായി ഏഴ് കോടിയോളം മുടക്കുന്നതായാണ് ഏകദേശ കണക്ക്. പ്രധാനമായും അര ലിറ്റര്‍, ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍ എന്നിങ്ങനെയാണ് സ്വകാര്യ കമ്പനികളുടെ കുപ്പിവെള്ള വില്‍പ്പന. കൂടാതെ ഓഫീസുകളിലും മറ്റും ഇരുപത് ലിറ്ററിന്റെ ജാറിലും വെള്ളമെത്തിക്കും. ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് ഏഴ് രൂപയോളമാണ് ശരാശരി നിര്‍മാണച്ചെലവ്. എന്നാല്‍, ഇത് ചില്ലറ വില്‍പ്പനശാലയിലെത്തുമ്പോള്‍ ഇരുപത് രൂപയാണ് വില. ഇത്തരത്തില്‍ വന്‍ലാഭം കുപ്പിവെള്ള വിപണിയിലുള്ളതിനാല്‍ നിരവധി കമ്പനികളാണ് ഓരോ വര്‍ഷവും മുളച്ചു പൊന്തുന്നത്.

അതേസമയം, അനുവദിക്കപ്പെട്ട അളവില്‍ നിന്ന് അധികം വെള്ളം കമ്പനികള്‍ ഊറ്റിയെടുക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധനകളൊന്നും നടക്കാറില്ല. സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന കുപ്പിവെള്ള കമ്പനികളുടെ എണ്ണവും നിരവധിയാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ നിലവില്‍ സര്‍ക്കാര്‍ കണക്കാക്കിയ അളവില്‍ നിന്ന് എത്രയോ അധികമായിരിക്കും സംസ്ഥാനത്തെ ജല ചൂഷണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. നദികള്‍, പാറമടകള്‍, തോട്, അണക്കെട്ട്, കുഴല്‍ക്കിണറുകള്‍ എന്നിവിടങ്ങളിലെ വെള്ളം ശുദ്ധീകരിക്കാതെപോലും വിതരണം ചെയ്യുന്ന വ്യാജ കമ്പനികളും നിരവധിയുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് കാസര്‍കോട് നിന്ന് ഇത്തരത്തില്‍ വില്‍ക്കാനെത്തിച്ച വ്യാജ കുപ്പിവെള്ളം പിടിച്ചെടുത്തിരുന്നു.
വ്യാജ കമ്പനികള്‍ അണുനശീകരണ പ്രവര്‍ത്തനങ്ങളൊന്നും നടത്താതെയാണ് വെള്ളം കുപ്പിയില്‍ നിറയ്ക്കുക. അസിഡിറ്റി കൂടുതല്‍, പിഎച്ച് മൂല്യം കുറവ്, നൈട്രേറ്റ്, ബാക്ടീരിയ എന്നീ പ്രശ്‌നങ്ങളാണ് വ്യാജന്മാരുടെ വെള്ളത്തില്‍ പൊതുവെ ഉണ്ടാകുന്നതെന്ന് അധികൃതര്‍ പറയുന്നു. കുപ്പിവെള്ളത്തിലെ വ്യാജവില്‍പ്പന കൂടുതല്‍ റെയില്‍വേ സ്റ്റേഷനുകളും ബസ് സ്റ്റാന്‍ഡുകളും കേന്ദ്രീകരിച്ചാണ്. ചെറുകുപ്പികളേക്കാള്‍ ജാറുകളിലുള്ള വെള്ളത്തിലാണ് വ്യാജന്മാര്‍ ഏറെയുള്ളത്.
ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനാ ചുമതലയെങ്കിലും വകുപ്പിലെ ജീവനക്കാരുടെ കുറവും കാര്യക്ഷമതയില്ലായ്മയും കാരണം പേരിനുപോലും പലയിടത്തും പരിശോധനകള്‍ നടക്കാറില്ല.

പ്രതിദിന
ജലചൂഷണം*
എറണാകുളം – 3,52,000
പത്തനംതിട്ട – 83,000
പാലക്കാട് – 1,76,500
കണ്ണൂര്‍ – 1,47,000
കൊല്ലം – 1,11,500
മലപ്പുറം – 57,000
തൃശൂര്‍ – 19,200
തിരുവനന്തപുരം – 76,000
കാസര്‍കോട് – 50,000
കോഴിക്കോട് – 26,000
കോട്ടയം – 62,000
ഇടുക്കി – 14,000

* കണക്ക് ലിറ്ററില്‍