തീവ്രഹിന്ദുത്വ ഭീഷണിയും മതനിരപേക്ഷതയുടെ പ്രസക്തിയും

യു പി തിരഞ്ഞെടുപ്പ് ഫലങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന കാര്യം എസ്പി, ബി എസ് പി കക്ഷികള്‍ കൈകാര്യം ചെയ്ത ജാതിസ്വത്വ രാഷ്ട്രീയത്തിന്റെ നിര്‍ഭാഗ്യകരമായ പതനവും ഹിന്ദുത്വത്തിലേക്കുള്ള അതിന്റെ പരിണാമവുമാണ്. ബി എസ് പിക്കും എസ് പിക്കുമെല്ലാം പരമ്പരാഗതമായി വോട്ടുചെയ്തുപോന്ന യാദവ-ദളിത് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ അമിത്ഷായുടെ 'സോഷ്യല്‍ എന്‍ജിനീയറിംഗി'ന് കഴിഞ്ഞിരിക്കുന്നു. മതനിരപേക്ഷ ജനാധിപത്യ നിലപാടുകളില്‍ നിന്ന് ബി ജെ പിയെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല എന്നുള്ളതാണ് കോണ്‍ഗ്രസ്- എസ് പി- ബി എസ് പി കക്ഷികള്‍ക്കുണ്ടായ തിരിച്ചടിക്ക് കാരണം.
Posted on: March 17, 2017 6:04 am | Last updated: March 16, 2017 at 11:02 pm

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, യു പിയിലും ഉത്തരാഖണ്ഡിലും ബി ജെ പി നേടിയ വിജയത്തെ തുടര്‍ന്ന് മുഖ്യധാര മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരുമെല്ലാം ഇന്ത്യയുടെ ഹൃദയഭൂമിയില്‍ ‘മോദീസ്വാധീനം’ ആഞ്ഞുവീശുകയാണെന്ന വ്യാപകമായ പ്രചാരണങ്ങളിലാണ്. പഞ്ചാബിലും ഗോവയിലും ബി ജെ പിക്ക് നേരിട്ട തിരിച്ചടികളെക്കുറിച്ച് അവര്‍ നിശ്ശബ്ദരാണ്. മണിപ്പൂരില്‍ 60 അംഗ നിയമസഭയില്‍ 28 അംഗങ്ങളുള്ള ബി ജെ പി ജനാധിപത്യത്തിന്റെ എല്ലാ കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ചുകൊണ്ട് എം എല്‍ എമാരെ വിലക്കെടുത്താണ് അധികാരം കൈയടക്കിയിരിക്കുന്നത്. ഗോവയില്‍ 13 സീറ്റ് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. എന്നിട്ടും പരീക്കറെ രംഗത്തിറക്കി അട്ടിമറിയിലൂടെ അധികാരം കൈയടക്കിയുള്ള കുത്സിത നീക്കമാണ് നടത്തിയത്.
ഗോവയിലും മണിപ്പൂരിലുമെല്ലാം അരങ്ങേറിയ അട്ടിമറി നീക്കങ്ങളെ നിരീക്ഷിച്ചുകൊണ്ട് സുപ്രീം കോടതി ചോദിച്ചത് ഈ രാഷ്ട്രീയ പ്രതിസന്ധിയെ രാഷ്ട്രീയമായി നേരിടാന്‍ എന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിയുന്നില്ല എന്നാണ്. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ കോണ്‍ഗ്രസിന്റെ ദുര്‍ബലവും രാഷ്ട്രീയ ഇച്ഛാശക്തിയും നഷ്ടപ്പെട്ട സാഹചര്യത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടു കൂടിയാണ് ഗോവയിലും മണിപ്പൂരിലുമൊക്കെ അധികാരം പിടിച്ചെടുത്തിരിക്കുന്നത്. ഗോവയിലും മണിപ്പൂരിലും കുതിരക്കച്ചവടത്തിലൂടെ ഭരണം കൈയടക്കാനുള്ള നീക്കമാണ് ബി ജെ പി നടത്തിയത്. അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.

സംഘ്പരിവാറിന്റെ അധികാരാരോഹണവും അതിന് വളര്‍ന്നുവരാന്‍ കഴിയുന്നതും കോണ്‍ഗ്രസ് സൃഷ്ടിച്ച അഴിമതിഗ്രസ്തമായ സാഹചര്യത്തെക്കൂടി ഉപയോഗപ്പെടുത്തിക്കൊണ്ടാണ്. അഖിലേഷ് യാദവും രാഹുല്‍ഗാന്ധിയും ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് സഖ്യം നവതരംഗമാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ബി ജെ പിയെ ശക്തമായി പ്രതിരോധിക്കാന്‍ മായാവതിയുടെ ബി എസ് പിക്ക് കഴിയുമെന്ന് പലരും പ്രത്യാശപുലര്‍ത്തിയിരുന്നു.
യു പി തിരഞ്ഞെടുപ്പ് ഫലങ്ങളെ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന കാര്യം എസ്പി, ബി എസ് പി കക്ഷികള്‍ കൈകാര്യം ചെയ്ത ജാതിസ്വത്വ രാഷ്ട്രീയത്തിന്റെ നിര്‍ഭാഗ്യകരമായ പതനവും ഹിന്ദുത്വത്തിലേക്കുള്ള അതിന്റെ പരിണാമവുമാണ്. ബി എസ് പിക്കും എസ് പിക്കുമെല്ലാം പരമ്പരാഗതമായി വോട്ടുചെയ്തുപോന്ന യാദവ-ദളിത് വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ അമിത്ഷായുടെ ‘സോഷ്യല്‍ എന്‍ജിനീയറിംഗി’ന് കഴിഞ്ഞുവെന്നതാണ്.
മതനിരപേക്ഷ ജനാധിപത്യ നിലപാടുകളില്‍ നിന്ന് ബി ജെ പിയെ പ്രതിരോധിക്കാനും കഴിഞ്ഞില്ല എന്നുള്ളതാണ് കോണ്‍ഗ്രസ്- എസ് പി- ബി എസ് പി കക്ഷികള്‍ക്കുണ്ടായ തിരിച്ചടികള്‍ക്ക് കാരണമെന്നാണ് സത്യസന്ധമായ വിശകലനങ്ങളെല്ലാം കാണിക്കുന്നത്.
മതനിരപേക്ഷ ജനാധിപത്യധാരയിലേക്ക് വരേണ്ട ന്യൂനപക്ഷ-പിന്നാക്ക-ദളിത് ജനസമൂഹങ്ങളെ ഹിന്ദുത്വതന്ത്രത്തിലേക്ക് ഉദ്ഗ്രഥിച്ചെടുക്കുന്ന സംഘ്പരിവാര്‍ പദ്ധതികളെ തുറന്നുകാണിക്കാനും മതനിരപേക്ഷ നിലപാടുകളില്‍ നിന്ന് ബി ജെ പിയുടെ വികസന അജന്‍ഡകളും നോട്ടുനിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാക്കിയ ആഘാതങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും എസ് പിയും ബി എസ് പിയും ശ്രമിച്ചതുമില്ല.
മതനിരപേക്ഷ ജനാധിപത്യശക്തികളുടെ ഐക്യമില്ലായ്മയാണ് ബി ജെ പിയുടെ വിജയത്തിന് കാരണമായത്. മാധ്യമങ്ങളും ബൂര്‍ഷ്വാരാഷ്ട്രീയ നിരീക്ഷകരും പ്രചരിപ്പിക്കുന്നതുപോലെ ഇന്ത്യയുടെ ഹൃദയഭൂമിയില്‍ വലിയ മുന്നേറ്റമൊന്നും ബി ജെ പി ഉണ്ടാക്കിയിട്ടില്ല. 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കും എന്‍ ഡി എ കക്ഷികള്‍ക്കും കൂടി യു പിയില്‍ കിട്ടിയ വോട്ട് 43.6 ശതമാനം ആയിരുന്നു. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് കിട്ടിയത് 41.4 ശതമാനം വോട്ടുകള്‍ മാത്രമാണ്. അതിനര്‍ഥം ഭരണവിരുദ്ധ വികാരവും മതനിരപേക്ഷ ശക്തികളുടെ അ
നൈക്യവും ബി ജെ പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചുവെന്നാണ്.

മുലായംസിംഗ് യാദവിന്റെയും ലാലു പ്രസാദ് യാദവിന്റെയുമൊക്കെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന സാമൂഹിക നീതി പ്രസ്ഥാനങ്ങളാണ് നേരത്തെ കോണ്‍ഗ്രസിനും ബി ജെ പിക്കും ബദല്‍ ശക്തിയായി മാറിയത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും അതുണ്ടാക്കിയ മേല്‍ജാതി കീഴ്ജാതി ധ്രുവീകരണവും പിന്നാക്ക ദളിത് രാഷ്ട്രീയത്തിന് കരുത്തുപകര്‍ന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരായി ദളിത് ആദിവാസി പിന്നാക്ക ന്യൂനപക്ഷ ഐക്യം എന്ന സ്വത്വവാദരാഷ്ട്രീയത്തിന് ഇത് വളക്കൂറുള്ള മണ്ണൊരുക്കുകയും ചെയ്തു.
ഈയൊരു സാഹചര്യത്തിലാണ് കാന്‍ഷിറാമിന്റെ പിന്നാക്ക-ദളിത് വിഭാഗങ്ങളുടേതായ ബഹുജന രാഷ്ട്രീയം വളര്‍ന്നുവന്നത്. ബാബ്‌രി മസ്ജിദ് പ്രശ്‌നവും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ദളിത്-പിന്നാക്ക-ന്യൂനപക്ഷ രാഷ്ട്രീയവുമാണ് സംഘ്പരിവാറിനെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്ന് പലരും കരുതി. ഹിന്ദുത്വ വര്‍ഗീയതയും ആഗോളവത്കരണ നയങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, അവയുടെ പാരസ്പര്യം എന്താണെന്ന കാര്യത്തെക്കുറിച്ച് ഇത്തരക്കാര്‍ കുറ്റകരമായ മൗനം പാലിക്കുകയായിയിരുന്നു.
1990-കളിലാരംഭിച്ച ആഗോളവത്കരണ നയങ്ങള്‍ മുലായം, ലാലുപ്രസാദ്, മായാവതി തുടങ്ങിയ പിന്നാക്ക രാഷ്ട്രീയത്തിന്റെയും സാമൂഹിക നീതി പ്രസ്ഥാനത്തിന്റെയും ചാമ്പ്യന്മാരെ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ആലയില്‍കൊണ്ടുപോയി കെട്ടിയിടുന്നതിലേക്ക് എത്തിച്ചു. ആഗോളവത്കരണം സൃഷ്ടിച്ച സൗകര്യങ്ങളും സൗജന്യങ്ങളും തങ്ങള്‍ക്കുംകൂടി നേടിയെടുക്കാനാവുമെന്ന മോഹം സാമൂഹിക നീതി ഉള്‍പ്പെടെയുള്ള എല്ലാ ആദര്‍ശങ്ങളും ഉപേക്ഷിക്കുന്നതിലേക്കാണ് ഈ പിന്നാക്ക-ദളിത് രാഷ്ട്രീയ നേതൃത്വങ്ങളെ എത്തിച്ചത്.
ഈയൊരു സാഹചര്യത്തില്‍ ന്യൂനപക്ഷ-പിന്നാക്ക-ദളിത് ഐക്യം ഹിന്ദുത്വത്തിനുനേരെ ഉയര്‍ത്തുന്ന വെല്ലുവിളിയെ മറികടക്കാന്‍ ആര്‍ എസ് എസ് ആസൂത്രിതമായ പരിപാടികള്‍ ആവിഷ്‌കരിച്ചു. നവലിബറല്‍ നയങ്ങളുടെ ചുവടുപിടിച്ച് ജാതിസ്വത്വത്തെയും ഹിന്ദുത്വത്തിലേക്ക് വിലയിപ്പിച്ചെടുക്കാന്‍ ഗോവിന്ദാചാര്യയെയും ഉമാഭാരതിയെയും എല്ലാം മുന്‍നിര്‍ത്തി സംഘ്പരിവാര്‍ തന്ത്രങ്ങളാവിഷ്‌കരിച്ചെടുത്തു. പിന്നാക്ക-ദളിത് സമൂഹങ്ങളില്‍ വളര്‍ന്നുവന്ന പുതിയ സമ്പന്നവിഭാഗങ്ങളെയും മധ്യവര്‍ഗങ്ങളെയും അടിസ്ഥാനമാക്കിയുള്ള സോഷ്യല്‍ എഞ്ചിനീയറിംഗ്. കോര്‍പ്പറേറ്റ് മൂലധനത്തിന്റെയും മോദി-അമിത്ഷാ കൂട്ടുകെട്ടിന്റെയും ആസൂത്രണത്തില്‍ നടന്ന ജാതി സാമൂഹിക എന്‍ജിനീയറിംഗ് വഴിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെ പി അധികാരം പിടിക്കുന്നത്. ആ തന്ത്രമാണ് ഇപ്പോഴത്തെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമര്‍ഥമായി പരീക്ഷിക്കപ്പെട്ടത്.