സല്‍മാന്‍ രാജാവ് ചൈനയില്‍

Posted on: March 16, 2017 11:22 pm | Last updated: May 5, 2017 at 11:30 am
ബീജിംഗില്‍ സഊദി രാജാവിന് നല്‍കിയ സ്വീകരണം

ദമ്മാം: ഒരു മാസം നീണ്ടു നില്‍ക്കുന്ന ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി സഊദി രാജാവ് ബുധനാഴ്ച അഞ്ചാമത്തെ കേന്ദ്രമായ ചൈനയിലെത്തി. ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് ചൈനയില്‍ എത്തുന്നത്. ബീജിംഗ് എയര്‍പോര്‍ട്ടില്‍ കൗണ്‍സിലര്‍ യംഗ് ജീചി സ്വീകരിച്ചു. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്തും. സംസ്‌കാരം, സാമ്പത്തികം, വാണിജ്യം, സാങ്കേതികം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളില്‍ ഇരു രാജ്യങ്ങളുമായി ഉണ്ടാകേണ്ട ധാരണകള്‍ ചര്‍ച്ചക്ക് വരും.

വിദ്യാഭ്യാസം, നിക്ഷേപം, സാങ്കേതിക കൊടുക്കല്‍ വാങ്ങലുകള്‍, വാണിജ്യ വ്യവസായം തുടങ്ങിയ മേഖലകളില്‍ വിവിധ കരാറുകള്‍ ഒപ്പു വെക്കും. കടല്‍ കര മാര്‍ഗങ്ങളിലൂടെ പ്രാചീന സില്‍ക് റോഡ് കച്ചവട പാതയോട് ചേര്‍ന്ന് ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് രാജ്യങ്ങളിലേക്കുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് 2013ല്‍ ചൈന മുന്നോട്ട് വെച്ച ബെല്‍റ്റ് റോഡ് നിര്‍ദ്ദേശത്തെ പിന്തുണക്കുന്ന ആദ്യ രാജ്യം കൂടിയാണ് സഊദി അറേബ്യ.