പ്രഥമ അന്താരാഷ്ട്ര സ്‌കൂള്‍ ലൈബ്രറേറിയന്‍ അവാര്‍ഡ് വിതരണം ചെയ്തു

Posted on: March 10, 2017 8:48 pm | Last updated: March 10, 2017 at 8:29 pm
പ്രഥമ അന്താരാഷ്ട്ര സ്‌കൂള്‍ ലൈബ്രറേറിയന്‍ അവാര്‍ഡ് പട്ടികയില്‍ ഇടം നേടിയ മലയാളിയായ രഘുനാഥിന് പ്രശംസാപത്രം സമ്മാനിച്ചപ്പോള്‍

ദുബൈ: എമിറേറ്റ്‌സ്എയര്‍ലൈന്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സിലും എമിറേറ്റ്‌സ് ലിറ്ററേച്ചര്‍ ഫൗണ്ടേഷനും സംയുക്തമായി ഏര്‍പെടുത്തിയ പ്രഥമ അന്താരാഷ്ട്ര സ്‌കൂള്‍ ലൈബ്രേറിയന്‍ അവാര്‍ഡ് വിതരണം ചെയ്തു. വിദ്യാര്‍ഥികളില്‍ വായനയെ പ്രോത്സാഹിക്കുന്നതോടൊപ്പം നവ കാലക്രമത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിന് ബൗദ്ധികമായി അവരെ വളര്‍ത്തിയെടുക്കുന്നതിനായി സ്‌കൂള്‍ തലത്തില്‍ നടത്തിയ ക്രിയാത്മക പ്രവര്‍ത്തനങ്ങളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. അബുദാബി ജെംസ് വേള്‍ഡ് അക്കാഡമിയിലെ ഷൈല സൈലറാണ് പുരസ്‌കാര ജേതാവ്.

മലയാളിയും ദുബൈ വെസ്റ്റ്മിനിസ്റ്റര്‍ സ്‌കൂള്‍ ലൈബ്രേറിയനും ദുബൈ ജെംസ് ഗ്രൂപ്പ് ലൈബ്രറി നെറ്റ്‌വര്‍ക് സാരഥിയുമായ രഘുനാഥ് അവസാന പട്ടികയില്‍ ഇടംനേടിയിരുന്നു. സ്‌കൂള്‍ തലത്തില്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കുട്ടികളുടെ പഠന വിഷയങ്ങളുമായി ബന്ധപ്പെട്ട നാനാവിധ അറിവുകള്‍ നല്‍കുന്നതിന് വിവിധ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു രഘുനാഥന്‍ നടപ്പില്‍ വരുത്തിയിരുന്നു. നെതര്‍ലാന്‍ഡിലും ഷാര്‍ജ പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ലൈബ്രേറിയന്‍ സമ്മേളനത്തിലും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു രാഘുനാഥന്‍ ശ്രദ്ധേയനായിരുന്നു. പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന്‍ കൂടിയാണ് ഇദ്ദേഹം. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ രഘു 10 വര്‍ഷമായി ജെംസ് ഗ്രൂപ്പില്‍ ജോലിചെയ്യുന്നുണ്ട്. നൂറ് പേരടങ്ങുന്ന നാമ നിര്‍ദേശപ്പട്ടികയില്‍ നിന്നാണ് ഏഴ് പേരുടെ അവസാന പട്ടിക തയാറാക്കിയത്.

അവാര്‍ഡ്ദാനച്ചടങ്ങില്‍ ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്വീഫ ബിന്‍ത് റാശിദ് അല്‍ മക്തൂം, ദുബൈ കള്‍ചര്‍ ആക്റ്റിംഗ് ഡയറക്ടര്‍ ജനറല്‍ സഈദ് അല്‍ നബൂദ എന്നിവര്‍ സന്നിഹിതരായിരുന്നു. ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല അബ്ദുര്‍റഹ്മാന്‍ അല്‍ ശൈബാനി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.