നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ട് പോയി

Posted on: March 10, 2017 12:06 am | Last updated: March 10, 2017 at 12:06 am

കോഴഞ്ചേരി (പത്തനംതിട്ട): നാല് ദിവസം പ്രായമുളള ആണ്‍കുഞ്ഞിനെ ജില്ലാ ആശുപത്രിയില്‍ നിന്ന് പരിചയം നടിച്ചെത്തിയ യുവതി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച രാവിലെ 11.10 ഓടെ പത്തനംതിട്ട കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. റാന്നി മാടത്തുംപടി കാവുംമൂലയില്‍ സജി- അനിത ദമ്പതികളുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഞയറാഴ്ച രാവിലെ 8.30നാണ് അനിത ആണ്‍കുട്ടിയെ പ്രസവിച്ചത്.

അനിതയുടെ മാതാവും സജിയുമാണ് ആശുപത്രിയില്‍ കുഞ്ഞുമായുണ്ടായിരുന്നത്. തുണി കഴുകുന്ന ആവശ്യത്തിനായി അനിതയുടെ മാതാവ് പുറത്തേക്ക് പോയപ്പോള്‍ കുഞ്ഞിനെ സജിയെ ഏല്‍പ്പിച്ചു. പ്രസവ വാര്‍ഡില്‍ ഡോക്ടറെ കാത്ത് സജി ഇരിക്കുമ്പോള്‍ കുട്ടിയെ പാല്‍ കൊടുക്കാന്‍ കൊണ്ടുപോകാനായി ഏകദേശം മുപ്പത് വയസ്സ് തോന്നിക്കുന്ന സ്ത്രീ വന്നു. ഇവര്‍ കുഞ്ഞിനെ വാങ്ങി അകത്തേക്ക് പോയി. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വെച്ച് കണ്ട് ഇവരെ പരിചയപ്പെട്ടിരുന്നു. ഈ സ്ത്രീ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരിയെന്നാണ് പരിചയപ്പെടുത്തിയത്. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ നഴ്സ് വന്ന കുട്ടി എവിടെയെന്ന് ചോദിച്ചപ്പോഴാണ് കുഞ്ഞിനെ നഷ്ടപ്പെട്ട വിവരം അറിയുന്നത്.
സി സി ടി വി പരിശോധനയില്‍ കുഞ്ഞുമായി സത്രീ പോകുന്നതായി വ്യക്തമായി.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പത്തനംതിട്ട ഡിഎംയോട് ആരോഗ്യമന്ത്രി പി കെ ശൈലജ അടിയന്തിര റിപ്പോര്‍ട്ട് തേടി. ആശുപത്രിയിലെ സരുക്ഷാവീഴ്ചയും അന്വേഷിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി ജി പിയോട് മുഖ്യമന്ത്രിയും നിര്‍ദേശം നല്‍കിയതായി എം എല്‍ എ വീണ ജോര്‍ജ് അറിയിച്ചു.