Kerala
ഷാര്‍ജയില്‍ ശമ്പളമില്ലാതെ വലഞ്ഞ ആന്‍ നദിയ കന്റോണ്‍മെന്റ് ഹൗസില്‍ കാണാന്‍ എത്തി: രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലിട്ട കുറിപ്പ് വായിക്കാം…
കന്റോണ്‍മെന്റ് ഹൗസില്‍ ഇന്ന് ഒരു അതിഥി എന്നെ കാണാന്‍ എത്തി. ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് പറന്ന് ഇറങ്ങിയ ആന്‍ നദിയ ആയിരുന്നു അതിഥി. ഷാര്‍ജയില്‍ ഒരു റെസ്‌റ്റോറന്റില്‍ ഏഴുമാസമായി ശമ്പളമില്ലാതെ വലഞ്ഞ രണ്ട് പെണ്‍കുട്ടികളുടെ കാര്യം ഞാന്‍ നേരത്തേ സൂചിപ്പിച്ചിരുന്നല്ലോ, അവിടെ കുടുങ്ങിയ ആന്‍ നദിയയുടെ ഫേസ്ബുക് പേജില്‍ നിന്നാണ് വിവരമറിഞ്ഞത്. അന്ന് തന്നെ (ഫെബ്രുവരി 24 ) ഞാന്‍ അവരെ വിളിച്ചു എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു. ഇവരുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് കത്തെഴുതിയതിനൊപ്പം ഒഐസിസി പ്രസിഡന്റ മഹാദേവനെ ബന്ധപ്പെടുത്തുകയും ചെയ്തു. ഇതോടെ മുടങ്ങിയ ഏഴുമാസത്തെ ശമ്പളം റെസ്‌റ്റോറന്റ് ഉടമ നല്‍കി.
ആത്മഹത്യയുടെ മുനമ്പില്‍ നിന്നും സമാധാനത്തിന്റെ താഴ്‌വരയില്‍ ഇറങ്ങിയ സന്തോഷം പെണ്‍കുട്ടിയുടെ മുഖത്തുണ്ടായിരുന്നു. കോഴിക്കോട് ഇറങ്ങിയ അശ്വനിയെ ആന്‍ ഫോണില്‍ വിളിച്ചുനല്‍കി. ആ കുട്ടിയുമായും സംസാരിച്ചു.
പ്രവാസികള്‍ അനുഭവിക്കുന്ന കഷ്ടപ്പാട് ചില്ലറയല്ല. ചോര നീരാക്കി പണിയെടുക്കുമ്പോള്‍ ശമ്പളം കിട്ടാതെ വരുന്നതും കമ്പനികള്‍ പൂട്ടിപോകുന്നതും തൊഴില്‍ നഷ്ടമാകുന്നതും പല കുടുംബങ്ങളുടെയും മുന്നില്‍ വലിയ ചോദ്യചിഹ്നമാണ്. ഈ രണ്ട് കുട്ടികളും പ്രതിസന്ധിയില്‍ നിന്നും കരകയറി എത്തിയപ്പോള്‍ സന്തോഷവും ആശ്വാസവും തോന്നുന്നു. വനിതാ ദിനത്തിലെ സന്തോഷ വാര്‍ത്തയാണ് ഇവരുടെ വരവ്.