Connect with us

Gulf

നൂറു വിമാനങ്ങളുമായി ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസിന് ഖത്വര്‍ എയര്‍വേയ്‌സ്

Published

|

Last Updated

പുതുതായി അവതരിപ്പിച്ച ഖത്വർ എയർവേയ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് കാബിൻ

ദോഹ: ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാന്‍ തയാറെടുക്കുകയാണെന്ന് ഖത്വര്‍ എയര്‍വേയസ്. 100 നാരോ ബോഡി വിമാനങ്ങളുമായി രാജ്യത്തെ എല്ലാ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ആഭ്യന്തര സര്‍വീസാണ് ലക്ഷ്യം വെക്കുന്നത്. തങ്ങളുടെ അടുത്ത ഊഴം ഇന്ത്യയാണെന്ന് ഖത്വര്‍ എയര്‍വേയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ വ്യക്തമാക്കി. ബെര്‍ലിനില്‍ നടക്കുന്ന ഐ ടി ബി ട്രാവല്‍ ഫെയറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യയില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതിനോ ഏതെങ്കിലും വിമാന കമ്പനിയില്‍ നിക്ഷേപം നടത്തുന്നതിനോ കേന്ദ്രം ഖത്വര്‍ എയര്‍വേയ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ വൈമാനിക മേഖലയില്‍ വിദേശ നിക്ഷേപാവസരം അനുവദിക്കുന്ന പുതിയ നയമാണ് ഖത്വര്‍ എയര്‍വേയ്‌സിനു സഹായകമാകുന്നത്. രാജ്യത്തെ സ്വാകാര്യ വിമാനത്തില്‍ നിക്ഷേപമിറക്കുന്നതിനായി ശ്രമം നടത്തി വരികയായിരുന്നു ഖത്വര്‍. അടുത്ത പദ്ധതി ഏതെന്ന ചോദ്യത്തിനാണ് ഇന്ത്യയിലാണ് അടുത്ത ലക്ഷ്യമെന്ന് അക്ബര്‍ അല്‍ ബാകിര്‍ വ്യക്തമാക്കിയത്. ഇറ്റാലിയിന്‍ വിമനമായ മെറിഡിയാനയില്‍ ഓഹരിയെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യയില്‍ വിമാന കമ്പനി തുടങ്ങുന്ന നടപടികള്‍ ആരംഭിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ജൂണിലാണ് വിദേശ വിമാന കമ്പനികള്‍ക്ക് ഇന്ത്യയിലെ വ്യോമയായാന രംഗത്ത് നിക്ഷേപം നടത്തുന്നതിന് അനുമതി നല്‍കിയത്. നിലവിലെ നിയമം അനുസരിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിമാനങ്ങളില്‍ ഓഹരിയെടുക്കുകയാണെങ്കില്‍ പരമാവധി 49 ശതമാനമേ സ്വന്തമാക്കാനാകൂ. എന്നാല്‍ നൂറു ശതമാനം ഉടമസ്ഥതയില്‍ പുതിയ കമ്പനി തുടങ്ങാനാകും. രാജ്യത്തിന്റെ സോവറിംഗ് വെല്‍ത്ത് ഫണ്ട് ആയ ഖത്വര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയായിരിക്കും ഇന്ത്യയില്‍ നിക്ഷേപമിറക്കി വിമാന കമ്പനി തുടങ്ങുക. ഇതില്‍ ഖത്വര്‍ എയര്‍വേയ്‌സ് ഓഹരിയെടുക്കും. ഖത്വര്‍ എയര്‍വേയ്‌സുമായി കോഡ് ഷെയറിഗിലൂടെ ഇന്ത്യയിലെ എല്ലാ എയര്‍പോര്‍ട്ടുകളിലേക്കും ദോഹയില്‍ നിന്നും ഒരു ടിക്കറ്റില്‍ യാത്രാ സൗകര്യമൊരുക്കുകയും ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ നിന്ന് തിരിച്ച് ദോഹയിലേക്കും ലോകത്തെ വിവിധ രാജ്യങ്ങളിലേക്കും കണക്ഷന്‍ യാത്രാ സൗകര്യമൊരുക്കുകയാണ് ഖത്വര്‍ എയര്‍വേയ്‌സ് ലക്ഷ്യം.
ഇന്‍വെസ്റ്റ്‌മെന്റ്‌മെന്റ് അതോറ്റിയുമായി പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തിക്കുകയെന്നും വിമാന കമ്പനി നട ത്താന്‍ അതോറിറ്റി ഖത്വര്‍ എയര്‍വേയ്‌സിനെ ഉപയോഗിച്ചേക്കുമെന്നുമാണ് അക്ബര്‍ അല്‍ ബാകിര്‍ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, ഇന്ത്യന്‍ സ്വകാര്യ വിമാന കമ്പനികളില്‍ ഓഹരിയെടുക്കുന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ ഇല്ലെന്നും ഇന്തയിലെ രണ്ടു വിമാനങ്ങളുമായി കോഡ് ഷെയര്‍ ചെയ്യുന്ന ചര്‍ച്ചകളാണ് നടത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ഇന്‍ഡിഗോ എയര്‍വേയ്‌സുമായി ഓഹരിയെടുക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നതായി അക്ബര്‍ അല്‍ ബാകിര്‍ വെളിപ്പെടുത്തിയിരൂന്നു. എന്നാല്‍ ഈ നീക്കങ്ങള്‍ അടഞ്ഞ അധ്യായമാണെന്നാണ് ബാകിറിന്റെ സൂചന.
നിലവില്‍ മൂന്ന് ഇന്ത്യന്‍ വിമാനങ്ങളാലാണ് വിദേശനിക്ഷേപമുള്ളത്. ജെറ്റ് എയര്‍വേയ്‌സില്‍ ഇത്തിഹാദ് വിമാനത്തിന് 24 ശതമാനവും വിസ്താരയില്‍ സിംഗ്പ്പൂര്‍ എയര്‍ലൈന്‍സിന് 49 ശതമാനവും എയര്‍ ഏഷ്യ ഇന്ത്യയില്‍ എയര്‍ ഏഷ്യ ബെര്‍ഹാദിന് 49 ശതമാനവുമാണ് ഓഹരികള്‍.

---- facebook comment plugin here -----

Latest