Connect with us

Articles

അരാജക ജീവിതങ്ങള്‍ക്ക് ആരെ പ്രതിചേര്‍ക്കും?

Published

|

Last Updated

തിരയൊഴിഞ്ഞ നേരമില്ല സമുദ്രത്തിന് എന്നു പറഞ്ഞപോലെയാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ അവസ്ഥ. വിവാദങ്ങള്‍ വിട്ടൊഴിഞ്ഞ ഒരു കാലത്തെക്കുറിച്ചുചിന്തിക്കാന്‍ മലയാളിക്കാവുന്നില്ല. സമ്പൂര്‍ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ട സാക്ഷര സമൂഹമായതിനാലും അതേസമയം ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഏതെങ്കിലും മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടവരായതിനാലും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന ഏതു സംഭവങ്ങളോടും പ്രതികരിക്കുക എന്നതു നമ്മള്‍ മലയാളികളുടെ ഒരു നടപ്പുരീതിയാണ്. പണത്തിനോടുള്ള ആര്‍ത്തിയില്‍ നിന്നു ഉടലെടുക്കുന്ന അഴിമതിയുടെ കാര്യത്തിലാണ് കുറേകാലമായി മലയാളി പക്ഷം ചേര്‍ന്ന് തര്‍ക്കിക്കാറുള്ളത്.
അതിന്റെ തന്നെ വകഭേദമായി വരുന്ന പല തരത്തിലുമുള്ള മാഫിയകളുടെ പിടിയിലാണോ പ്രബുദ്ധകേരളം? പല കോണുകളില്‍ നിന്നും ഈയൊരു സന്ദേഹം ഉടലെടുത്തുകൊണ്ടിരിക്കുന്നു. അതില്‍ ഏറ്റവും ഒടുവില്‍ ഒരു പ്രമുഖ മലയാള സിനിമാ നടിക്ക് നേരിട്ട മര്‍ദനവും അവഹേളനവും മൂലം മലയാളിയുടെ സംസ്‌കാരവും സദാചാരവും എല്ലാം നിശിതമായി വിമര്‍ശിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഇരയാക്കപ്പെട്ട സ്ത്രീയും വേട്ടക്കാരനായി പ്രത്യക്ഷപ്പെട്ട പള്‍സര്‍ സുനിയെന്ന ഗുണ്ടയും സിനിമാ ഫീല്‍ഡുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരായതിനാല്‍ തൊഴിയത്രയും സിനിമകള്‍ക്കും സിനിമകളുണ്ടാക്കിയെന്നു പറയുന്ന ചില അരുതായ്മകളിലേക്കും തിരിച്ചു വെച്ചിരിക്കുകയാണ്.
മലയാള സിനിമകള്‍ കാണിക്കുന്ന പല സീനുകളും മദ്യം, മയക്കുമരുന്ന്, കൂലിത്തല്ല്, ലൈംഗികാരാജകത്വം മുതലായ സാമൂഹിക തിന്മകളിലേക്ക് മലയാളിയെ എളുപ്പത്തില്‍ കൂട്ടിക്കൊണ്ടുപോകുന്നു എന്നിടത്തേക്ക് വാദങ്ങള്‍ ചെന്നെത്തുന്നു. പല സിനിമകളിലും ഇത്തരം സീനുകളുടെ ആധിക്യം ഉണ്ടെന്നത് ശരി തന്നെ.

അതേസമയം, ഇത്തരം ആശയങ്ങള്‍ സിനിമാക്കാര്‍ ബോധപൂര്‍വം സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു എന്നു പറഞ്ഞുകൂടാ എന്നൊരു വാദമുണ്ട്. സിനിമകളുടെയൊക്കെ അവസാനം ക്ലൈമാക്‌സില്‍ സംഭവിക്കാറുള്ളത് നായകന്‍ പ്രതിനായകനായി വരുന്ന വില്ലന്മാരെ കൈകരുത്തുകൊണ്ട് അടിച്ചമര്‍ത്തി നീതിയുടെ പക്ഷത്തിന്റെ വിജയം ഉറപ്പാക്കലാണ് എന്നും ഇവര്‍ പറയുന്നു. ഏതായാലും സിനിമാ രംഗത്ത് നിന്നു പള്‍സര്‍ സുനിയെന്ന ഒരു ഗുണ്ട രംഗപ്രവേശം ചെയ്യുമ്പോള്‍ സിനിമക്കാരെയാകെ പ്രതിക്കൂട്ടിലാക്കുക, രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ഒരു കൊടി സുനി അവതരിക്കുമ്പോള്‍ രാഷ്ട്രീയക്കാരെ മാത്രം പഴിക്കുക, ഇതൊരു കുറ്റംചാര്‍ത്താനുള്ള എളുപ്പവഴിയായിരിക്കുന്നു മലയാളിക്ക്.
പക്ഷേ, പ്രശ്‌നങ്ങളുടെ മര്‍മം നാം ഇതുവരെയും തൊട്ടറിഞ്ഞിട്ടില്ലെന്നതാണ് സത്യം. സമൂഹത്തില്‍ ഏതു കാലത്തും സ്വാധീനം ചെലുത്താനാകുക അതാതു കാലത്ത് വളര്‍ച്ച പ്രാപിക്കുന്ന സാമ്പത്തിക ശക്തികളുടെ താത്പര്യമായിരിക്കും എന്നത് മാര്‍ക്‌സിന്റെ ഒരു കണ്ടെത്തലാണ്. ആഗോള മുതലാളിത്വം സ്‌പോണ്‍സര്‍ ചെയ്യുന്ന ജീവിതത്തിന്റെ ആഡംബരങ്ങളെ എങ്ങനെ എളുപ്പത്തില്‍ എത്തിപ്പിടിക്കാം എന്ന അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ എത്തിച്ചേരുന്ന ഒരു മാര്‍ഗമാണ് മാഫിയാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയെന്നത്. വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ പണം എന്ന രണ്ടക്ഷരത്തില്‍ തളച്ചിടപ്പെടാവുന്നതേയുള്ളൂ മാഫിയാ പ്രവര്‍ത്തനത്തിന്റെ സഞ്ചാര വഴിയെ.

അവിഹിത മാര്‍ഗത്തിലൂടെയുള്ള പണസമ്പാദനവും അത് നേടിയെടുത്താല്‍ സമൂഹത്തില്‍ ലഭിക്കുന്ന മാന്യപരിവേഷവും അഴിമതി മുതല്‍ ഗുണ്ടാവിളയാട്ടം വരെ പല രംഗത്തും സാധൂകരിക്കപ്പെടുന്നു.
ഈയൊരു വീക്ഷണത്തിലൂടെ നോക്കുമ്പോള്‍ സിനിമാ ഫീല്‍ഡില്‍ മാത്രം ഒതുങ്ങുന്നതല്ല ഗുണ്ടാ സംഘങ്ങളുടെയും മാഫിയകളുടെയും അഴിഞ്ഞാട്ടങ്ങള്‍. ഉന്നത രഷ്ട്രീയ നേതൃത്വങ്ങളിലും കോര്‍പറേറ്റ് ആള്‍ദൈവങ്ങളില്‍ വരെയും ഈ നീരാളിപ്പിടുത്തത്തിന്റെ വേരുകള്‍ കണ്ടെത്താം. നമ്മള്‍ അവകാശവാദങ്ങള്‍ എന്തൊക്കെ നിരത്തിയാലും ആഗോള മുതലാളിത്വം അതിന്റെ എല്ലാ സന്നാഹങ്ങളുമായി കയറിനിരങ്ങുന്ന ഒരു ലോകത്ത് നിന്നും ഇതൊന്നും പാടേ പിഴുതെറിയാനും സാധിക്കില്ലെന്ന് ഉറപ്പ്. പിന്നെ പ്രത്യക്ഷമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താതെ ലെജിസ്ലേറ്റീവും ജുഡീഷ്യറിയും ഒക്കെ അവരുടെ കടമകള്‍ നിര്‍വഹിക്കുമെങ്കില്‍ കുറ്റകൃത്യങ്ങളുടെ പെരുപ്പം കുറക്കാമെന്നു മാത്രം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നാം ആദ്യമായി ചെയ്യുന്നത് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ നമ്മുടെ സംഘം ഉണ്ടോ എന്ന അന്വേഷണമായിരിക്കും. ഉണ്ടെങ്കില്‍ തത്കാലം മൗനം അല്ലെങ്കില്‍ പൂര്‍ണമായ നിഷേധം എന്നൊരു തലത്തില്‍ നിലയുറപ്പിക്കുക എന്നതാണ് മലയാളി പഠിച്ചെടുത്തശീലം. ആ മനോഭാവം വെച്ചുപുലര്‍ത്തുന്നവരില്‍ ചിലരാണ് നമ്മുടെ അന്തിച്ചര്‍ച്ചകളില്‍ ചാനല്‍ സ്റ്റുഡിയോയിലിരുന്ന് അസംബന്ധങ്ങള്‍ വിളമ്പുന്നതും. ഒന്നു രണ്ടു ദിവസം ചര്‍ച്ചകള്‍ മാറിമാറി കേള്‍ക്കുമ്പോള്‍ ഒരു പക്ഷത്തും നിലയുറപ്പിക്കാതെ നിന്നിരുന്ന പലരും ഏതെങ്കിലുമൊരു പക്ഷം ചേരാന്‍ നിര്‍ബന്ധിതമാകും. അതോടെ പലരുടെയും നീതിബോധം തളരുകയും പക്ഷപാതിത്വം അരക്കിട്ടുറക്കുകയും ചെയ്യുന്നു. അപ്പോള്‍ എല്ലാ തരം അരാജക പ്രവണതകള്‍ക്കും ഓരോരുത്തരും പ്രതിചേര്‍ക്കുന്നത് തങ്ങളുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെയാകും. അതാണിപ്പോള്‍ സംഭവിക്കുന്നതും. അതുകൊണ്ടു തന്നെ ഏതു തരത്തിലുള്ള അക്രമവും അനീതിയും ആര്‍ക്കെതിരെയും എപ്പോള്‍ നടന്നാലും ഒരു ചെറിയ ശതമാനം പേരെങ്കിലും അതിനെ രഹസ്യമായിട്ടെങ്കിലും ന്യായീകരിക്കാന്‍ അണിയറയില്‍ ഉണ്ടാവും. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം ആണെങ്കില്‍ കൂടി സ്ത്രീപക്ഷത്തു നിന്നുതന്നെ അതിനെ സപ്പോര്‍ട്ട് ചെയ്യാന്‍ ചിലര്‍ നിര്‍ബന്ധിതരാകുന്നത് അതുകൊണ്ടാണ്. നടന്നതും നടക്കുന്നതും പൂര്‍ണമായും തെറ്റാണെന്ന് ബോധ്യമുള്ളവര്‍ക്കു കൂടി അത് തുറന്നു പറയാന്‍ കഴിയാതാകുക എന്നതിനര്‍ഥം പ്രത്യയശാസ്ത്ര അടിമത്തം ആ ജനതയെ വരിഞ്ഞുമുറുക്കുന്നു എന്നാണ്. പൊളിറ്റിക്കല്‍ അടിമത്തം മാത്രമല്ല ഇത്.

മതപരമായും സാംസ്‌കാരിക, സാമൂഹികപരമായും ഒക്കെ ഇത്തരം അനഭിലഷണീയ വിധേയത്വത്തിന് അടിപ്പെട്ടവരാണ് മലയാളികള്‍ എന്ന് കരുതേണ്ടിയിരിക്കുന്നു.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുമ്പോള്‍ പുരുഷമേധാവിത്വത്തെ നാം പ്രതിക്കൂട്ടില്‍ നിറുത്തും. എന്നാല്‍, കുടുംബിനികളടക്കമുള്ള നമ്മുടെ സ്ത്രീകള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന വഴിവിട്ട ലൈംഗിക അരാജകത്വം അടക്കമുള്ള കുറ്റ വാസനകള്‍ക്ക് നാം ആരെ പ്രതിക്കൂട്ടില്‍ നിര്‍ത്തും? അപ്പോള്‍ പ്രശ്‌നം പുരുഷന്റെ ഭോഗാസക്തിയോ സ്ത്രീയുടെ വഴിവിട്ട ലൈംഗിക തൃഷ്ണയോ ഒന്നുമല്ല. അധമ ചിന്തകള്‍ക്ക് വളര്‍ച്ച പ്രാപിക്കാന്‍ തരത്തിലുള്ള സാമൂഹിക, സാമ്പത്തികാന്തരീക്ഷം നമ്മുടെ ജീവിതാവസ്ഥകളെ സ്വാധീനിക്കുന്നു എന്നത് തള്ളിക്കളയാനാകില്ല.
ലോകം മൊത്തത്തില്‍ ഒരാഗോള വിപണിയായി മാറിക്കൊണ്ടിരിക്കുന്ന നവ ഉദാരവത്കരണത്തിന്റെ കടന്നുകയറ്റത്തില്‍ പല പരമ്പരാഗത മൂല്യസങ്കല്‍പങ്ങളും തകരാതെ തരമില്ല. അതിന്റെ പ്രതിഫലനം തന്നെയാണ് ആധുനികാനന്തര നവമലയാളി സമൂഹത്തെയും പിടികൂടിയിരിക്കുന്നത്. കൂടുതല്‍ വികസിതമാവല്‍ ലക്ഷ്യമാക്കി നമ്മള്‍ പടുത്തുയര്‍ത്തുന്ന അതിവികസനവാദവും ജീവിതത്തിനുള്ള ചിട്ടവട്ടങ്ങളുടെ അതിര്‍വരമ്പുകള്‍ മായ്ച്ചുകളയാനുള്ള വ്യഗ്രതയും മലയാളിയുടെ ജീവിതം കൂടുതല്‍ അരാജകവത്കരിക്കപ്പെടാന്‍ കാരണമായിട്ടുണ്ട്. അതുകൊണ്ട് കേരളത്തെ അപ്പാടെ ഗ്രസിച്ചുകഴിഞ്ഞ അരാജകാവസ്ഥക്ക് മാറിയ മലയാളി പ്രതിചേര്‍ക്കേണ്ടത് അരാഷ്ട്രീയവത്കരിക്കപ്പെട്ട മലയാളിയുടെ തന്നെ ഉപരിവര്‍ഗ ചിന്തകളെയാണെന്നു പറയേണ്ടിവരും.

 

 

Latest