Connect with us

Alappuzha

വിവരാവകാശ അപേക്ഷ നല്‍കിയതിന് ജോലി തെറിച്ച ബി എസ് എഫ് ജവാന്‍ നാട്ടിലെത്തി

Published

|

Last Updated

ആലപ്പുഴ: പട്ടാളക്കാരന്റെ അവകാശങ്ങള്‍ അറിയാന്‍ വിവരവകാശ അപേക്ഷ നല്‍കിയതിന്റെ പേരില്‍ പശ്ചിമ ബംഗാളിലെ പട്ടാള ക്യാമ്പില്‍ പീഡനത്തിനിരയായ ബി എസ് എഫ് ജവാന്‍ നാട്ടില്‍ മടങ്ങിയെത്തി. ആലപ്പുഴ വടക്കനാര്യാട് സ്വദേശി ഷിബിന്‍ തോമസാണ് ഇന്നലെ രാവിലെ പത്തരയോടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയത്. പിതാവ് തോമസ് ഷിബിനെ സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു.

പട്ടാളത്തില്‍നിന്ന് ഷിബിന്‍ മടങ്ങുന്നത് സിവിലിയനായാണ്. വിവരവകാശം വഴി പട്ടാളക്കാരന്റെ അവകാശങ്ങള്‍ അറിയാന്‍ അപേക്ഷ നല്‍കിയതാണ് ഷിബിനെ പട്ടാളത്തില്‍ നിന്ന് പിരിച്ചുവിടാന്‍ ഇടയാക്കിയത്. ഇത് രണ്ടാം തവണയാണ് ഷിബിനെ പുറത്താക്കുന്നത്. 2015 ഡിസംബറിലായിരുന്നു പുറത്താക്കലിനിടയാക്കിയ ആദ്യ സംഭവം. കുടിക്കാന്‍ വെള്ളമില്ലാതെയും കഴിക്കാന്‍ ഭക്ഷണമില്ലാതെയും ആഴ്ചകളോളം ക്യാമ്പില്‍ കഴിഞ്ഞ ഷിബിന്‍ ദുരിതം സഹിക്കാനാകാതെയാണ് വിവരാവകാശവുമായി അധികാരികളുടെ മുന്നിലെത്തിയത്. പരാതി നല്‍കിയ ഷിബിനെ പട്ടാള മേധാവികള്‍ സേനയില്‍നിന്ന് പുറത്താക്കി. പിന്നീട് ഷിബിന്റെ മാതാവ് പ്രധാനമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും ഷിബിന്റെ ഹരജിയെ തുടര്‍ന്നുണ്ടായ ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലുമാണ് തിരിച്ചെടുത്തത്.
എന്നാല്‍, പട്ടാളത്തിലേക്ക് മടങ്ങിയ ഷിബിന് പിന്നീട് ദുരിതകാലമായിരുന്നു. ബെറ്റാലിയനില്‍ നിന്ന് തരംതാഴ്ത്തുകയും ബംഗാളില്‍ നിന്ന് ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെ ഷിബിനെ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിച്ച് സെല്ലില്‍ അടച്ചിരുന്നു. ആഴ്ചകളായി ഷിബിനെ കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്കില്ലായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയും പുറംലോകവുമായി ബന്ധപ്പെടാന്‍ അവസരം നല്‍കാതെയും പട്ടാള മേധാവികള്‍ ഷിബിനെ പീഡിപ്പിക്കുകയായിരുന്നു. ഇക്കാര്യം ഷിബിന്റെ ഭാര്യ സോഫിയ വാര്‍ത്തസമ്മേളനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
പട്ടാളത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും രാജ്യത്തെ ദുരിതം പേറുന്ന പട്ടാളക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്ന് ഷിബിന്‍ പറഞ്ഞു.