യൂബറില്‍ നിന്നും കൊഴിഞ്ഞു പോക്ക്; കരീം ആപ്പിനു സ്വീകാര്യത വര്‍ധിക്കുന്നു

Posted on: March 3, 2017 8:59 pm | Last updated: March 3, 2017 at 8:49 pm

ദോഹ; ഖത്വറില്‍ യൂബര്‍ ടാക്‌സില്‍ നിന്നും യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും കൊഴിഞ്ഞു പോക്ക്. കമ്മീഷന്‍ വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് പണിമുടക്കിയ ഡ്രൈവര്‍മാരില്‍ പലരും തിരികെ പ്രവേശിച്ചിട്ടില്ല. കൂടുതല്‍ സൗകര്യവും ലാഭവും നല്‍കുന്നുവെന്നതിനാല്‍ ഡ്രൈവര്‍മാര്‍ കരീമില്‍ ബുക്കിംഗ് സ്വീകരിക്കാന്‍ തയാറാകുന്നു. അതേസമയം, ഡ്രൈവര്‍മാര്‍ കുറഞ്ഞതോടെ യൂബറില്‍ ടാക്‌സി നിരക്ക് വര്‍ധിച്ചു. കരീമിനേക്കാള്‍ 25 ശതമനം വരെ കൂടുതല്‍ നിരക്കാണ് യൂബര്‍ ഈടാക്കുന്നത്. തിരക്കുള്ള സമയമായതിനാല്‍ നിരക്ക് അല്‍പം കൂടുതലാണെന്ന സന്ദേശവും പലപ്പോഴും ആപ്പില്‍ പ്രദര്‍ശിപ്പിക്കുന്നു.

അതിനിടെ അന്താരാഷ്ട്ര ടാക്‌സി ബുക്കിംഗ് ആപ്പ് ആയ യൂബറിന് മിഡില്‍ ഈസ്റ്റില്‍ സ്വീകാര്യത കുറയുന്നതായും കരീം ആപ്പ് മുന്നോട്ടു വരുന്നതായും സോഷ്യല്‍ മീഡിയ അനാലിറ്റിക്‌സ് കമ്പനിയായ ക്രിംസണ് ഹെക്‌സാഗണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ദി മിഡില്‍ ഈസ്റ്റ് കണ്‍സ്യൂമര്‍ ട്രെന്‍ഡ്‌സിലാണ് പരാമര്‍ശം. പ്രാദേശിക സേവനദാതാക്കള്‍ എന്നാണ് മിഡില്‍ ഈസ്റ്റില്‍ ആകെ യൂബറിനെ കയ്യൊഴിഞ്ഞ് കരീമിലേക്ക് യാത്രക്കാര്‍ ആകര്‍ഷിക്കപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ദുബൈ ആസ്ഥാനമായ കാര്‍ബുക്കിംഗ് ആപ്പാണ് കരീം. യൂബര്‍ അമേരിക്കന്‍ കമ്പനിയാണ്.
2012ലാണ് കരീം മിഡില്‍ ഈസ്റ്റഇല്‍ പ്രവര്‍ത്തനമാരംഭിച്ചത്. യൂബറാകട്ടെ അമേരിക്കയില്‍ 2009ല്‍ തുടങ്ങിയെങ്കിലും 2013ലാണ് മിഡില്‍ ഈസ്റ്റിലെത്തിയത്. സോഷ്യല്‍ മീഡിയ പോസ്റ്റ് മൂല്യം അനുസരിച്ച് 2014 മുതല്‍ യൂബറിന് 827 ശതമാനം വളര്‍ച്ചായാണ് ഉണ്ടായത്. എന്നാല്‍ കരീമിന് 108 ശതമാനമാണ് വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചത്. മിഡില്‍ ഈസ്റ്റില്‍ വലിയ വളച്ച നേടിയ യൂബറിനെ തളര്‍ത്തി കരീം മുന്നോട്ടു വരുന്നതായി പുതിയ ഫീഡ്ബാക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യൂബറിന് നാലു ശതമാനം മാത്രം പോസ്റ്റീവ് ഫീഡ്ബാക്ക് ലഭിച്ചപ്പോള്‍ കരീമിന് 25 ശതമാനം പ്രതികരണം ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

യൂബര്‍ കമ്പനി തങ്ങളെ ചൂഷണം ചെയ്യുകയാണെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. കൂടുതല്‍ കമ്മീഷന്‍ ഈടാക്കുന്നു. ഗതാഗതക്കുരുക്കില്‍ പെട്ടാല്‍ തുക ലഭിക്കില്ലെന്നും ഡ്രൈവര്‍മാര്‍ പറയുന്നു. രണ്ട് ആപ്പുകളും ഉപയോഗിക്കുന്ന ദോഹയിലെ ഡ്രൈവര്‍മാര്‍ കൂടുതലും കരീം ആണ് ഇഷ്ടപ്പെടുന്നത്. കരീമില്‍ ബുക്കിംഗ് ലഭിച്ചില്ലെങ്കില്‍ മാത്രമേ യൂബര്‍ ആപ്പ് ഓണ്‍ ചെയ്യാറുള്ളൂ എന്ന് നസീര്‍ പൂളക്കല്‍ പറഞ്ഞു. ഇതേ അഭിപ്രായം തന്നെ ബംഗ്ലാദേശ് സ്വദേശിയായ സായിദ് ഹസനും പറയുന്നു. ഉപയോഗിക്കുന്നതിനും ഇടപാടുകള്‍ക്കും കരീമാണ് കൂടുതല്‍ നല്ലത്. ആപ്പ് ഓണ്‍ ചെയ്തു വെക്കുകയും ബുക്കിംഗ് സ്വീകരിക്കാതിരിക്കുകയും ചെയ്താല്‍ പത്തു റിയാല്‍ നഷ്ടമാകുന്ന രീതി കരീമിലുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ തുക നഷ്ടമാകും. എന്നാല്‍ ഇത് യൂബറിലില്ല. എങ്കിലും കരീം ആണ് ഇഷ്ടപ്പടുന്നതെന്നും ഡ്രൈവര്‍മാര്‍ പറയുന്നു.