കാട്ടുതീ മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

Posted on: March 1, 2017 7:23 pm | Last updated: March 2, 2017 at 2:11 pm

തിരുവനന്തപുരം: വേനല്‍ കഠിനമാകും തോറും കാട്ടുതീ മൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തി നശിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാട്ടുതീ മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം…

വേനല്‍ കഠിനമാകും തോറും കാട്ടുതീ മൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തി നശിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കാട്ടുതീ മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും.

കാട്ടുതീ തടയുന്നതിനു വനാതിര്‍ത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും സര്‍ക്കാരിതര സംഘടനകളുടെ പ്രവര്‍ത്തനവും ഏകോപിപ്പിക്കും. ഈ മേഖലകളില്‍ ഫയര്‍ഫോഴ്‌സിന്റെ സേവനം ലഭ്യമാകുന്നുണ്ട് എന്ന കാര്യം ഉറപ്പാക്കും. കാട്ടുതീ നിയന്ത്രണാതീതമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള അഗ്‌നിശമനത്തിനുള്ള ശ്രമങ്ങളും നടത്തും. മെയ് അവസാനം വരെ എല്ലാ വനാതിര്‍ത്തികളിലും പൊതുസ്ഥലങ്ങളിലും തീയിടുന്നത് കുറ്റകരമായി പ്രഖ്യാപിക്കും. അതുപോലെതന്നെ, വനപ്രദേശത്തും വിനോദ സഞ്ചാര മേഖലകളിലും പുകവലി കര്‍ശനമായി നിരോധിക്കപ്പെടും. കാട്ടുതീ തടയുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തത്തിന് ഏറെ പ്രാധാന്യമുണ്ട്. ത്രിതല പഞ്ചായത്തുകള്‍ വഴി പൊതുജനപങ്കാളിത്തം ഉറപ്പാക്കുവാനുള്ള നടപടികള്‍ സ്വീകരിക്കും.