സഊദിയില്‍ 11.8 മില്യന്‍ പേര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷ

Posted on: February 27, 2017 2:07 pm | Last updated: February 27, 2017 at 2:07 pm

ദമ്മാം: 2.5 മില്യന്‍ സ്വദേശികളടക്കം 11.8 മില്യന്‍ പേര്‍ രാജ്യത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങളുടെ ഭാഗമാണെന്ന് കോര്‍പറേറ്റ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഹുസൈന്‍ അറിയിച്ചു. സഊദി ജനസംഖ്യയുടെ 38 ശതമാനം പേര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സിന് മേല്‍നോട്ടം വഹിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നത് കോര്‍പറേറ്റ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് കൗണ്‍സില്‍ ആണ്.

4543 ആരോഗ്യ പ്രശ്‌നങ്ങളില്‍ ആശുപത്രികള്‍ക്കും പോളി ക്ലിനിക്കുകള്‍ക്കും സേവനം ചെയ്യുന്ന 27 ഇന്‍ഷൂറന്‍സ് കമ്പനികള്‍ രാജ്യത്തുണ്ട്. 2016 മൊത്തം ആരോഗ്യ ഇന്‍ഷൂറന്‍സ് വിപണന മൂല്യം 18.6 ബില്യന്‍ ആയിരുന്നു. ഇന്‍ഷൂറന്‍സ് പരിരക്ഷ ആവശ്യമുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് ഈ മേഖലയെ മോണിറ്റര്‍ ചെയ്യുന്നതിലാണ് കൗണ്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അല്‍ ഹുസൈന്‍ പറഞ്ഞു. 2020 ഓടെ 24 പുതിയ പദ്ധതികളുമായി ഈ മേഖലയില്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍ 2030 ന്റെ ഭാഗമായി ആരോഗ്യ സേവന മേഖലയിലെ സേവനദാതാക്കളുമായി മേഖലയിലെ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.

സംഗമത്തില്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും സ്വകാര്യപൊതുമേഖലാ രംഗങ്ങളില്‍ ഇന്‍ഷൂറന്‍സ് പദ്ധതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ നടന്നു. ഇന്‍ഷൂറന്‍സ് തുക ഏകീകരിക്കുന്നതിനും മേഖലയില്‍ നേരിടുന്ന പ്രതിബന്ധങ്ങളെ ഒരുമിച്ചു നേരിടുന്നതിനും സ്വകാര്യ ആശുപത്രികള്‍, പോളി ക്ലിനിക്കുകള്‍, ഇന്‍ഷൂറന്‍സ് കമ്പനികള്‍ എന്നിവര്‍ക്കുള്ള ശില്‍പശാലയും കൗണ്‍സില്‍ ലക്ഷ്യമിടുന്നുണ്ട്.