ഫിഫ റാങ്കിംഗ്: ഇന്ത്യ ഒരടി താഴ്ന്നു, കാമറൂണ്‍ 29 സ്ഥാനം കയറി

Posted on: February 10, 2017 12:53 am | Last updated: February 9, 2017 at 11:54 pm

സൂറിച്: ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യക്ക് ഒരു സ്ഥാനം നഷ്ടം. 129 ല്‍ നിന്ന് 130 ലേക്ക് താഴ്ന്നു ഇന്ത്യ. എന്നാല്‍, നേരത്തെ ഉണ്ടായിരുന്ന ടോട്ടല്‍ പോയിന്റില്‍ നേരിയ വര്‍ധനവുണ്ട്. 243 ല്‍ നിന്ന് 244 ആയി. ഫലസ്തീന്‍ നിര്‍ണായകമായ പതിമൂന്ന് പോയിന്റുമായി നടത്തിയ കുതിപ്പാണ് ഇന്ത്യയെ താഴെയിറക്കിയത്. ഫലസ്തീന്‍ ഇപ്പോള്‍ 128 ല്‍.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷ(എ എഫ് സി)നിലെ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഇരുപതാം സ്ഥാനത്താണ്. ഫിഫ റാങ്കിംഗില്‍ മുപ്പത്തിരണ്ടാം സ്ഥാനത്തുള്ള ഇരാനാണ് ഏഷ്യന്‍ ടീമുകളില്‍ ഏറ്റവും മികച്ച പൊസിഷനിലുള്ളത്.
ദക്ഷിണേഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷ(സാഫ്)നിലെ അംഗങ്ങള്‍ക്കിടയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. മാലദ്വീപ് (140), ബംഗ്ലാദേശ് (190), നേപ്പാള്‍ (173), ശ്രീലങ്ക (196), പാക്കിസ്ഥാന്‍ (198) എന്നിങ്ങനെയാണ് സാഫ് രാജ്യങ്ങളുടെ റാങ്കിംഗ്.
2019 എ എഫ് സി കപ്പ് ക്വാളിഫൈയിംഗ് ഗ്രൂപ്പില്‍ ഇന്ത്യയുടെ മുഖ്യ എതിരാളികളുടെ റാങ്കിംഗ് ഇങ്ങനെ : കിര്‍ഗിസ്ഥാന്‍ (124), മ്യാന്‍മര്‍ (159), മകാവു (184).
അര്‍ജന്റീന പുതിയ റാങ്കിംഗ് ടേബിളിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ബ്രസീലും ജര്‍മനിയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍.
ചിലിയാണ് നാലാം സ്ഥാനത്ത്. ബെല്‍ജിയം അഞ്ചാമതും ഫ്രാന്‍സ് ആറാമതും കൊളംബിയ ഏഴാമതും പൊസിഷനില്‍. പോര്‍ച്ചുഗല്‍, ഉറുഗ്വെ, സ്‌പെയിന്‍ ആദ്യ പത്തിലുള്‍പ്പെടുന്നു.
ഏറ്റവും വലിയ കുതിപ്പ് കാമറൂണിന്റെതാണ്. ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയതിന്റെ പിന്‍ബലത്തില്‍ 29 സ്ഥാനമാണ് കാമറൂണ്‍ മെച്ചപ്പെടുത്തിയത്. ഇപ്പോള്‍ മുപ്പത്തിമൂന്നാം റാങ്കില്‍.