Connect with us

National

ആന എഴുന്നള്ളത്ത് ആവാമെങ്കില്‍ ജെല്ലിക്കെട്ടും ആവാമെന്ന് കമല്‍ഹാസന്‍

Published

|

Last Updated

ചെന്നൈ: ജെല്ലിക്കെട്ട് വിഷയത്തില്‍ സര്‍ക്കാറിന് ഇരട്ടത്താപ്പാണെന്ന് നടന്‍ കമല്‍ഹാസന്‍. കേരളത്തിലെ ആന എഴുന്നള്ളത്തിനില്ലാത്ത നിരോധനം ജെല്ലിക്കെട്ട് മാത്രം ഉണ്ടാവുന്നതെന്താണെന്ന് അദ്ദേഹം ചോദിച്ചു. ആനകളെ മണിക്കൂറുകളോളം ഉത്സവപറമ്പില്‍ നിര്‍ത്തി ചെണ്ടകൊട്ടുന്നു, വെടിക്കെട്ട് നടത്തുന്നു അവയൊന്നും നിരോധിക്കപ്പെടുന്നില്ല. കേരളത്തിനും തമഴിനാടിനും രണ്ടുനിയമം എന്ന രീതി ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.

ജെല്ലിക്കെട്ടില്‍ മരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ വാഹനാപകടത്തില്‍ മരിക്കുന്നുണ്ട്. എന്നിട്ടും വാഹനങ്ങള്‍ നിരോധിക്കുന്നില്ല. അപകടകരമായിട്ടും മോട്ടോര്‍ റേസിംഗ് നിരോധിക്കുന്നില്ല. ജെല്ലിക്കെട്ടിന് മാത്രമാണ് നിരോധനമുള്ളത്. ഇത് അംഗീകരിക്കാനാവില്ല. ജെല്ലിക്കെട്ട് കഴിഞ്ഞാല്‍ വര്‍ഷം മുഴുവന്‍ കാളകളെ നല്ല ഭക്ഷണവും മറ്റും കൊടുത്ത് നന്നായി പരിപാലിക്കുകയാണ് ചെയ്യന്നുത്.

എല്ലാ തരത്തിലുള്ള നിരോധനത്തിനും ഞാന്‍ എതിരാണ്. ഒന്നും ആളുകളുടെ മേല്‍ അടിച്ചേല്‍പിക്കരുത്. ഇങ്ങനെ അടിച്ചേല്‍പ്പിച്ചതിനാലാണ് ഹിന്ദിക്കെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം നടന്നത്. അവിടെ പോലീസുകാരാണ് പ്രശ്‌നമുണ്ടാക്കിയത്. നിയമപീഠങ്ങള്‍ക്ക് തെറ്റ് പറ്റില്ലെന്ന് പറയാനാവില്ല. എത്രയോ തവണ നമ്മള്‍ വിവിധ നിയമങ്ങള്‍ തിരുത്തുകയും ഭേദഗതി ചെയ്യുകയും ചെയ്തു.

രാഷ്ട്രീയ നേതൃത്വം മറീനയിലെ പ്രക്ഷോഭത്തില്‍ ഫലപ്രദമായി ഇടപെട്ടില്ല. എംജിആര്‍ ഉണ്ടായിരുന്നെങ്കില്‍ പ്രക്ഷോഭകാരികള്‍ക്കൊപ്പം നിരാഹാരം കിടക്കുമായിരുന്നു. ആ പ്രക്ഷോഭത്തിന്റെ ക്രെഡിറ്റ് അവരില്‍ നിന്ന് തട്ടിയേടുക്കേണ്ട എന്നു കരുതിയാണ് മറീന ബീച്ചില്‍ പോകാതിരുന്നത്. നിലവില്‍ മൃഗങ്ങളെ സംരക്ഷിക്കാന്‍ ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് പോലുള്ള സംഘടനകള്‍ ഉണ്ട്. പിന്നെ എന്തിനാണ് പെറ്റ പോലുള്ള പുതിയ സംഘടനയെന്നും കമല്‍ ചോദിച്ചു.

Latest