Connect with us

National

തൃണമൂലിന്റെ ചുവടുമാറ്റം; വെട്ടിലായത് സി പി എം, കോണ്‍ഗ്രസ് ബംഗാള്‍ ഘടകങ്ങള്‍

Published

|

Last Updated

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മമതാ ബാനര്‍ജിയും രാഹുല്‍ ഗാന്ധിയും സംഭാഷണത്തില്‍

കൊല്‍ക്കത്ത: കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ നടപടിക്കെതിരെ ഡല്‍ഹിയില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും കൈകോര്‍ക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് സി പി എമ്മും സംസ്ഥാന കോണ്‍ഗ്രസ് ഘടകവും.
നോട്ട് അസാധുവാക്കലിനെതിരെ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിയുടെയും നേതൃത്വത്തില്‍ സംയുക്ത പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ തൃണമൂലിന്റെ ബദ്ധശത്രുക്കളായ കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സ്വതന്ത്ര ഘടകമല്ലെന്നും എ ഐ സി സിയുടെ ഭാഗം തന്നെയാണെന്നുമാണ് ഇക്കാര്യത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആധിര്‍ ചൗധരി ആദ്യം പ്രതികരിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് സി പി എമ്മുമായി കൂട്ടുകെട്ടുണ്ടാക്കിയത്. പുതിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് എന്ത് നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് എ ഐ സി സി തന്നെ തീരുമാനിക്കട്ടെയെന്നും ചൗധരി പറഞ്ഞു. അതിനിടെ, കോണ്‍ഗ്രസിന്റെ 132ാം ജന്മദിനത്തില്‍ തൃണമൂലിന്റെ ആശംസകളുമായി മമത ബാനര്‍ജി രംഗത്തെത്തിയത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് ഇടയാക്കിയേക്കുമോ എന്ന ആശങ്കയാണ് സി പി എമ്മിനുള്ളത്.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന സംയുക്ത വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് മമതയുടെ ആശംസകള്‍ കോണ്‍ഗ്രസിനെ തേടിയെത്തിയിരിക്കുന്നത്. ആശങ്കയുണ്ടാക്കുമ്പോഴും കരുതലോടെയുള്ള പ്രതികരണമാണ് സി പി എമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കോണ്‍ഗ്രസ്- തൃണമൂല്‍ സഹകരണത്തില്‍ അത്രക്കൊന്നും വായിച്ചെടുക്കാന്‍ ഇല്ലെന്ന് സംസ്ഥാന നേതാവും പോളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലീം പ്രതികരിച്ചു. നേരത്തെ ശിവസേനയുമായി ചേര്‍ന്ന് മമത ബാനര്‍ജിയുടെ പാര്‍ട്ടി രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തുന്നത് കണ്ടതാണ്. അതുകൊണ്ട് അവര്‍ ശിവസേനയുമായി സഖ്യമുണ്ടാക്കിയെന്ന് അര്‍ഥമുണ്ടോ? വാര്‍ത്താ സമ്മേളനത്തിന്റെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയ സഖ്യങ്ങള്‍ ഉണ്ടാകുന്നതെന്നും സലീം പറഞ്ഞു. ഇനിയും കോണ്‍ഗ്രസ്- സി പി എം സഹകരണം തുടരുമോ എന്ന ചോദ്യത്തിന്, തനിക്കിപ്പോള്‍ അതേക്കുറിച്ച് പറയാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി പി എമ്മും സഖ്യമായാണ് മത്സരിച്ചതെങ്കിലും മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. 295 അംഗ നിയമസഭയിലേക്ക് 211 തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ ജയിച്ചുകയറിയപ്പോള്‍ സി പി എം- കോണ്‍ഗ്രസ് സഖ്യത്തിന് 76 സീറ്റ് കൊണ്ട് തൃപ്തരാകേണ്ടിവന്നു.