സിന്ധുവാണ് താരം, ഹോക്കിയില്‍ തിളക്കം

Posted on: December 28, 2016 6:04 am | Last updated: December 28, 2016 at 12:06 am

റിയോ ഒളിമ്പിക്‌സില്‍ വനിതാ ബാഡ്മിന്റണില്‍ പി വി സിന്ധു രാജ്യത്തിനായി നേടിയ വെള്ളി മെഡലാണ് 2016 യാത്ര ചോദിക്കുമ്പോള്‍ ഇന്ത്യയുടെ കായിക ഭൂപടത്തില്‍ വെട്ടിത്തിളങ്ങി നില്‍ക്കുന്നത്. കബഡി ലോകകപ്പില്‍ തുടരെ മൂന്നാം വര്‍ഷവും ചാമ്പ്യന്‍മാരായി അധീശത്വം ഊട്ടിയുറപ്പിച്ചതും ജൂനിയര്‍ ഹോക്കി ടീം ലോകകപ്പ് നേടിയതും സീനിയര്‍ ഹോക്കി ടീം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണേഴ്‌സപ്പായതും സാക്ഷിമാലിക്ക്, ദീപ കര്‍മാകര്‍ എന്നീ ഒളിമ്പ്യന്‍മാരുടെ ഉദയവും വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം നടത്തുന്ന കുതിപ്പും എ എഫ് സി കപ്പില്‍ ബെംഗളുര എഫ് സിയുടെ ഫൈനല്‍ പ്രവേശവും ടെന്നീസില്‍ സാനിയ മിര്‍സ ലോക ഒന്നാം നമ്പറായതും പാരാലിമ്പിക്‌സില്‍ മരിയപ്പന്‍ തങ്കവേലുവും വരുണ്‍ ഭാട്ടിയും എല്ലാം മികവിന്റെ ഉദാഹരണങ്ങളായി തെളിഞ്ഞു നില്‍ക്കുന്നു.
നിരാശകാഴ്ചകളുണ്ട്. അത് ഒളിമ്പിക്‌സില്‍ നിന്നാണ്. ഷൂട്ടര്‍മാരും ബോക്‌സര്‍മാരും അമ്പെയ്ത്ത് താരങ്ങളും മെഡലില്ലാതെ മടങ്ങി. ഗുസ്തിയില്‍ നര്‍സിംഗ് യാദവും സുശീര്‍ കുമാര്‍ യാദവും തമ്മിലുണ്ടായ തര്‍ക്കം പിന്നീട് വിവാദ തലങ്ങളിലേക്ക് മാറുകയും ഇന്ത്യന്‍ കായിക മേഖലക്കാകെ നാണക്കേടുണ്ടാക്കുകയും ചെയ്തു.
ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ റിയോ ഒളിമ്പിക്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി വന്നത് ചെറിയ വിവാദത്തിന് തിരി കൊളുത്തി. ബി സി സി ഐ – ലോധ കമ്മിറ്റി പോരാട്ടം ഈ വര്‍ഷത്തെ ഏറ്റവും വാശിയേറിയ തമ്മിലടിയായി മാറി. ജാവലിനില്‍ നീരജ് ചോപ്ര ചരിത്രം സൃഷ്ടിച്ചത് ലോക ചാമ്പ്യനായിക്കൊണ്ടാണ്. അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആദ്യ ലോകചാമ്പ്യന്‍.

സിന്ദുചരിതം !
റിയോ ഒളിമ്പിക്‌സില്‍ മുന്‍ ലോക ഒന്നാം നമ്പറായ സൈന നെഹ്വാള്‍ പ്രതീക്ഷക്കൊത്തുയരാതെ പോയതിന്റെ ഞെട്ടലില്‍ നില്‍ക്കുമ്പോഴാണ് ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് വലിയൊരു ആശ്വാസമായി പി വി സിന്ധു മാറുന്നത്. ആദ്യ ഒളിമ്പിക്‌സില്‍ തന്നെ വലിയ അട്ടിമറികള്‍ സൃഷ്ടിച്ചു. തന്നെക്കാള്‍ ഉന്നത റാങ്കിലുള്ള കളിക്കാരെ ഒന്നൊന്നായി വീഴ്ത്തി. ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ യിഹാന്‍ വാംഗും സിന്ധുവിന്റെ ചൂടറിഞ്ഞു. ഫൈനലില്‍ സ്‌പെയിനിന്റെ കരോലിന മരിനാണ് സിന്ധുവിന്റെ ചരിത്ര സ്വര്‍ണത്തിലേക്ക് കുതിപ്പിന് തടയിട്ടത്്. ഒളിമ്പിക്‌സില്‍ വ്യക്തിഗത വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി സിന്ധു. ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് നേടിയ സിന്ധു ഹോങ്കോംഗ് സൂപ്പര്‍ സീരീസില്‍ റണ്ണേഴ്‌സപ്പായി.
ഹോക്കിയില്‍ ഹാപ്പി…
ദക്ഷിണേഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പാക്കിസ്ഥാനോട് തോറ്റു കൊണ്ടായിരുന്നു ഈ വര്‍ഷം ഇന്ത്യ ആരംഭിച്ചത്. എന്നാല്‍, അതൊരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍ മാത്രമായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടു. സുല്‍ത്താന്‍ അസ്ലന്‍ഷാ ഹോക്കിയില്‍ അജയ്യരായി ഇന്ത്യ ഫൈനലിലെത്തി. കലാശപ്പോരില്‍ കാലിടറി. കരുത്തരായ ആസ്‌ത്രേലിയയോട് 4-0ന് തകര്‍ന്നു.
ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ടു. ഇതോടെ, ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി. മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ വളരെ മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നു. മിഡ്ഫീല്‍ഡ് ഗെയിമിലായിരുന്നു പ്രധാനമായും പുരോഗതി. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയം, ഒരു സമനില, രണ്ട് തോല്‍വി. ഇതോടെ, റൗണ്ട് റോബിന്‍ ലീഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഫൈനലില്‍ വീണ്ടും ആസ്‌ത്രേലിയക്കെതിരെ. ഇത്തവണയും ഓസീസിന് മുന്നില്‍ തലകുനിച്ചു. എന്നാല്‍, ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ വെള്ളി കരസ്ഥമാക്കി. 1982 ചാമ്പ്യന്‍സ് ട്രോഫിയില്‍ വെങ്കലം നേടിയതായിരുന്നു അത് വരെയുള്ള മികച്ച പ്രകടനം.റിയോ ഒളിമ്പ്യാഡില്‍ ഇന്ത്യ വലിയ പ്രതീക്ഷയിലായിരുന്നു. ഗ്രൂപ്പ്് ഘട്ടത്തില്‍ ജര്‍മനി, ഹോളണ്ട്് എന്നീ ക്ലബ്ബുകള്‍ക്കൊപ്പം. ക്യാപ്റ്റന്‍ ശ്രീജേഷിന്റെ മികവില്‍ ക്വാര്‍ട്ടര്‍ വരെ കുതിപ്പ്. അവിടെ ബെര്‍ജിയത്തിന് മുന്നില്‍ ലീഡ് നേടിയതിന് ശേഷം തോല്‍വിയിലേക്ക് വഴുതി.
വനിതാ ഹോക്കിയിലും തിരിച്ചടി നേരിട്ടു. അതിനൊരു പ്രധാന കാരണം, അവസാന മണിക്കൂറില്‍ ക്യാപ്റ്റന്‍ റിതുറാണിയെ ടീമില്‍ നിന്ന് പുറത്താക്കിയതാണ്. മുപ്പത്താറ് വര്‍ഷത്തിന് ശേഷം വനിതാ ഹോക്കി ടീമിന് ഒളിമ്പിക് യോഗ്യത നേടിക്കൊടുത്തതില്‍ റിതു റാണിയുടെ പങ്ക് വലുതായിരുന്നു. എന്നാല്‍ അധികൃതരുമായുള്ള പ്രശ്‌നം കാരണം ടീമില്‍ സ്ഥാനം നഷ്ടമായി. ഇതോടെ, വനിതാ ടീം ഗ്രൂപ്പ് റൗണ്ട് കടക്കാതെ റിയോയില്‍ നിന്ന് മടങ്ങി.എന്നാല്‍, കോച്ച് നീല്‍ ഹാഗ്വുഡ് നിരാശയിലമര്‍ന്ന ടീമിനെ വീണ്ടും മിനുക്കിയെടുത്തു. നവംബറില്‍ ചൈനയെ തോല്‍പ്പിച്ച് ഇന്ത്യന്‍ വനിതാ ടീം ചരിത്രത്തിലാദ്യമായി ഏഷ്യന്‍ ചാമ്പ്യന്‍മാരായി.മലേഷ്യയില്‍ നടന്ന പുരുഷവിഭാഗം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായതും ശ്രദ്ധേയമായി.
ജൂനിയര്‍ ഹോക്കി ലോകകപ്പ് കിരീടവും ഇന്ത്യ സ്വന്തമാക്കി. ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കി. 2001 ല്‍ ഗഗന്‍ അജിത് സിംഗിന്റെ നേതൃത്വത്തില്‍ ഇന്ത്യ ചാമ്പ്യന്‍മാരായതിന് ശേഷം രണ്ടാമത്തെതായിരുന്നു ഇത്.
(വനിതകള്‍ കരുത്തറിയിച്ചു-
അതേക്കുറിച്ച് നാളെ)