പ്രവാസി നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്റി

Posted on: December 25, 2016 6:00 am | Last updated: December 24, 2016 at 11:42 pm

പ്രവാസികളുടെ സമ്പാദ്യം കേരളത്തിന്റെ വികസനത്തിന് സഹായകമാകുന്ന വിധം ഉപയോഗപ്പെടുത്തുന്നതിന്റെ അനിവാര്യതയെക്കുറിച്ചാണ് വ്യാഴാഴ്ച ദുബൈയില്‍ സ്മാര്‍ട്ട്‌സിറ്റി ഒരുക്കിയ ബിസിനസ് മീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഊന്നിപ്പറഞ്ഞത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടയില്‍ മികച്ച സംഭാവന നല്‍കിയവരാണ് പ്രവാസികള്‍. ഗള്‍ഫ് മേഖലയില്‍ നിന്നുള്ളതാണ് ഇതിലേറെയും. പ്രവാസി നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവാസി നിക്ഷേപ സഹായ സെല്ലും, പ്രമുഖ വ്യവസായികളെ ഉള്‍പ്പെടുത്തി പ്രവാസി നിക്ഷേപ കൗണ്‍സിലും രൂപവത്കരിക്കുമെന്ന് അറിയിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ എത് മേഖലയിലും അവര്‍ക്ക് നിക്ഷേപിക്കാനുള്ള സാഹചര്യമൊരുക്കുമെന്നും നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും വ്യക്തമാക്കുകയുണ്ടായി.
സംസ്ഥാന തല ബേങ്കിംഗ് അവലോകന സമിതി കഴിഞ്ഞ ഡിസംബറില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് പ്രവാസികളുടെ ബേങ്ക് നിക്ഷേപം 1,21,619 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 2014 അവസാനം ഇത് 93,884 കോടിയായിരുന്നു. റിസര്‍വ് ബേങ്ക് റിപ്പോര്‍ട്ടനുസരിച്ചു രാജ്യത്തെ പ്രവാസി നിക്ഷേപം 7 ലക്ഷം കോടിയാണ്. ഇതില്‍ ആറിലൊരു ഭാഗം കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ വിഹിതമാണ്. ബേങ്കുകളില്‍ നിക്ഷേപിക്കുന്നതിന് പുറമെ മറ്റു മാര്‍ഗേണയും സഹസ്ര കോടികള്‍ അയക്കുന്നുണ്ട് പ്രവാസികള്‍. കഴിഞ്ഞ വര്‍ഷം വിദേശ മലയാളികളില്‍ നിന്നായി രണ്ട് ലക്ഷം കോടി രൂപ കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് ‘മൈഗ്രഷന്‍ ആന്‍ഡ് റെമിറ്റന്‍സ് ഫാക്ട് 2016’ നെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വദേശവത്കരണം ഊര്‍ജ്ജിതമായതിനെ തുടര്‍ന്ന് ഗള്‍ഫില്‍ ആയിരക്കണക്കിനു മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയും സാമ്പത്തിക കാരണങ്ങളാല്‍ പശ്ചിമേഷ്യയിലെ പല രാജ്യങ്ങളിലും തൊഴിലില്ലായ്മ രൂക്ഷമാവുകയും ചെയ്ത ഘട്ടത്തലാണ്ി ഇത്രയും വലിയ തുക എത്തിയതെന്നത് ശ്രദ്ധേയമാണ്.
അഞ്ച് പതിറ്റാണ്ടോളമായി കേരളത്തിന്റെ സാമ്പത്തിക മേഖലയെയും, സാമൂഹികപുരോഗതിയെയും നിര്‍ണയിക്കുന്നതില്‍ മികച്ച പങ്കാണ് പ്രവാസി മലയാളികളുടെ സമ്പാദ്യത്തിനുള്ളത്. നാട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും അകന്ന് അന്യരാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ചോര നീരാക്കി പണിയെടുത്തുണ്ടാക്കിയ സമ്പത്ത് പലരും തത്വദീക്ഷയില്ലാത്തതും യുക്തിസഹമല്ലാത്തതുമായ രീതിയിലാണ് നിക്ഷേപിക്കുകയും ചെലവാക്കുകയും ചെയ്യുന്നത്. ഇത്തരക്കാരില്‍ ഏറെയും പിന്നീട് കഷ്ടപ്പെടുന്നതായി സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തില്‍ കണ്ടെത്തുകയുണ്ടായി. ഈ സമ്പാദ്യം അവര്‍ക്കും സമൂഹത്തിനും നാടിനും ഉപകാരപ്രദമായ വിധം പ്രത്യുത്പാദനപരമായ മേഖലകളില്‍ നിക്ഷേപിക്കുന്നതിനുളള അവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളാണ്. അവരുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയും സഹകരണവും ഉണ്ടാകുന്നില്ല. സര്‍ക്കാര്‍ സംരംഭങ്ങളില്‍ ഇറക്കുന്ന പണത്തിന്റെ സുരക്ഷിതത്വത്തിലുള്ള ആശങ്ക മൂലം പ്രവാസികള്‍ പൊതുവെ അതില്‍ വിമുഖരുമാണ്. കേരളത്തില്‍ നിക്ഷേപിക്കാന്‍ പ്രവാസികള്‍ തയാറാണെന്നും അതിന് അനുകൂലമായ അന്തരീക്ഷം ഇല്ലാത്തത് കൊണ്ടാണ് ആരും അതിന് മുന്നോട്ട് വരാത്തതെന്നും ദുബൈ മീറ്റില്‍ പങ്കെടുത്ത പ്രമുഖ വ്യവസായി എം എ യൂസുഫലിയും ചൂണ്ടിക്കാട്ടുകയുണ്ടായി.
പ്രവാസികളില്‍ ചിലര്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചുവെങ്കിലും ശരിയായ പരിശീലനം ലഭിക്കാത്തതിനാല്‍ വിജയിച്ചില്ല. വ്യവസായ സംരംഭം തുടങ്ങാന്‍ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഔദ്യോഗിക ഏജന്‍സികള്‍ സംസ്ഥാനത്ത് കാര്യക്ഷമവുമല്ല. ഈ സ്ഥിതി വിശേഷം ചൂഷണം ചെയ്ത് ഇടനിലക്കാരും സ്വാര്‍ഥതാത്പര്യക്കാരും അവരുടെ സമ്പാദ്യം കൈക്കലാക്കുന്നുണ്ട്. ശരിയായ രീതിയിലുള്ള പരിശീലനവും ഉപദേശവും ഉണ്ടെങ്കില്‍ ഇത്തരം ചൂഷണങ്ങളും തട്ടിപ്പുകളും ഏറെക്കുറെ തടയാനാകും.
പ്രമുഖരായ വിദേശമലയാളി വ്യവസായ സംരംഭകരുടെ അഭ്യര്‍ഥന പ്രകാരം പ്രവാസി സമ്പാദ്യം സംസ്ഥാനത്തെ വ്യാവസായിക വികസന ത്തിനുപയോഗിക്കത്തക്ക രീതിയില്‍ ഒരു പദ്ധതി ഇതിനിടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നു. അതിന്റെ തുടര്‍ പ്രവര്‍ത്തനം കാര്യക്ഷമമായില്ല. അതുപയോഗിച്ച് വ്യാവസായിക മേഖല അഭിവൃദ്ധിപ്പെടുത്താനുള്ള നീക്കങ്ങളുമുണ്ടായില്ല. നിതാഖാത്തിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇരുപത് ലക്ഷം രൂപ വരെ ബേങ്ക് വായ്പ നല്‍കാനുള്ള പദ്ധതിയും കടലാസില്‍ ഒതുങ്ങി. പ്രഖ്യാപനങ്ങളല്ല പ്രവാസികള്‍ക്ക് വേണ്ടത്; പ്രയോഗവത്കരണമാണ്. ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുമെന്ന ഉറപ്പും തങ്ങള്‍ മുടക്കുന്ന പണത്തിന്റെ സുരക്ഷിതത്വത്തിലുള്ള വിശ്വാസവുമാണ് പ്രധാനം. പ്രവാസികള്‍ ഇറക്കുന്ന പണത്തിന് ഗ്യാരന്റി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഈ ആശങ്ക ദൂരീകരിക്കാന്‍ സഹായകമായേക്കും. നിക്ഷേപകര്‍ക്ക് നേരത്തെയുണ്ടായ ദുരനുഭവങ്ങള്‍ മറക്കുന്നില്ലെന്നും അത് ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.