നോട്ട്‌നിരോധനത്തെ വിമര്‍ശിച്ച് ഫോബ്‌സ് മുഖപ്രസംഗം

Posted on: December 24, 2016 7:54 am | Last updated: December 24, 2016 at 12:00 am

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും വിമര്‍ശം നിറയുന്നുവെന്ന് വ്യക്തമാക്കി ഫോബ്‌സ് എഡിറ്റോറിയല്‍. നരേന്ദ്ര മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ അധാര്‍മികവും വിലക്ഷണവുമായ നടപടിയെന്നാണ് ഫോബ്‌സ് മീഡിയ ചെയര്‍മാനും എഡിറ്റര്‍ ഇന്‍ ചീഫുമായ സ്റ്റീവ് ഫോബ്‌സ് എഴുതിയ മുഖപ്രസംഗത്തില്‍ വിശേഷിപ്പിക്കുന്നത്.

അടുത്ത മാസം 24ന് പ്രസിദ്ധീകരിക്കുന്ന മാഗസിനിലാകും മുഖപ്രസംഗം വരിക. എന്നാല്‍ മുഖപ്രസംഗം ഇപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ ലഭ്യമാണ്. 86 ശതമാനം കറന്‍സിയും ഒരു അര്‍ധരാത്രി പിന്‍വലിച്ച മോദി സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥക്ക് കനത്ത പ്രഹരമേല്‍പ്പിക്കുകയാണ് ചെയ്തത്. ഈ തീരുമാനം പിഴച്ചതും രോഗാതുരവുമാണ്. ജനങ്ങളുടെ സ്വകാര്യതയെ ആക്രമിച്ച് അവരുടെ ജീവിതത്തില്‍ കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാറെന്നും സ്റ്റീവ് ഫോബ്‌സ് പറയുന്നു.
ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി 1970ല്‍ ഇന്ത്യയില്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണത്തോടാണ് സ്റ്റീവ് ഫോബ്‌സ് നോട്ടുനിരോധനത്തെ താരതമ്യം ചെയ്തത്. ജനങ്ങളുടെ സമ്പാദ്യം അപഹരിക്കുന്ന വന്‍ കൊള്ളയാണ് മോദി സര്‍ക്കാറിന്റെ നോട്ട് അസാധുവാക്കല്‍ തീരുമാനം. യാതൊരു മുന്നൊരുക്കവും നടത്താതെ ഒരു ജനാധിപത്യ സര്‍ക്കാറില്‍ നിന്നുണ്ടായ തീരുമാനം ഞെട്ടിക്കുന്നതാണെന്നും സ്റ്റീവ് ഫോബ്‌സ് പറയുന്നു.

നോട്ടുകള്‍ പിന്‍വലിച്ചതുകൊണ്ട് തീവ്രവാദികള്‍ ഹീനമായ പ്രവൃത്തികളില്‍ നിന്നും പിന്‍മാറില്ല. സ്വതന്ത്രമായ ക്രയവിക്രയങ്ങള്‍ അനുവദിച്ചാല്‍ ഡിജിറ്റലൈസേഷന്‍ അതിന്റേതായ സമയത്ത് നടക്കും. അതിന് ഇത്തരമൊരു നീക്കം അനിവാര്യമായിരുന്നില്ല. നികുതി ഘടന ലളിതവും നികുതി നിരക്ക് കുറവുമായാല്‍ മാത്രമേ വെട്ടിപ്പ് നിയന്ത്രിക്കാനാകൂ. അപ്പോള്‍ വ്യവസായ മേഖല വളരുകയും ചെയ്യും. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവം പരിഗണിക്കാത്ത വിലക്ഷണമായ പരിഷ്‌കരണമാണിത്.

ഇന്ത്യയില്‍ മിക്ക വിനിമയങ്ങള്‍ക്കും പണം തന്നെയാണ് ഉപാധി. സര്‍ക്കാറുകള്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നില്ല. ജനങ്ങളാണ് അതുണ്ടാക്കുന്നത്. ഇവിടെ വ്യാപകമായ കൊള്ള നടത്തുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഫോബ്‌സ് തുറന്നടിക്കുന്നു. വാള്‍സ്ട്രീറ്റ് ജേണല്‍ എഡിറ്റോറിയലും സമാനമായ ആശയമാണ് മുന്നോട്ട് വെക്കുന്നത്. പണം പണമായി സൂക്ഷിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് തടസ്സപ്പെടുത്താന്‍ സര്‍ക്കാറിന് അധികാരമില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കുന്നു. ഡിജിറ്റല്‍വത്കരണം അടിച്ചേല്‍പ്പിക്കരുതെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.