Connect with us

Eranakulam

19 മന്ത്രിമാര്‍ക്കും ഒരു കിലോ അരി വീതം തപാല്‍ വഴി അയച്ച് പ്രതിഷേധം

Published

|

Last Updated

കൊച്ചി: കേരളത്തിലെ റേഷന്‍ ദൗര്‍ലഭ്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളാ യൂത്ത് ഫ്രണ്ട് (ജേക്കബ് ) മന്ത്രിമാര്‍ക്ക് തപാല്‍ വഴി അരി അയച്ച് കൊടുത്ത് പ്രതിഷേധിച്ചു. എറണാകുളം ഹെഡ് പോസ്‌റ്റോഫീസില്‍ നിന്ന് തപാല്‍ മാര്‍ഗമാണ് അരി അയച്ചുകൊടുത്തത്. കേരളത്തിലെ 19 മന്ത്രിമാര്‍ക്കും ഒരു കിലോ അരി വീതമാണ് അയച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് പ്രേംസണ്‍ മഞ്ഞമറ്റം പറഞ്ഞു.

സംസ്ഥാനത്ത് റേഷന്‍ വിതരണം പാടെ തകര്‍ന്നിട്ടും സര്‍ക്കാര്‍ ഇത് ഗൗരവമായി കാണുകയോ റേഷന്‍ ലഭ്യത ഉറപ്പ് വരുത്തുകയോ ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഒരു ജില്ലയില്‍ പോലും റേഷന്‍ വിതരണം കാര്യക്ഷമമായി നടത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. നവംബര്‍ മാസത്തിലെ പോലും അരിയും മറ്റ് സാധനങ്ങളും ഇതുവരെ വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്ത് ഭക്ഷ്യമന്ത്രിയായിരുന്ന അനൂപ് ജേക്കബിന്റെ ഇടപെടല്‍ മൂലം ഒരിക്കല്‍പോലും റേഷന്‍ ഭക്ഷ്യസാധനങ്ങള്‍ മുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോയാല്‍ ക്രിസ്തുമസിന് കേരളത്തിലെ ജനങ്ങള്‍ പട്ടിണി കിടക്കേണ്ടി വരും. വിഷയത്തിന്റെ ഗൗരവം മന്ത്രിമാരെ മനസ്സിലാക്കി നല്‍കുന്നതിന് വേണ്ടിയാണ് ഇത്തരം പ്രതിഷേധം സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest