ട്രംപ്‌വിരുദ്ധ പ്രക്ഷോഭത്തിനിടെ അമേരിക്കയില്‍ ഇലക്ട്രല്‍ വോട്ട്

Posted on: December 20, 2016 7:06 am | Last updated: December 20, 2016 at 12:07 am

വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍കാരനായ ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസിലെത്തുന്നത് തടയാനുള്ള അവസാനശ്രമമെന്ന നിലക്ക് നിരവധി ഡെമോക്രാറ്റുകള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത് ഇലക്ടറല്‍ കോളജ് വോട്ടില്‍. നവംബര്‍ എട്ടിന് അമേരിക്കയിലെ വോട്ടര്‍മാര്‍ അവരുടെ വോട്ട് രേഖപ്പെടുത്തിയിരുന്നുവെങ്കിലും അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കകയെന്ന അവരുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കുക 538 ഇലക്‌ടേഴ്‌സാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ വേണം.

ട്രംപ് 306 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ടറല്‍ കോളജ് വോട്ടെടുപ്പില്‍ അടുത്ത പ്രസിഡന്റിനേയും വൈസ് പ്രസിഡന്റിനേയും ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യും. ട്രംപിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ഡെമോക്രാറ്റുകള്‍ക്ക് 37 റിപ്പബ്ലിക്കന്‍ ഇലക്ടറല്‍സ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണം. ടെക്‌സാസിലെ ഒരു റിപ്പബ്ലിക്കന്‍ ഇലക്ടര്‍ ആയ ക്രിസ്റ്റഫര്‍ സപ്‌റണ്‍ താന്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രംപിന് വോട്ട് ചെയ്യരുതെന്ന് ഇലക്ടറല്‍മാരോട് അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ ഹരജിക്ക് അമ്പത് ലക്ഷം പേരുടെ പിന്തുണ നേടാനായിട്ടുണ്ട്. ഹോളിവുഡ് നടനായ മാര്‍ടിന്‍ ഷീന്‍ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ചേര്‍ന്ന് ട്രംപിനെതിരെ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.