അത്ഭുതമാണ് മുഹമ്മദ് നബി

പ്രവാചകന്‍ മുഹമ്മദ് നബിയുടേത് പോലെ അതിശയിപ്പിച്ച ഒരു ജീവിതം ഇന്നുവരെ ഒരു പുസ്തകങ്ങളിലും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. 40 വര്‍ഷക്കാലം ഏവരേയും പോലെ സാധാരണ വ്യക്തിത്വമായി ജീവിച്ച പ്രവാചകന്റെ ജീവിതം അത്ഭുതങ്ങളാണ് പഠിതാവിന് സമ്മാനിക്കുന്നത്. സംസ്‌കാര സമ്പന്നമായ ഒരു ജനതയുടെ ചരിത്രം കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു രാജ്യത്ത് നിന്ന് ലോകത്തിന് അനുഗ്രമായിമാറിയ പ്രവാചകന്റെ വരവ് അത്ഭുതത്തോടെ ചരിത്രകാരനായ അര്‍ണോള്‍ഡ് ജെ ടോയെന്‍ബി രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻ ഡിജിപി
Posted on: December 12, 2016 10:57 am | Last updated: December 12, 2016 at 10:57 am

ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര്‍ എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യദര്‍ശനം ലഭിച്ച ശേഷം 23 വര്‍ഷം മാത്രമാണ് മുഹമ്മദ് നബി ജീവിച്ചിരുന്നത്. എന്നാല്‍ ഇക്കാലയളവിനുള്ളിലാണ് ലോകത്തിന്റെ ചരിത്രമാകെ മാറിമറിഞ്ഞ അത്ഭുതാവഹമായ സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. സമസ്ത മേഖലകളിലും വ്യക്തമായ നിയമനിര്‍മാണം നടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ ലോകത്തിന് അത്ഭുതമെന്നല്ലാതെ പറയാന്‍ മറ്റുവാക്കുകളുണ്ടാവില്ല.

പ്രവാചകന്‍ മുഹമ്മദ് നബിയുടേത് പോലെ അതിശയിപ്പിച്ച ഒരു ജീവിതം ഇന്നുവരെ ഒരു പുസ്തകങ്ങളിലും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. 40 വര്‍ഷക്കാലം ഏവരേയും പോലെ സാധാരണ വ്യക്തിത്വമായി ജീവിച്ച പ്രവാചകന്റെ ജീവിതം അത്ഭുതങ്ങളാണ് പഠിതാവിന് സമ്മാനിക്കുന്നത്. സംസ്‌കാര സമ്പന്നമായ ഒരു ജനതയുടെ ചരിത്രം കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു രാജ്യത്ത് നിന്ന് ലോകത്തിന് അനുഗ്രമായിമാറിയ പ്രവാചകന്റെ വരവ് അത്ഭുതത്തോടെ ചരിത്രകാരനായ അര്‍ണോള്‍ഡ് ജെ ടോയെന്‍ബി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ചിന്തകന്മാരും, നവോഥാന നായകരും, മഹാന്‍മാരും അനവധി കടന്നുപോയിട്ടുള്ളപ്പോള്‍ അവര്‍ക്കൊക്കെ മുമ്പ് അവരുടെ പ്രവര്‍ത്തി പദത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ് സത്യം. എന്നാല്‍ ഇരുണ്ടയുഗമായ ആറാം നൂറ്റാണ്ടില്‍ യാതൊരു തരത്തിലുമുള്ള സംസ്‌കാരിക പൈതൃകവും അവകാശപ്പെടാനില്ലാത്ത രാജ്യത്ത് നിന്ന് ഉയര്‍ന്ന് വന്ന പ്രവാചകന്‍ മഹോന്നതമായ ആശയങ്ങളാണ് ലോകത്തിന് നല്‍കിയത്.

ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബിയും, യഹൂദന്മാരായ പുരോഹിതന്മാരും, ക്രിസ്ത്യന്‍ മതനേതാക്കളും ചേര്‍ന്ന് മസ്ജിദില്‍ സംസാരിച്ചിരിക്കുന്ന വേളയില്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയരുകയുണ്ടായി. നബിയുടെ പ്രാര്‍ഥനക്കായി തങ്ങള്‍ ഇവിടെ നിന്നും ഒഴിവായി നില്‍ക്കാമെന്ന് പറഞ്ഞ് പുറത്തേക്ക് പോകുവാന്‍ തയ്യാറായ അവരോട് നമുക്ക് ഇവിടെ നിന്ന് ഒരുമിച്ച് പ്രാര്‍ഥന നടത്താമെന്ന് പറയുകയുണ്ടായി. അങ്ങനെ ഒരേ സമയത്ത് മൂന്ന് ജനവിഭാഗങ്ങള്‍ ഒരേ പള്ളിയില്‍ പ്രാര്‍ഥന നടത്തി. ആരാധനാ സ്വാതന്ത്ര്യത്തില്‍ വിവിധ മതവിഭാഗങ്ങളെ എങ്ങനെ ഒരുമിച്ച് കൊണ്ട്‌പോകണം എന്നകാര്യത്തില്‍ ഉത്തമ മാതൃകയാണ് പ്രവാചകന്‍ അവിടെ വരച്ചിട്ടത്. യഹൂദനായ ഒരു വ്യക്തിയുടെ മൃത ശരീരം കൊണ്ടുപോയ സമയത്ത് പ്രവാചകന്‍ എണീറ്റ് നില്‍ക്കുകയും ഉപചാരം അര്‍പ്പിക്കുകയും ചെയ്ത സംഭവമുണ്ട്. ഇത് കണ്ട അനുയായികളില്‍ ചിലര്‍ അദ്ദേഹത്തോട് യഹൂദന്റെ മൃതദേഹത്തിന് ഇത്രയും ബഹുമാനം നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിയപ്പോള്‍ പ്രവാചകര്‍ നല്‍കിയ മറുപടി ലോകം മാതൃകയാക്കേണ്ടതാണ്. അതൊരു മനുഷ്യന്റെ ശരീരമാണ് എന്നതായിരുന്നു പ്രവാചകന്‍ നല്‍കിയ മറുപടി.

ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും മൃതമായ അവസ്ഥയില്‍ പോലും ഉപചാരം അര്‍പ്പിക്കണമെന്ന മാനവീകതയുടെ പാഠമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഇതിലൂടെ പ്രവാചകന്‍ പഠിപ്പിച്ച പ്രവാചകന്റെ മതസൗഹാര്‍ദത്തിന്റെ പാഠമാണ് പില്‍ക്കാലത്ത് ലോകം ഭരിച്ച മഹാന്മാരായ നേതാക്കള്‍ പിന്‍തുടര്‍ന്നത്. ഇസ്താംബുള്‍ മുസ്‌ലിംകള്‍ പിടിച്ചടക്കിയ സാഹചര്യത്തില്‍ പോലും അവിടുത്തെ ക്രിസ്തീയ ദേവാലയമായ ഹാഗിയ സോഫിയക്ക് യാതൊരു പരിക്കും ഏല്‍പ്പിച്ചിരുന്നില്ല. 1000ക്കണക്കിന് വര്‍ഷങ്ങള്‍ ജെറുസലേം ഭരിച്ചത് മുസ്‌ലിംകളാണ്. എന്നാല്‍ അവിടുത്തെ ഏതെങ്കിലും ഒരു യഹൂദ – ക്രിസ്ത്യന്‍ ദേവാലയങ്ങളും മുസ്‌ലിംകള്‍ തകര്‍ത്തിട്ടില്ല. അതാണ് പ്രവാചകാധ്യാപനത്തിന്റെ ശക്തി. ഇന്ത്യയിലും മുസ്‌ലിംകള്‍ ഭരിച്ച നിരവധി സംസ്ഥാനങ്ങളുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുസ്‌ലിം ചക്രവര്‍ത്തിമാര്‍ ഭരിച്ച ഫത്തേപ്പൂര്‍ സിക്രിയിലെ പ്രശസ്തമായ ക്ഷേത്രം ഇന്നും നിലനില്‍ക്കുന്നുണ്ട്. ടിപ്പുസുല്‍ത്താന്‍ ഭരിച്ച ശ്രീരംഗപട്ടണത്ത് അദ്ദേഹം നിലനിര്‍ത്തിവന്ന ക്ഷേത്രം ഇന്നുമുണ്ട്. മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് അദ്ദേഹം സംഭാവനകള്‍ നല്‍കിവന്ന സംഭവങ്ങള്‍ ചരിത്രത്താളുകളില്‍ തെളിവുകളായി രേഖപ്പെടുത്തിയിരിക്കുന്നു. നൂറ്റാണ്ടുകളോളം ഇവിടുത്തെ ക്ഷേത്രങ്ങള്‍ സംരക്ഷിച്ചുവന്നത് മുസ്‌ലിംകളായിരുന്നു. അത്തരത്തിലുള്ളതായിരുന്നു പ്രവാചകന്റെ അധ്യാപനം.

മനുഷ്യന് സമാധാനം ലഭിക്കണമെങ്കില്‍ ആരോഗ്യപരമായ ജീവിതം നയിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഒരു ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചാല്‍പോലും രണ്ട് വയസ്സുള്ള കുട്ടിക്ക് മുലപ്പാല്‍ നല്‍കാനുള്ള അവകാശം മാതാവിനുണ്ടെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിരിക്കുന്നു. അതോടൊപ്പം മാതാവിന്റേയും കുട്ടിയുടേയും ഉത്തരവാദിത്വം പുരുഷനുണ്ടെന്ന് രേഖപ്പെടുത്തിയ ഇസ്‌ലാമിക തത്വങ്ങളെക്കാല്‍ വലിയ ഒരു മെഡിക്കല്‍ നിയമമില്ലെന്ന് ആധുനിക ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ സെറിബ്രം വളരുന്നതിന് മാതാവിന്റെ പാലില്‍ അടങ്ങിയിട്ടുള്ള രണ്ട് രാസാഗ്നികള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. സിസ്റ്റൈന്‍, ടോറിന്‍ എന്നീ രണ്ട് അമിനോ ആസിഡുകളാണ് അവ. ഇത് രണ്ട് വയസ്സില്‍ ലഭിക്കുന്ന കുട്ടി മികച്ച കഴിവുള്ള വ്യക്തിയായി തീരുമെന്നും അത് ലഭിക്കാതിരുന്നാല്‍ ബുദ്ധിപരമായി പിന്നിലായിരിക്കുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഇന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഒരു മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റേയും പിന്തുണയില്ലാത്ത പ്രവാചകന്‍ ഇത്ര മഹത്തായ ഒരു മെഡിക്കല്‍ നിയമം എങ്ങനെ പഠിപ്പിച്ചുവെന്നത് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഒരു കുട്ടി ജനിക്കുമ്പോള്‍ മുതലുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിയമസംഹിതയുമായി ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമം ഇസ്‌ലാം തയ്യാറാക്കിയിരിക്കുകയാണ്.

നിസ്‌കാരമെന്ന അതിസുന്ദരമായ പ്രാര്‍ഥനാ രീതി വിശ്വാസികള്‍ക്ക് നല്‍കി. പഠിക്കുന്തോറും അത്ഭുതാവഹമായ അനുഭൂതി പകരുന്ന ഒരു ആരാധനാ രീതിയാണ് നിസ്‌കാരം. സൂര്യന്റേയും ചന്ദ്രന്റേയും നീക്കങ്ങള്‍ക്ക് അനുസൃതമായി ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത് ലോക പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്മാരെയെല്ലാം അതിശയിപ്പിച്ച പ്രാര്‍ഥനാ രീതിയാണിത്. മനുഷ്യന്റെ ജൈവ ഘടികാരം തിരിയുന്ന സമയത്താണ് ഇവയുടെ സമയം എന്ന് ഗവേഷകര്‍ പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് ഒരു മനുഷ്യന്‍ പ്രാര്‍ഥനകളിലേര്‍പ്പെട്ടാല്‍ അവരുടെ ശരീരം കൂടുതല്‍ ആരോഗ്യകരമായി മാറുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് സുന്ദരമായ ഒരു വൈദ്യ വ്യവഹാരമാണ്.

ലോകത്തിലെ വിവിധ വിഭാഗങ്ങളുടെ നോമ്പുകളില്‍ വച്ച് ഏറ്റവും ശ്രേഷ്ടമായത് ഇസ്‌ലാം മത വിശ്വാസികള്‍ പിന്‍തുടരുന്ന വ്രതാനുഷ്ടാനമാണ് എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുണ്ട്. പതിനൊന്നര മണിക്കൂര്‍ ഒരു മനുഷ്യന്‍ ഭക്ഷണം ഉപേക്ഷിച്ച് ഇരിക്കുമ്പോള്‍ ശരീരത്തില്‍ ഒരു പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിന്‍കൂടില്‍ നിന്നും ഒരു രാസാഗ്നി ഉത്പാദനം നടക്കും. പതിനൊന്നര മണിക്കൂര്‍ കഴിയുമ്പോള്‍ അത് പൊട്ടി ശരീരത്തിലേക്ക് വ്യാപിക്കുകയും ചെയ്യും. ഇത് മാരകരോഗങ്ങളായ ക്യാന്‍സറിനെ പോലും ഇല്ലാതാക്കാന്‍ കഴിയുന്ന പ്രതിരോധ ശേഷിയുള്ളതാണെന്നും ആധുനിക ആരോഗ്യ രംഗം വ്യക്തമാക്കുന്നു. ഇതിലൂടെ പ്രവാചകാധ്യാപനം എത്രത്തോളം ദീര്‍ഘവീക്ഷണത്തോടെയാണെന്നുള്ളതാണ് മനസ്സിലാക്കിതരുന്നത്.

സാമ്പത്തിക ഭദ്രതതക്ക് വേണ്ടിയുള്ള പ്രവാചകന്റെ നിയമസംഹിതക്ക് പകരം വെക്കാന്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞരുടെ കൂര്‍മ ബുദ്ധിക്കും കഴിഞ്ഞിട്ടില്ല. ലോകത്ത് ഒരിടത്തും സ്ത്രീകള്‍ക്ക് സ്വത്ത് അവകാശം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ പ്രവാചകന്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി. സ്ത്രീകള്‍ക്ക് സ്വത്ത് അവകാശം നല്‍കിയ ലോകത്തിലെ ആദ്യ നേതാവായി പ്രവാചകന്‍ ചരിത്രത്തെ ഞെട്ടിച്ചു. പെണ്‍കുട്ടികള്‍ അനാഥരാവാന്‍ പാടില്ലെന്നും കുടുംബ സ്വത്തിന്റെ ഒരു പങ്ക് അവള്‍ക്ക് ലഭ്യമാക്കണമെന്നും പറഞ്ഞ മഹത്തായ പ്രവാചക വാക്യമാണ് പില്‍കാലത്ത് സ്ത്രീ സ്വാതന്ത്ര്യത്തിന് വഴിതെളിച്ചത്. ലോകത്തില്‍ ആദ്യമായി പുത്രന്റെ സ്വത്ത് മാതാവിന് ലഭിക്കുന്ന നിയമം നടപ്പാക്കിയതും മുഹമ്മദ് നബിയാണ്.

ലോകത്തിലെ എല്ലാ വിഭാഗങ്ങളിലും വിവാഹത്തിന് സ്ത്രീകളില്‍ നിന്ന് പുരുഷന്മാര്‍ പണം വാങ്ങുന്ന സമ്പ്രദായം നിലനിന്നപ്പോള്‍ അത് തുടച്ച് മാറ്റി പെണ്‍കുട്ടിക്ക് പുരഷന്‍ മഹ്‌റ് നല്‍കണമെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കാലത്ത് നടപ്പാക്കിയ മതനിരപേക്ഷമായ ഭരണ വ്യവസ്ഥ ലോകം എന്നും പഠനവിധേയമാക്കിയിട്ടുണ്ട്. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍പെട്ടവനല്ല എന്ന പ്രഖ്യാപനം പ്രവാചകന്‍ നടത്തി. അവിടെ ജാതിയോ വര്‍ഗമോ വര്‍ണമോ അദ്ദേഹം വേര്‍തിരിച്ചിട്ടില്ല എന്നതാണ് പ്രവാചകാധ്യാപനത്തിന്റെ പ്രസക്തി. ഇത്രത്തോളം മഹത്തായ ജീവിതം നയിച്ച ഒരു വ്യക്തിത്വത്തെ ചരിത്രത്താളുകളില്‍ കാണാന്‍ കഴിയില്ലെന്നതാണ് വാസ്തവം. എക്കാലത്തും പ്രസക്തമായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ എന്നും ലോകം പിന്‍തുടരും.