ഇന്ത്യയില്‍ എടിഎം മെഷീനുകള്‍ അതീവ സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്

Posted on: November 28, 2016 4:19 pm | Last updated: November 29, 2016 at 10:53 am

rupay-atm_650x400_61476941309ന്യൂഡല്‍ഹി: ഇന്ത്യയില്‍ എടിഎം മെഷീനുകള്‍ അതീവ സുരക്ഷാ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. 2017ല്‍ ഇന്ത്യയില്‍ എടിഎമ്മുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുമെന്നും യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷാ കമ്പനി ഫയര്‍ഐ പുറത്തുവിട്ട റിപ്പാര്‍ട്ട് വ്യക്തമാക്കുന്നു. ഏഷ്യാ-പസഫിക് മേഖലയിലാകും എടിഎം കേന്ദ്രീകരിച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകുകയെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ ഉള്‍പ്പെടെ എഷ്യാ പസഫിക് രാജ്യങ്ങളിലെ എടിഎം മെഷീനുകളില്‍ ഭൂരിഭാഗത്തിലും പഴയ സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്. വിന്‍ഡോസിന്റെ പഴയ പതിപ്പായ എക്‌സ്പിയില്‍ അധിഷ്ടിതമായ സോഫ്റ്റ്‌വെയറുകളാണ് മിക്ക എടിഎമ്മുകളിലും ഉള്ളത്. ഇത് സൈബര്‍ വിദഗ്ധര്‍ക്ക് തകര്‍ക്കാന്‍ എളുപ്പമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മത സംഘടനകളെ ലക്ഷ്യം വെച്ചാകും അടുത്ത വര്‍ഷം ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണം നടക്കുകയെന്ന് ഫയര്‍ഐ മുന്നറിയിപ്പ് നല്‍കുന്നു.

അടുത്തിടെ ഇന്ത്യയിലെ എടിഎമ്മുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തേക്കാള്‍ രൂക്ഷമാകും ഭാവിയിലെ ആക്രമണങ്ങള്‍ എന്നാണ് സൂചന. എടിഎം മെഷീനുകള്‍ക്ക് നേരെയുണ്ടായ മാല്‍വെയര്‍ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വന്‍കിട ബാങ്കുകള്‍ ലക്ഷക്കണക്കിന് ഡെബിറ്റ് കാര്‍ഡുകള്‍ റദ്ദാക്കിയിരുന്നു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം ആറ് ലക്ഷം ഡബിറ്റ് കാര്‍ഡുകളാണ് റദ്ദാക്കിയിരുന്നത്. എച്ച് ഡി എഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ പുതുതലമുറ ബാങ്കുകളും വന്‍തോതില്‍ എടിഎം കാര്‍ഡുകള്‍ റദ്ദാക്കിയിരുന്നു. ജപ്പാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലുണ്ടായ എടിഎം ആക്രമണത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്ത്യയിലും സംഭവിച്ചത്.