Connect with us

Malappuram

മലപ്പുറം ജലനിധി ഓഫീസില്‍ കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍

Published

|

Last Updated

മലപ്പുറം: മലപ്പുറം മേഖലാ ജലനിധി ഓഫീസിലെ ഫണ്ടില്‍ നിന്ന് കൃത്രിമം കാണിച്ച് ആറ് കോടി രൂപ തട്ടിയെടുത്ത ഒന്നാം പ്രതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. ജലനിധി ഓഫീസിലെ താത്കാലിക ജീവനക്കാരനായ കാസര്‍കോട് നീലേശ്വരം സ്വദേശി പ്രവീണ്‍ കുമാറിനെയാണ് മലപ്പുറം ഡി വൈ എസ് പി. പി എം പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കേസിലെ രണ്ടാം പ്രതിയും പ്രവീണിന്റെ ഭാര്യയുമായ ദീപ, മൂന്നാം പ്രതി നീലേശ്വരം സ്വദേശി മിഥുന്‍ കൃഷ്ണ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. എസ് പി ദെബേഷ്‌കുമാര്‍ ബെഹറക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി വൈ എസ് പിയുടെ അന്വേഷണ സംഘത്തിലെ സി ഐ പ്രേംജിത്തിന്റെ നേതൃത്വത്തിലാണ് ഒന്നാം പ്രതിയെ നീലേശ്വരം റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് പിടികൂടിയത്. പ്രതിയെ മലപ്പുറം ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് നീലേശ്വരം, കാഞ്ഞങ്ങാട്, മടിക്കേരി, കുടക്, മംഗലാപുരം എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രവീണിന്റെ ഭാര്യ ദീപയെ കാണുന്നതിന് മംഗലാപുരത്ത് നിന്ന് നീലേശ്വരത്തേക്ക് ട്രെയിനില്‍ വരുന്ന സമയത്താണ് പ്രവീണ്‍ പിടിയിലായത്. ജലനിധിയില്‍ നിന്ന് തട്ടിയെടുത്ത പണമുപയോഗിച്ച് എറണാകുളത്ത് രണ്ട് ഫഌറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നും പ്രതി താമസിച്ചു വന്ന പെരിന്തല്‍മണ്ണയില്‍ ഇയാളുടെ പേരിലും ഭാര്യാ പിതാവിന്റെ പേരിലും രണ്ട് വീടും സ്ഥലവും വാങ്ങിയിട്ടുണ്ടെന്നും പെരിന്തല്‍മണ്ണ പാതായ്ക്കരയില്‍ 40 സെന്റ് സ്ഥലവും വാങ്ങിയിട്ടുണ്ടെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
കൂടാതെ ഈ പണം ഉപയോഗിച്ച് കോഴിക്കോട് നിന്ന് 68 ലക്ഷം രൂപക്ക് ബി എം ഡബ്ലിയു കാറും, ജീപ്പും ആള്‍ട്ടോ കാറും വാങ്ങിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങി.

മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ 500 ഓളം പദ്ധതികള്‍ക്കുള്ള ജലനിധി സഹായം പഞ്ചായത്തുകളിലേക്കുള്ള അക്കൗണ്ടുകളിലേക്ക് കൈമാറുന്നതിനിടെ കൃത്രിമ രേഖയുണ്ടാക്കി സ്വകാര്യ അക്കൗണ്ടിലേക്ക് വകമാറ്റുകയായിരുന്നു. 2012 മുതല്‍ 25 തവണയായാണ് തുക തട്ടിയത്.അന്വേഷണ സംഘത്തില്‍ സി ഐക്ക് പുറമെ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ എ എസ് ഐ. അബ്ദുല്‍ അസീസ്, എസ് സി പി ഒ. എസ് സാബുലാല്‍, ശശി കുണ്ടറക്കാടന്‍, സത്യന്‍, വേലായുധന്‍, സി പി ഒ ജിനേഷ്, അബ്ദുല്‍ കരീം, ഡബ്ലിയു സി പി ഒ സുഷ്മ, ഷര്‍മിള എന്നിവരുമുണ്ടായിരുന്നു.

Latest