Connect with us

International

യുഎസില്‍ വംശീയ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു: പെണ്‍കുട്ടിയുടെ ഹിജാബ് വലിച്ചുകീറി

Published

|

Last Updated

വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം അമേരിക്കയില്‍ മുസ്‌ലിംകളെ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ വര്‍ധിക്കുന്നു. മിനേസോട്ടയിലെ നോര്‍ത്‌ഡെയ്ല്‍ മിഡില്‍ സ്‌കൂളില്‍ മുസ്‌ലിം പെണ്‍കുട്ടിയുടെ ഹിജാബ് വലിച്ചുകീറിയതാണ് അവസാനത്തെ സംഭവം. യു എസില്‍ ഹിജാബ് ധരിച്ചെത്തുന്ന മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ അടുത്തിടെ ഏറെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് സ്‌കൂള്‍ അധികൃതര്‍ അന്വേഷിച്ചുവരികയാണ്.
മുസ്‌ലിംകളെ ലക്ഷ്യമാക്കിയുള്ള വംശീയ ആക്രമണമാണ് നടന്നതെന്ന് അമേരിക്കന്‍ ഇസ്‌ലാമിക് റിലേഷന്‍സ്(സി എ ഐ ആര്‍) ഇതിനെ വിശേഷിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായതെന്നും ഈ സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ പ്രതികരണം ഏറെ ആശങ്ക സൃഷ്ടിക്കുന്നതാണെന്നും സി എ ഐ ആര്‍ വ്യക്തമാക്കി. സംഭവത്തെ കുറിച്ച് കുട്ടിയുടെ മാതാപിതാക്കളാണ് സി എ ഐ ആറിനെ ധരിപ്പിച്ചത്. വിദ്യാര്‍ഥിനിയുടെ പിറകിലൂടെ എത്തിയവര്‍ ഹിജാബ് വലിച്ചുകീറി പിറകോട്ട് എറിയുകയും മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് ഈ കുട്ടിയുടെ മുടി പിടിച്ചുവലിച്ച് ആക്രമിക്കുകയും ചെയ്തുവെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.
ഇന്നലെ വരെ സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. കുട്ടികളുടെ മതവിശ്വാസവും മറ്റും കണക്കിലെടുത്ത് എല്ലാവരെയും തുല്യപരിഗണനയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ സന്നദ്ധത കാണിക്കണമെന്നും ഇതിന് വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും സി എ ഐ ആര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജീലാനി ഹുസൈന്‍ ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുന്ന സാഹചര്യം ഉണ്ടാകാന്‍ പാടില്ലെന്നും ആക്രമികള്‍ സ്‌കൂളിലെ മറ്റു മുസ്‌ലിം വിദ്യാര്‍ഥികളെയും ലക്ഷ്യം വെച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികൃതര്‍ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നാണ് സ്‌കൂള്‍ അധികാരികളുടെ പ്രതികരണം.