Connect with us

Editorial

കോടതി പറഞ്ഞതും പറയാത്തതും

Published

|

Last Updated

അടിവരയിടേണ്ട ഒരു പരാമര്‍ശമാണ് സ്ത്രീപീഡനക്കേസുകളെ നിസ്സാരവത്കരിക്കുന്ന നിയമപാലകരുടെയും അധികൃതരുടെയും നിലപാടിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിന്നുണ്ടായത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അഭിപ്രായപ്പെട്ട കോടതി ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് അറുതി വരുത്താനും സ്ത്രീകളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും ലൈംഗികാതിക്രമ കേസുകള്‍ അതീവ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യേണ്ടതുണ്ടെന്ന് ഉണര്‍ത്തുകയുണ്ടായി. രണ്ട് കായിക വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ ബാസ്‌കറ്റ് ബോള്‍ കോച്ച് സ്ഥാനത്ത് നിന്ന് പിരിച്ചു വിട്ട കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപടിക്കെതിരെ കൊല്ലം സ്വദേശി രാജന്‍ ഡേവിഡ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

സുപ്രീം കോടതി ഒരിക്കല്‍ പറഞ്ഞു: “കൊലപാതകി ഇരയുടെ ഭൗതിക ശരീരം മാത്രമാണ് നശിപ്പിക്കുന്നതെങ്കില്‍ ബലാത്സംഗത്തില്‍ നിസ്സഹയായ ഒരു സ്ത്രീയുടെ ആത്മാവ് തന്നെയാണ് നശിപ്പിക്കപ്പെടുന്നത്”. ബലാത്സംഗത്തിന്റെയും സ്ത്രീപീഡനത്തതിന്റെയും ഗൗരവവും കുറ്റകൃത്യത്തിന്റെ കാഠിന്യവാണ് കോടതി ഇതിലൂടെ വരച്ചു കാണിക്കുന്നത്. എന്നാല്‍ ഇതിനനുസൃതമായ സമീപനമല്ല ഇത്തരം കേസുകളില്‍ നിയമ പാലകരില്‍ നിന്നും നീതിന്യായ കോടതികളില്‍ നിന്ന് പോലുമുണ്ടാകുന്നത്. സ്ത്രീകള്‍ വ്യാപകമായി പീഡിപ്പിക്കപ്പെടുകയാണിന്ന്. വെളിയില്‍ മാത്രമല്ല, വീടിനകത്തും അവള്‍ക്ക് സുരക്ഷിതത്വമില്ല. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്ത്രീകളില്‍ 79 ശതമാനവും പൊതുവേദികളില്‍ ചെറിയ തോതിലെങ്കിലും പീഡനം അനുഭവിക്കുന്നുണ്ടെന്നാണ് യു കെ യിലെ ഒരു സ്ഥാപനം നടത്തിയ പഠനത്തില്‍ കണ്ടത്. ഇവരില്‍ അധികൃതരുടെ മുമ്പാകെ പരാതിപ്പെടുന്നവര്‍ ചുരുക്കമാണ്. 2011ല്‍ ആംനസ്റ്റി ഇന്റര്‍ നാഷനല്‍ പുറത്തിറക്കിയ കണക്ക് പ്രകാരം ഇന്ത്യയില്‍ കേവലം അഞ്ച് ശതമാനം ബലാത്സംഗ കേസുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളു. പരാതിപ്പെടുന്നവരുടെ കേസുകളില്‍ തന്നെ നല്ലൊരു പങ്കും ചാര്‍ജ് ചെയ്യപ്പെടുന്നില്ല. ബാഹ്യസ്വാധീനത്തിനും സാമ്പത്തിക താത്പര്യങ്ങള്‍ക്കും വഴങ്ങി നിയമപാലകര്‍ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ തിരിമറികള്‍ നടത്തി കേസ് അട്ടിമറിക്കുന്നു. കോടതികളിലെത്തുന്ന കേസുകളില്‍ തന്നെ പ്രതികളില്‍ ഭൂരിപക്ഷവും ശിക്ഷിപ്പെടുന്നുമില്ല. ക്രൈംസ് ബ്യൂറോയുടെ കണക്കനുസരിച്ചു ബലാത്സംഗ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നത് നാലിലൊന്ന് മാത്രമാണ്. മാത്രമല്ല പലപ്പോഴും നിയമം നിര്‍ദേശിച്ചതിലും കുറഞ്ഞ ശിക്ഷകളാണ് കോടതികളില്‍ നിന്നുണ്ടാകുന്നത്. ഇത്തരം വിധിപ്രസ്താവനകള്‍ സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
നിയമത്തിന്റെ അപര്യാപ്തതയാണ് സ്ത്രീ പീഡനക്കേസുകളുടെ വര്‍ധനവിന് കാരണമെന്ന പക്ഷക്കാരുണ്ട്. എന്നാല്‍ നിയമത്തിന്റെ അപര്യാപ്തതയിലപ്പുറം അത് നടപ്പാക്കുന്നതിലുള്ള ഉദാസീനതയാണിതിന് കാരണമെന്നാണ് ഇതിനിടെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി ഉബൈദുല്ല ചൂണ്ടിക്കാണിച്ചത്. നിയമങ്ങള്‍ ആവിഷ്‌കരിച്ചാല്‍ പോരാ, അവ പ്രയോഗത്തില്‍ വരുത്താനുള്ള ആര്‍ജവം അധികൃതര്‍ക്കുണ്ടാകണം. കണ്ണ് തുറന്നു സാമൂഹിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി നിയമം നടപ്പിലാക്കുന്നതില്‍ നിയമ പാലകര്‍ ഉദാസീനത കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയുണ്ടായി, ഇത് തന്നെയാണ് ഹൈക്കോടതി പറഞ്ഞതിന്റെയും വിവക്ഷ.

എന്നാല്‍ സ്ത്രീപീഡനക്കേസുകളോടുള്ള അധികൃതരുടെ ലാഘവത്വം സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നത് പോലെ തന്നെ സ്ത്രീപീഡനത്തിന് പുരുഷനെ പ്രചോദിതമാക്കുന്ന സാഹചര്യങ്ങളെയും പ്രവണതകളെയും നിസ്സാരമായി കാണുന്ന സാമൂഹിക നിലപാടും അപകടകരമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. നഗ്നത വെളിപ്പെടുത്തുന്ന സ്ത്രീകളുടെ വസ്ത്ര ധാരണരീതി, രതിലീലാവിലാസങ്ങള്‍ നിറഞ്ഞ സീരിയലുകള്‍, സിനിമകള്‍, ലൈംഗിക ചോദന ഉത്തേജിപ്പിക്കുന്ന പോണ്‍ ചാനലുകള്‍, ലൈംഗിക ഹോര്‍മോണിന്റെ വളര്‍ച്ച ത്വരിതപ്പെടുത്തുന്ന ലഹരി ഉപയോഗം തുടങ്ങി യുവാക്കളെ വേലിചാടാന്‍ പ്രചോദിതമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. കലാലയങ്ങളില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതും യഥേഷ്ടം ഇടപഴകുന്നതും അവകാശമായി കാണുകയും വെവ്വേറെ ഇരുന്ന് പഠിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ നിര്‍ദേശത്തെ അപരിഷ്‌കൃതമായി മുദ്രകുത്തുകയും ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും, നിയമസഭക്കകത്തും പൊതുവേദികളിലും പരിസരം മറന്ന് നീല ചിത്രങ്ങള്‍ കണ്ടാസ്വദിക്കുന്ന നേതാക്കള്‍, പരപുരുഷന്മാര്‍ തമ്മിലുള്ള വഴിവിട്ട ബന്ധങ്ങളെ കേവല സൗഹൃമായി വ്യാഖ്യാനിച്ചു അതിന് പ്രോത്സാഹനം നല്‍കുന്ന അത്യുദാര മനോഭാവം. ഇതെല്ലാം സമൂഹത്തിന് നല്‍കുന്ന സന്ദേശമെന്താണ്? ലൈംഗികതക്ക് അതിര്‍ വരമ്പുകളില്ലെന്നും സ്ത്രീകള്‍ കേവലം പുരുഷന്റെ ഉപഭോഗ വസ്തുവാണെന്നുമുള്ള അപകടകരമായ ചിന്താഗതിയാണ് യുവസമൂഹത്തില്‍ ഇത് വളര്‍ത്തുന്നത്? സ്ത്രീകളെ വശീകരിച്ചു പാട്ടിലാക്കാനും വഴിപ്പെട്ടിെല്ലങ്കില്‍ കീഴ്‌പ്പെടുത്താനും അവരെ പ്രചോദിതമാക്കുന്നതിലും, ബസിലും ട്രെയിനിലുമടക്കം സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റങ്ങള്‍ വര്‍ധിച്ചതിലും സമൂഹത്തിന്റെ ഈ നിസ്സംഗതക്ക് വലിയൊരു പങ്കുണ്ട്. നിയമ പീഠങ്ങളും സാംസ്‌കാരിക ലോകവും ഇതിനെതിരെയും ശക്തിയായി പ്രതികരിക്കേണ്ടതുണ്ട്.