Connect with us

Kozhikode

ഏക സിവില്‍ കോഡ് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

കോഴിക്കോട്: ഏക സിവില്‍ കോഡ് മുസ്‌ലിംകളെ മാത്രമല്ല, ഇവിടുത്തെ ബഹുമുഖ സംസ്‌കാരങ്ങളെ കൂടി ബാധിക്കുന്ന പ്രശ്‌നമാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടി എം എല്‍ എ.
കോഴിക്കോട് ടാഗോര്‍ ഹാളില്‍ ആരംഭിച്ച മുസ്‌ലീം യൂത്ത് ലീഗ് ത്രിദിന സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ വേണ്ടി മുത്വലാക്ക് എന്ന വിഷയത്തെ ഒരു ഇരയാക്കി ഉപയോഗിക്കുകയാണ് സംഘപരിവാറുകാര്‍.
ഇടതുപക്ഷ വാദികള്‍ പലരും തുടക്കത്തില്‍ അത് ഏറ്റു പറഞ്ഞെങ്കിലും പിന്നീട് വാദം പിന്‍വലിച്ചു. ശ്രദ്ധിച്ചില്ലെങ്കില്‍ ഇടതുപക്ഷം സംഘപരിവാറിന്റെ വലയില്‍ വീഴും. തീവ്രവാദത്തിനെതിര തുടക്കം മുതല്‍ വളരെ ശക്തമായ നിലപാടാണ് പാര്‍ട്ടി കൈകൊണ്ടിട്ടുള്ളത്. ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യാ രാജ്യത്ത് ഇന്ന് വളര്‍ന്ന വരുന്ന ഫാസിസത്തെയും തീവ്രവാദത്തെയും ന്യൂനപക്ഷങ്ങള്‍ക്ക് എതിര്‍ക്കാന്‍ സാധിക്കുന്നതും അവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തില്‍ നിന്നുമാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ യൂത്ത് ലീഗിന്റെ നാല് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് കാലം 2012-16 സയ്യിദ് സ്വദിഖലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. ഫാസിസവും ദേശീയതയും, മതവും ബഹുസ്വരതയും, പരിസ്ഥിതിയും വികസനവും, ഏകീകൃത സിവില്‍ കോഡും ലിംഗ സമത്വവും, ന്യൂനപക്ഷ രാഷ്ട്രീയ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറുകള്‍ സംഘടിപ്പിച്ചു.
ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എം എല്‍ എമാരായ ഡോ. എം കെ മുനീര്‍, കെ എം ഷാജി, മുസ്‌ലിം ലീഗ് നേതാക്കളായ കെ പി എ മജീദ്, പി കെ കെ ബാവ, എം സി മാഹിന്‍ഹാജി, ഉമ്മര്‍ പാണ്ടികശാല, അഡ്വ. നൂര്‍ബിന റഷീദ്, ഫ്രണ്ട് ലൈന്‍ എഡിറ്റര്‍ വെങ്കിടേശ് രാമകൃഷ്ണന്‍, ജെ എന്‍ യു പ്രൊഫ. എ കെ രാമകൃഷ്ണന്‍, ഡോ. ടി ടി ശ്രീകുമാര്‍, അഡ്വ. കെ എന്‍ എ ഖാദര്‍, കെ കെ ബാബുരാജ് സംസാരിച്ചു.