യൂത്ത് ലീഗ് സമ്മേളനം ആരംഭിച്ചിട്ടും പുതിയ ഭാരവാഹികളെ ചൊല്ലി രൂക്ഷതര്‍ക്കം

Posted on: November 11, 2016 7:00 am | Last updated: November 11, 2016 at 1:02 am
SHARE

pm-sadiq-aliകോഴിക്കോട്: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന സമ്മേളനം ആരംഭിച്ചിട്ടും പുതിയ ഭാരവാഹികളെ ചൊല്ലി രൂക്ഷ തര്‍ക്കം തുടരുന്നു. കഴിഞ്ഞ മൂന്ന് മാസമായി, രണ്ട് നേതാക്കളുടെ നേതൃത്വത്തില്‍ സംഘടന പിടിച്ചെടുക്കാന്‍ ചേരികളായി തിരിഞ്ഞ് നടത്തുന്ന ചരടുവലി വലിയ പ്രതിസന്ധിയിലാണ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. ദേശീയ കണ്‍വീനര്‍ പി കെ ഫിറോസും കോഴിക്കോട് ജില്ലാ പ്രസിഡന്റ് നജീബ് കാന്തപുരവുമാണ് ഇരു ചേരികളുടെയും തലപ്പത്ത്. മുസ്‌ലിം ലീഗിലെ ചില ദേശീയ ഭാരവാഹികളെയും രണ്ടാംകിട നേതാക്കളെയും കൂട്ടുപിടിച്ച് ഇവര്‍ കരുക്കള്‍ നീക്കുന്നു. യൂത്ത്‌ലീഗിന്റെ ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധി രൂക്ഷമായതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ നാല് തവണ സമവായ ചര്‍ച്ച നടന്നെങ്കിലും തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞില്ല. യൂത്ത് ലീഗിനുള്ളിലെ തര്‍ക്കങ്ങളും പുതിയ ഭാരവാഹികളെ സംബന്ധിച്ച വാര്‍ത്തകളും മാധ്യമങ്ങളില്‍ വരുന്നത് പാര്‍ട്ടി നേതൃത്വത്തെയും അസ്വസ്ഥരാക്കുന്നു. ഈ ഒരു സാഹചര്യത്തിലാണ് ഇനി ഞായറാഴ്ച സംസ്ഥാന സമ്മേളനം സമാപിച്ച ശേഷം മറ്റൊരു ദിവസം കൗണ്‍സില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാമെന്ന ധാരണയിലെത്തിയിരിക്കുന്നത്. പൊതുസമ്മേളനത്തിന് മുമ്പ് കൗണ്‍സില്‍ ചേര്‍ന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കലാണ് മുന്‍കാലങ്ങളിലെ രീതി. തീര്‍ത്തും വ്യത്യസ്ത സംഭവങ്ങളാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സമ്മേളനത്തിന് ശേഷം പാണക്കാട് നിന്ന് പ്രസിഡന്റിനെ പ്രഖ്യാപിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ഒരു വിഭാഗം നടത്തിയ നീക്കമാണിതെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണ ഫിറോസിനാണ്. 13 ജില്ലാ കമ്മിറ്റികള്‍ അദ്ദേഹത്തിനൊപ്പമാണെന്നറിയുന്നു. ഈ സാഹചര്യത്തില്‍ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടന്നാല്‍ ഫിറോസിന്റെ നേതൃത്വത്തിലുള്ള പാനല്‍ വിജയിക്കുമെന്ന കാര്യം വ്യക്തമാണ്. ഫിറോസിനെ മാറ്റിക്കൊണ്ടുള്ള ഒരു സമവായത്തിനും വഴങ്ങേണ്ടെന്നാണ് അദ്ദേഹത്തിനെ അനുകൂലിക്കുന്നവരുടെ നിലപാട്. കൗണ്‍സിലില്‍ വോട്ടെടുപ്പുണ്ടായാല്‍ പി കെ ഫിറോസ് പ്രസിഡന്റ്, ടി പി അശ്‌റഫലി ജനറല്‍ സെക്രട്ടറിയുമായ ഒരു പാനലിലായിരിക്കും ഈ വിഭാഗം മത്സരിക്കുക. നേതൃത്വം ഇടപെട്ട് ഒരു സമവായം ഉണ്ടാക്കിയാല്‍ ഫിറോസ് പ്രസിഡന്റ്, പാലക്കാട് നിന്നുള്ള എം എ സമദ് ജനറല്‍ സെക്രട്ടറിയുമായ കമ്മിറ്റി രൂപവത്കരിക്കുന്നതിലും ഇവര്‍ ഒരുക്കമാണ്. യൂത്ത്‌ലീഗിന്റെ പ്രായപരിധിയായ 40 കഴിഞ്ഞതിനാല്‍ നജീബിനെ മാറ്റിനിര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ നിലവിലെ യൂത്ത്‌ലീഗ് സംസ്ഥാന ഭാരവാഹികളുടെയും കെ എം ഷാജി എം എല്‍ എ അടക്കമുള്ള ചില നേതാക്കളുടെയും പിന്തുണ ഫിറോസ് വിരുദ്ധ ചേരിക്കാണ്. നജീബിനെ പിന്തുണക്കുക എന്നതില്‍ ഉപരി ഫിറോസിനെ ഒഴിവാക്കുക എന്നതാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. മികച്ച പ്രഭാഷകന്‍, സംഘാടകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ഫിറോസ് നേതൃത്വത്തില്‍ വരുന്നത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു. ഇവരുടെ തന്ത്രഫലമായാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സമ്മേളനത്തിന് ശേഷം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് വിവരം. നേരത്തെ പി വി അബ്ദുല്‍ വഹാബിനെ രാജ്യസഭ സ്ഥാനാര്‍ഥിയാക്കിയത് പോലുള്ള ഒരു നീക്കമാണ് ഇവര്‍ നടത്തുന്നത്. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് രാജ്യസഭാ സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ പിന്തുണയും മജീദിനായിരുന്നു. മജീദിന് ഗുണകരമാകുന്ന തരത്തില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിലപാടും അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെയെല്ലാം കടത്തിവെട്ടി പി വി അബ്ദുല്‍ വഹാബിനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇ കെ സമസ്തയുടെ ശക്തമായ സമ്മര്‍ദവും പാണക്കാട് ഹൈദരലി തങ്ങളുടെയും സ്വാദിഖലി തങ്ങളുടെയും പിന്തുണയുമായിരുന്നു വഹാബിന് തുണയായത്. ഈ രീതിയില്‍ ഫിറോസിന് പകരം മറ്റൊരാളെ യൂത്ത്‌ലീഗ് പ്രസിഡന്റായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെക്കൊണ്ട് പ്രഖ്യാപിക്കാനാണ് മറുവിഭാഗം ചരടുവലിക്കുന്നത്. സംസ്ഥാന കമ്മിറ്റി രൂപവത്കരണത്തിന് ശേഷം ബെംഗളൂരുവില്‍ യോഗം ചേര്‍ന്ന് യൂത്ത്‌ലീഗിന്റെ പുതിയ ദേശീയ കമ്മിറ്റിയും രൂപവത്കരിക്കും. സംസ്ഥാന കമ്മിറ്റിയില്‍ വരാന്‍ സാധ്യതയില്ലാത്തവരെയും ഇവിടെ നേതൃത്വത്തിന് അനഭിമതനായവരെയും ദേശീയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനുമാണ് പദ്ധതി.

LEAVE A REPLY

Please enter your comment!
Please enter your name here