വാര്‍ത്താ സമ്മേളനത്തിനെത്തിയ പോരാട്ടം നേതാവ് നാടകീയമായി അറസ്റ്റില്‍

Posted on: November 11, 2016 5:58 am | Last updated: November 11, 2016 at 12:59 am

കോഴിക്കോട്: തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിച്ച കേസില്‍ പോരാട്ടം നേതാവിനെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തു. പോരാട്ടം സംസ്ഥാന കണ്‍വീനറും വയനാട് മാനന്തവാടി സ്വദേശിയുമായ ഷാന്റോലാലിനെയാണ് കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്താനെത്തിയപ്പോള്‍ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കോഴിക്കോട് സിറ്റി നോര്‍ത്ത് അസി. കമ്മീഷണര്‍ ഇ പി പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ മഫ്തിയിലെത്തിയ പോലീസ് പ്രസ്‌ക്ലബ്ബിനുള്ളില്‍ നിന്നും ഷാന്റോലാലിനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണം ആഹ്വാനം ചെയത് പോരാട്ടം സംഘടനയുടെ വിവിധ പോസ്റ്ററുകള്‍ തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട ദിനം തന്നെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഷാന്റോലാലിനെതിരെ യു എ പി എ ചുമത്തി കേസെടുത്തിരുന്നു. കോഴിക്കോട് നടക്കാവിലും മെഡിക്കല്‍ കോളജ് സ്റ്റേഷനിലും രേഖപ്പെടുത്തിയ കേസുകളിലാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് അസി. കമ്മീഷണര്‍ ഇ പി പൃഥിരാജ് പറഞ്ഞു. യു എ പി എ വകുപ്പ് 39 പ്രകാരം തീവ്രവാദപ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചെന്നതാണ് കേസ്.
അതേ സമയം ഷാന്റോലാലിന്റെ അറസ്റ്റ് നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഏതെങ്കിലും സംഘടന രംഗത്ത് വന്നാല്‍ അത് നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞതാണ്. എന്നിട്ടും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരം ഒരു അറസ്റ്റുണ്ടായത് ജനാധിപത്യത്തിന്റെ കറുത്ത അധ്യായമാണ്. രാഷ്ട്രീയ എതിരഭിപ്രായം ഉള്ളവരെ നേരിടാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി യു എ പി എ മാറി. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ തുടരുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരായ എ വാസു, അഡ്വ. പി എ പൗരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.