ടോള്‍ പിരിവ്: പരിശോധന നടത്തും- മന്ത്രി സുധാകരന്‍

Posted on: November 11, 2016 8:52 am | Last updated: November 11, 2016 at 12:52 am

g-sudakaranതിരുവനന്തപുരം: കേരളത്തിലെ ടോള്‍ ആക്ട് ഉള്‍പ്പെടെ പുന:പരിശോധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുകയാണെന്ന്്്്്്് മന്ത്രി ജി സുധാകരന്‍. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ പൊതുവില്‍ ടോള്‍ പിരിവിന് എതിരാണ്. അതുകൊണ്ടുതന്നെ നിലവില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പിരിച്ചുകൊണ്ടിരിക്കുന്ന ടോള്‍ സംബന്ധിച്ച് വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായും മന്ത്രി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ടോളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.
ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ദേശീയപാത അതോറിറ്റിയുടെ കീഴിലും കേരളത്തിന്റെ കീഴിലുള്ളതുമായ ഏതാനും പാലങ്ങളിലെ ടോള്‍പ ിരിവ് നിര്‍ത്തലാക്കുകയുണ്ടായി.
ഏറ്റവും അവസാനമായി എറണാകുളം ജില്ലയിലെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, തൃപ്പൂണിത്തുറ എസ് എന്‍ കവലയിലെയും ഇരുമ്പനത്തെയും റെയില്‍വേ മേല്‍പാലങ്ങള്‍ എന്നിവയുടെ ടോള്‍ ഒക്‌ടോബര്‍ 31 അര്‍ധരാത്രി മുതല്‍ നിര്‍ത്തലാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഈ മൂന്നു പ്രവൃത്തികള്‍ക്കുമായുള്ള നിര്‍ണാണച്ചെലവ് 34.41 കോടിയാണ്.
ഇതില്‍ 19.54 കോടി വിവിധ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചടക്കേണ്ടാത്ത സംഭാവനയായിരുന്നു. ബാക്കി വരുന്ന 14.87 കോടി രൂപയാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ വായ്പ എടുത്ത് ഫണ്ട് കണ്ടെത്തിയത്. ഇതില്‍ പലിശ ഉള്‍പ്പെടെ 26.59 കോടി അടച്ചു കഴിഞ്ഞിട്ടുണ്ട്. 29.28 കോടി ടോള്‍പിരിവ് ഇനത്തില്‍ ലഭിച്ചിട്ടുണ്ട്. മൂന്നു കോടിയിലധികം രൂപ ലാഭമായി ലഭിച്ചു്. ഇക്കാര്യത്തില്‍ എട്ട്്് കോടി രൂപ നഷ്ടമുണ്ടായതായി കാണിച്ച് ആര്‍ ബി ഡി സി കെ സര്‍ക്കാറിന് കത്ത് നല്‍കിയിരിക്കുന്നു.
നഷ്ടമില്ലാത്ത കാര്യത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ഗുരുതരമായ വീഴ്ചയാണ്.
എന്നാല്‍ ടോള്‍ കരാറെടുത്ത കരാറുകാര്‍ ഇക്കാലയളവില്‍ എത്ര തുക പിരിച്ചു എന്നതിന്റെ കണക്കുകള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നുവരെ ആര്‍ ബി ഡി സി കെ ലഭ്യമാക്കിയിട്ടില്ല.
സര്‍ക്കാറില്‍ അടച്ച കണക്കുകള്‍ മാത്രമാണ് രേഖയിലുള്ളത്. കരാറുകാര്‍ ഇതിന്റെ പല മടങ്ങുകള്‍ പിരിച്ചെടുത്ത് ലാഭം കൊയ്യുകയാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.