ട്രംപിനെ പേടിക്കണം

Posted on: November 11, 2016 6:00 am | Last updated: November 11, 2016 at 12:37 am

SIRAJപ്രവചനങ്ങളെയും പ്രതീക്ഷകളെയും അപ്രസക്തമാക്കി അമേരിക്കയില്‍ കോര്‍പറേറ്റ് പ്രമുഖന്‍ ഡൊണാള്‍ഡ് ജെ ട്രംപ് പ്രസിഡന്റ്പദത്തിലെത്തിയിരിക്കുന്നു. വര്‍ണവെറിയും മുസ്‌ലിംവിരുദ്ധതയും കുടിയേറ്റവിരുദ്ധതയും യുദ്ധോത്സുകതയും അപകടകരമായ ഇടുങ്ങിയ ദേശീയതയും ഒത്തിണങ്ങിയ ട്രംപിനെ യു എസ് ജനത തിരഞ്ഞെടുത്തുവെന്നത് ലോകത്താകെ ആഞ്ഞുവീശുന്ന തീവ്രവലതുപക്ഷ തരംഗത്തിന്റെ നിദര്‍ശനമായി കാണേണ്ടതുണ്ട്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ പ്രചാരണ കോലാഹലങ്ങളാണ് ഈ തിരഞ്ഞെടുപ്പ് വേളയില്‍ നടന്നത്. കേട്ടാലറയ്ക്കുന്ന പദാവലികള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. തന്റെ എതിരാളിക്കെതിരെ ട്രംപ് നടത്തിയ അധിക്ഷേപങ്ങള്‍ സ്ത്രീവിരുദ്ധതയുടെ വിഷബോംബുകളായിരുന്നു. അദ്ദേഹം മുന്നോട്ട് വെച്ച നിലപാടുകളാകട്ടെ, പരിഷ്‌കൃത സമൂഹത്തില്‍ ഒരാളും പറയാന്‍ ധൈര്യപ്പെടുന്നതായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ അക്രമാസക്തമായി പിന്തുണക്കാന്‍ ആളുകളുണ്ടായി. സ്വന്തം പാര്‍ട്ടി പോലും കൈയൊഴിഞ്ഞിട്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ബാനറില്‍ മത്സരിച്ച ഈ മനുഷ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. പ്രചാരണത്തിലെ അജന്‍ഡകള്‍ നിശ്ചയിച്ചത് ട്രംപായിരുന്നു. അദ്ദേഹം തൊടുത്തുവിട്ട വാക്കുകള്‍ക്ക് പിറകേ പോകാനായിരുന്നു എതിരാളി ഹിലരി ക്ലിന്റന്റെയും പ്രസിഡന്റ് ബരാക് ഒബാമയുടെയും വിധി. ട്രംപ് ജയിച്ചാലും തോറ്റാലും ട്രംപിസം വാഴുമെന്ന നിലയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു.
ട്രംപിന്റെ പ്രസ്താവന ഒറ്റപ്പെട്ടതോ വ്യക്തിപരമോ ആയിരുന്നില്ലെന്നതാണ് കാരണം. അമേരിക്കയിലും പാശ്ചാത്യ നാടുകളിലാകെയും ആഞ്ഞടിക്കുന്ന വംശീയ വിവേചനത്തിന്റെയും ഇസ്‌ലാമോഫോബിയയുടെയും ഏറ്റവും നികൃഷ്ടമായ ആവിഷ്‌കാരമായിരുന്നു ട്രംപിന്റെ ആക്രോശം. ലോകത്താകെ വംശീയതയും ഫാസിസവും ജനാധിപത്യ പ്രക്രിയയില്‍ ആയുധമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ട്രംപിന്റെ വിജയമെന്ന് കാണണം. ഇന്ത്യയില്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണല്ലോ കടുത്ത അസഹിഷ്ണുതാ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. മനുഷ്യരുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ പിന്നോട്ട് പോകുകയും ഫാസിസ്റ്റ് സമീപനങ്ങള്‍ മേല്‍ക്കൈ നേടുകയും ചെയ്യുമ്പോള്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്.
റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിനാണ് ട്രംപിന്റെ അടുത്ത സുഹൃത്ത്. റഷ്യയും അമേരിക്കയും തമ്മിലുള്ള ശീതസമരത്തിന്റെ തുടര്‍ ചലനങ്ങള്‍ക്ക് ശാക്തിക സന്തുലനത്തിന്റെ തലം ഉണ്ടായിരുന്നു. അത് അസ്തമിക്കാന്‍ പോകുകയാണ്. ഇനി ഈ വന്‍ ശക്തികള്‍ ഒറ്റക്കെട്ടായിരിക്കും. അത് കൂടുതല്‍ മാരകമായ ഭൗമരാഷ്ട്രീയ ഇടപെടലുകള്‍ക്കാകും വഴി വെക്കുക. ഫ്രാന്‍സിലെ ലി പെന്നടക്കമുള്ള സര്‍വ നവ നാസി നേതാക്കളുടെയും ആരാധനാപാത്രമാണ് ട്രംപ്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വേലി കെട്ടണമെന്നും രാജ്യത്തെ മുസ്‌ലിംകളെ മുഴുവന്‍ പുറത്താക്കണമെന്നും ആക്രോശിച്ചയാളാണ് അദ്ദേഹം. ഈ വാക്കുകള്‍ പ്രയോഗവത്കരിക്കാന്‍ തന്റെ സീമകളില്ലാത്ത അധികാരം ട്രംപ് ഉപയോഗിച്ചാല്‍ (അമേരിക്കന്‍ കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സമ്പൂര്‍ണ ആധിപത്യമുണ്ട്) അമേരിക്കയുടെ വാതിലുകള്‍ തൊഴിലന്വേഷകര്‍ക്കും കുടിയേറ്റക്കാര്‍ക്കും മുന്നില്‍ കൊട്ടിയടക്കപ്പെടും. ഇസ്‌ലാമോഫോബിയയുടെ കണ്ണടയിലൂടെയാണ് ട്രംപ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളെ കാണാന്‍ പോകുന്നതെങ്കില്‍ മധ്യപൗരസ്ത്യ ദേശത്തും അറബ് മേഖലയിലും ലോക പോലീസിന്റെ ബൂട്ടുകള്‍ കൂടുതല്‍ ക്രൗര്യത്തോടെ പതിയും.
ആണവായുധങ്ങള്‍ എന്തിനാണ് പ്രയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്നതെന്ന് ട്രംപ് ചോദിച്ചത് ഡിബേറ്റിന് ഒരു പഞ്ച് കിട്ടാനാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. എന്നാല്‍ മൊത്തം നിലപാടുകള്‍ നോക്കിയാല്‍ അങ്ങനെ സമാധാനിക്കാനാകില്ല. യുദ്ധോത്സുകത എല്ലാ അതിദേശീയ വാദികളുടെയും സ്ഥായിയായ ഭാവമാണ്. വൈറ്റ്ഹൗസില്‍ നിന്ന് കൂടുതല്‍ യുദ്ധ ഉത്തരവുകള്‍ പിറക്കുമെന്ന് ചുരുക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രംപിന് വലിയ കാര്യമാണ്. പ്രചാരണ ഘട്ടത്തില്‍ അദ്ദേഹം അത് തുറന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ അധികാരത്തിലെത്തിയ ട്രംപ് ആ സൗഹൃദം കാണിക്കുമെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന്റെ ‘അമേരിക്ക ഫസ്റ്റ്’ ആഹ്വാനം നമ്മുടെ മേക് ഇന്‍ ഇന്ത്യയുടെ നേര്‍ വിപരീതമാണ്. പുറം ജോലിക്കരാറിന്റെയും എച്ച് വണ്‍ ബി വിസയുടെയും കാര്യത്തില്‍ പുതിയ പ്രസിഡന്റ് എടുക്കാന്‍ പോകുന്ന തീരുമാനങ്ങള്‍ ഇന്ത്യക്ക് വിനയാകുമെന്നുറപ്പാണ്. ഒബാമ ഭരണകൂടം ഉണ്ടാക്കിയ കരാറുകള്‍ ട്രംപ് പുനഃപരിശോധിക്കാന്‍ തീരുമാനിച്ചാലും ഇന്ത്യക്ക് തിരിച്ചടി കിട്ടും. കശ്മീര്‍ വിഷയത്തില്‍ ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള ഇടപെടാതിരിക്കല്‍ നയം ഇന്ത്യയുമായി ചേര്‍ന്ന് പോകുന്നതാണ്. കടുത്ത ചൈനാവിരുദ്ധ സമീപനം ട്രംപ് പുറത്തെടുക്കുമെന്നത് മേഖലയിലെ ശാക്തിക ബലാബലത്തില്‍ നമുക്ക് ഗുണകരമാകുമെന്ന് കരുതപ്പെടുന്നു.
ചാപല്യവും അജ്ഞതയും എടുത്തു ചാട്ടവും വംശീയതയും അഹങ്കാരവും മുസ്‌ലിംവിരുദ്ധതയും നിറഞ്ഞ ഇപ്പോഴത്തെ ട്രംപിനെ തന്നെയാണ് ഭരണ സാരഥ്യത്തിലും കാണാന്‍ പോകുന്നതെങ്കില്‍ ആ ദുരന്തത്തിന്റെ ആദ്യ ഇര അമേരിക്കയായിരിക്കും. പിന്നെ ലോകവും. അതുകൊണ്ട് രാജ്യത്തെയും ലോകത്തെയും മാറ്റും മുമ്പ് അദ്ദേഹം സ്വയം മാറട്ടെ.