കളക്ട്രേറ്റിലെ സ്‌ഫോടനം: മലപ്പുറത്ത് അഫ്‌സ്പ നടപ്പാക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി

Posted on: November 3, 2016 10:49 am | Last updated: November 3, 2016 at 11:24 am

subrahmanyaswamiന്യൂഡല്‍ഹി: മലപ്പുറം ജില്ലയില്‍ അഫ്‌സ്പ നടപ്പാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ പരിശീലനത്തിന്റെ ഭാഗമാണ് മലപ്പുറം കളക്ട്രേറ്റില്‍ നടന്ന സ്‌ഫോടനമെന്നും അദ്ദേഹം ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സായുധസേന പ്രത്യേകാധികാര നിയമം പാസാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയെ സൈന്യത്തിന് കൈമാറാന്‍ ഭരണകൂടം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെയും മലപ്പുറത്ത് അഫ്‌സ്പ നടപ്പാക്കണമെന്ന് സ്വാമി ആവശ്യപ്പെട്ടിരുന്നു.

മലപ്പുറം ജില്ല സിപിഎമ്മിന്റെ ആദിപാപമാണ്. കേരളത്തിലെ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഭരണഘടനയുടെ അന്തസത്തയും പൗരന്റെ സുരക്ഷയും ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. മലപ്പുറത്ത് സ്‌ഫോടനം നടന്ന സ്ഥലം അടിയന്തരമായി സന്ദര്‍ശിക്കാനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനോട് താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് കഴിഞ്ഞദിവസമാണ് നിര്‍ത്തിയിട്ടിരുന്ന വാഹനത്തില്‍ സ്‌ഫോടനമുണ്ടായത്. പ്രഷര്‍കുക്കറും അമോണിയം നൈട്രേറ്റുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ ഭാഷ്യം. സംഭവസ്ഥലത്ത് നിന്നും ദി ബേസ് മൂവ്‌മെന്റ് എന്ന സംഘടനയുടെ പേര് പതിച്ച പെട്ടിയും ലഭിച്ചിരുന്നു. ഇതിനുള്ളില്‍ നിന്നും ലഘുലേഖയും പെന്‍െ്രെഡവും കണ്ടെടുത്തിരുന്നു.