അതിവേഗ റെയില്‍പ്പാത റോഡപകടം കുറക്കുമെന്ന് ഡി എം ആര്‍ സി പഠനം

Posted on: October 29, 2016 6:00 am | Last updated: October 28, 2016 at 11:34 pm
SHARE

high-speed-train_bതിരുവനന്തപുരം: അതിവേഗ റെയില്‍പ്പാത വരുന്നതോടെ സംസ്ഥാനത്തെ റോഡപകടങ്ങള്‍ വന്‍തോതില്‍ കുറക്കാനാവുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ പഠനം. കേരളത്തില്‍ നിലവില്‍ 145,704 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും പ്രതിവര്‍ഷം പത്ത് മുതല്‍ 12 ശതമാനം വാഹനപ്പെരുപ്പം ഉണ്ടാകുന്നുണ്ട്. ഇതുമൂലം റോഡുകളില്‍ ഗതാഗത സ്തംഭനവും അപകടങ്ങളും വര്‍ദ്ധിക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി നല്‍കിയ കണക്കുകളനുസരിച്ച് പ്രതിദിനം 12പേര്‍ സംസ്ഥാനത്ത് റോഡപകടങ്ങളില്‍ കൊല്ലപ്പെടുന്നുണ്ടെന്നാണ്. ഈ വര്‍ഷം എട്ട് മാസത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 3093 പേര്‍ വാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ മരണനിരക്ക് ദേശീയ ശരാശരിയായ 12.7 ശതമാനത്തോട് തൊട്ടടുത്ത് നില്‍ക്കുന്നു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മരണം നടക്കുന്നത്. 395 പേര്‍ കേവലം 264 ദിവസങ്ങള്‍ക്കുള്ളില്‍ റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. തൊട്ടുപിന്നില്‍ 380 മരണങ്ങളുടെ കണക്കുമായി തിരുവനന്തപുരം ജില്ല. രാജ്യത്ത് പ്രതിദിനം 400 പേര്‍ക്ക് റോഡപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ടവരില്‍ 54 ശതമാനം പേര്‍ 15നും 34നുമിടയ്ക്ക് പ്രായമുള്ളവരാണ്.
സാമൂഹ്യ സാഹചര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് ജനങ്ങളുടെ ഗതാഗത ആവശ്യങ്ങളും വര്‍ധിക്കുന്നുണ്ട്. ഭൂമിയുടെ ലഭ്യതക്കുറവ് മൂലം സംസംസ്്ഥാനത്ത് റോഡ് റെയില്‍ വികസനത്തിനുള്ള സാധ്യതകള്‍ വളരെ പരിമിതമാണ്. ഈ സാഹചര്യത്തിലാണ് വളരെ കുറച്ച് ഭൂമി ഏറ്റെടുക്കലിലൂടെ 430 കിലോമീറ്റര്‍ അതിവേഗ റെയില്‍പ്പാത പൂര്‍ത്തീകരിക്കാനാവുമെന്നാണ വിലയിരുത്തപ്പെടുന്നത്. ഈ പാത പൂര്‍ത്തിയായാല്‍ കേവലം രണ്ട് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താനാവും മണിക്കൂറില്‍ 300 മുതല്‍ 350 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ സഞ്ചരിക്കുന്നത്.
അതിവേഗ റെയില്‍പ്പാത നിലവില്‍ വരുന്നതോടെ ദീര്‍ഘദൂര ഗതാഗതത്തിനായി ഉപയോഗിക്കുന്ന സ്വകാര്യവാഹനങ്ങളുടെ ഉപയോഗം 50 ശതമാനംകൊണ്ട് കുറവ് വരുത്താനാവുമെന്നാണ് ഡി എം ആര്‍ സിയുടെ പ്രാഥമിക പഠനങ്ങള്‍ വിലയിരുത്തുന്നത്. ഡി എം ആര്‍ സിയുടെ കണക്കുകളനുസരിച്ച് കേരളത്തില്‍ പ്രതിവര്‍ഷം 40000 റോഡപകടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഏതാണ്ട് 4000 പേര്‍ക്ക് ഗുരുതരമായ പരുക്കുകള്‍ സംഭവിക്കുന്നു.
സംസ്ഥാനത്തെ 30 ശതമാനം റോഡപകടങ്ങളും ദേശീയ പാതകളിലാണ് നടക്കുന്നത്. ഒരു നഗരത്തില്‍ നിന്ന് മറ്റൊരു നഗരത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് 75 ശതമാനം അപകടങ്ങളും സംഭവിക്കുന്നത്. അതിവേഗ റെയില്‍പ്പാത നിലവില്‍ വന്നാല്‍ പ്രതിദിനം 10 ശതമാനം റോഡപകടങ്ങള്‍ കുറയ്ക്കാനും 15ലധികം ജീവനുകള്‍ രക്ഷിക്കാനും കഴിയുമെന്നത് സംസ്ഥാനത്തെ സംബന്ധിച്ച് വലിയ നേട്ടമാണ്. അതിവേഗ റെയില്‍പ്പാത നിലവില്‍ വന്നാല്‍ പ്രതിദിനം 8869 വാഹനങ്ങള്‍ റോഡുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നുറപ്പാണ്. ദീര്‍ഘദൂര സഞ്ചാരത്തിന് വലിയ അളവില്‍ ബുള്ളറ്റ് ട്രെയിന്‍ ഉപകരിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതിവേഗപ്പാത നിലവില്‍ വരുമ്പോള്‍ ശബ്ദഅന്തരീക്ഷ മലിനീകരണത്തോതും വന്‍തോതില്‍ കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും ഒടുവിലത്തെ വിവരങ്ങളനുസരിച്ച് മുംബൈ അഹമ്മദാബാദ് അതിവേഗ റെയില്‍പ്പാതയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അതിവേഗപ്പാതയുടെ കരട് റിപ്പോര്‍ട്ട് സംസ്ഥാനമന്ത്രിസഭയുടെ പരിഗണനയിലാണ്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സിയുടെ സാമ്പത്തിക സഹായത്തോടെ അതിവേഗ റെയില്‍പ്പാത നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here