Connect with us

Gulf

പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവര്‍ക്ക് ഔട്ട്പാസിന് ഫീസ് ഈടാക്കില്ല: അംബാസിഡര്‍

Published

|

Last Updated

ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍

ദോഹ: പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങുന്നവര്‍ക്കുള്ള ഔട്ട്പാസിന് 60 റിയാല്‍ ഈടാക്കുന്നത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍. ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷങ്ങളോളം ജോലിയില്ലാതെയും മറ്റും ദുരിതമനുഭവിച്ചവരില്‍ നിന്ന് 60 റിയാല്‍ ഫീസ് ഈടാക്കുന്നതിനെതിരേ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കൂടുതല്‍ ശ്രദ്ധ ഊന്നുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്കാരായ വളരെ ചുരുക്കം ആളുകള്‍ മാത്രമേ മുന്നോട്ടു വന്നിട്ടുള്ളു. ഇതിന് പരിഹാരം കാണുന്നതിനും പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് അനധികൃത താമസക്കാരെ പ്രേരിപ്പിക്കുന്നതിനും മാധ്യമങ്ങളുമായും പ്രവാസി സംഘടനകളുമായും സഹകരിച്ച് കാംപയിന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് ഷെല്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവവമായി പരിഗണിക്കും. ഐ സി സിയില്‍ അതിനുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമോ എന്ന കാര്യം ആലോചിക്കും. വിസ, പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള പ്രക്രിയ പുരോഗമിക്കുകയാണ്. രണ്ട് ആഴ്ചയ്ക്കുള്ളില്‍ അതിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. സാധാരണക്കാരായ പ്രവാസികളുടെ സൗകര്യത്തിനായി ഖത്വറില്‍ മൂന്നിടങ്ങളിലായി സേവനം ലഭ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഹിലാല്‍, സല്‍വ, അല്‍ഖോര്‍ എന്നിവിടങ്ങളിലാണ് ഔട്ട്‌സോഴ്‌സിങ് കേന്ദ്രങ്ങള്‍ ആരംഭിക്കുക. പ്രവാസി ഇന്ത്യക്കാരുമായി ആശയ വിനിമയം നടത്തുന്നതിന് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളെ പരമാവധി പ്രയോജനപ്പെടുത്തും. എംബസിയുടെ ട്വിറ്റര്‍ എക്കൗണ്ടില്‍ ഇപ്പോള്‍ ഫോളോവേഴ്‌സ് കുറവാണ്. ചുരുങ്ങിയത് അഞ്ച് ലക്ഷം ഫോളോവേഴ്‌സിനെയെങ്കിലും ഉണ്ടാക്കാന്‍ ലക്ഷ്യമിടുന്നതായി അംബാസഡര്‍ പറഞ്ഞു. ഐ സി ബി എഫ് ഫണ്ട് കാര്യക്ഷമമായി ഉപയോഗിക്കാന്‍ ശ്രമിക്കും. പ്രവാസി ഇന്ത്യക്കാര്‍ക്ക് അതത് എംബസികളില്‍ നിന്ന് ലഭിക്കുന്ന കോണ്‍സുലാര്‍ സേവനങ്ങള്‍ സംബന്ധിച്ച് പരാതി സമര്‍പ്പിക്കുന്നതിന് മദദ് (സഹായം) എന്ന ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് അടിയന്തര സേവനം ലഭ്യമാക്കുന്നതിന് വേണ്ടി രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. കോടതി കേസുകള്‍, നഷ്ടപരിഹാരം, ശമ്പള കുടിശ്ശിക, ഡൊമസ്റ്റിക് ഹെല്‍പ്, സ്വദേശത്തേക്കുള്ള മടക്കം, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട എന്ത് പരാതികളും ഈ ആപ്പ് വഴി സമര്‍പ്പിക്കാവുന്നതാണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് പരമാവധി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മാധ്യമങ്ങളുടെയും പ്രവാസി സംഘടനകളുടെയും മുഴുവന്‍ ഇന്ത്യക്കാരുടെയും സഹകരണം അദ്ദേഹം അഭ്യര്‍ഥിച്ചു.

Latest