കാവേരി: തമിഴ്‌നാടിന് തിരിച്ചടിയായി വിദഗ്ധ സമിതി റിപ്പോര്‍ട്ട്

Posted on: October 18, 2016 8:36 am | Last updated: October 18, 2016 at 8:36 am

kaveriന്യൂഡല്‍ഹി: കാവേരി നദീജല വിഷയത്തില്‍ തമിഴ്‌നാടിന് തിരിച്ചടിയായി വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍. പ്രശ്‌നപരിഹാരത്തിനായി സുപ്രീം കോടതി നിയമിച്ച ഉന്നതതല വിദഗ്ധ സമിതിയാണ് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കര്‍ണാടകയിലെയും തമിഴ്‌നാട്ടിലെയും അണക്കെട്ടുകളിലെ ജല ലഭ്യതകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. തമിഴ്‌നടിന് കാവേദി നദിയിലെ ജലം വിട്ടുകൊടുക്കരുതെന്ന് പ്രത്യക്ഷമായി പരാമര്‍ശിക്കുന്നില്ലെങ്കിലും റിപ്പോര്‍ട്ട് പരോക്ഷമായി തമിഴ്‌നാടിന് എതിരാണ്.തമിഴ്‌നാട്ടിലെ മേട്ടൂര്‍ അണക്കെട്ടില്‍ കര്‍ണാടകത്തിലെ അണക്കെട്ടിനെക്കാള്‍ കൂടുതല്‍ വെള്ളം ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ണാടകത്തില്‍ കാവേരി നദിയില്‍ നിന്നുള്ള വെള്ളം എത്തുന്ന 48 വില്ലേജുകളില്‍ 42 ഇടത്തും കടുത്ത വരള്‍ച്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കര്‍ണാടകയിലെ അണക്കെട്ടില്‍ 22.90 ടി എം സി വെള്ളമാണ് ഇപ്പോഴുള്ളത്. എന്നാല്‍, തമിഴ്‌നാട്ടിലെ മേട്ടൂര്‍ അണക്കെട്ടില്‍ മാത്രം 31.66 ടി എം സി വെള്ളമുണ്ട്. കാര്‍ഷിക ആവശ്യത്തിനായി കര്‍ണാടകത്തിന് കൂടുതല്‍ വെള്ളം ആവശ്യമായി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ മാസം 18ന് തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച ഹരജിയില്‍ തീരുമാനമെടുക്കുക.