മാധ്യമങ്ങള്‍ വേട്ടയാടി; പ്രതിപക്ഷം തന്റെ രക്തത്തിന് ദാഹിച്ചുവെന്നും ജയരാജന്‍

Posted on: October 17, 2016 10:10 am | Last updated: October 17, 2016 at 1:37 pm

jayarajan-at-niyamasabhaതിരുവനന്തപുരം: വ്യവസായ വകുപ്പില്‍ താന്‍ നടപ്പാക്കിയ അഴിമതി വിരുദ്ധ നടപടികളില്‍ അസ്വസ്ഥരായവരാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ഇപി ജയരാജന്‍. ബന്ധുനിയമന വിവാദം സംബന്ധിച്ച് നിയമസഭയില്‍ നിലപാട് വിശദീകരിക്കുകയായിരുന്നു ജയരാജന്‍. താന്‍ അധികാരമേല്‍ക്കുമ്പോള്‍ വ്യവസായ വകുപ്പ് കുത്തഴിഞ്ഞ നിലയിലായിരുന്നു. പൊതുമേഖലാസ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ഉത്തരേന്ത്യന്‍ മാഫിയകള്‍ നീക്കം നടത്തിയിരുന്നതായും ജയരാജന്‍ ആരോപിച്ചു.

മാധ്യമങ്ങള്‍ 12 ദിവസം തന്നെ വേട്ടയാടിയെന്നും ജയരാജന്‍ ആരോപിച്ചു. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോള്‍ പോലും ഇല്ലാത്ത വിധത്തിലാണ് മാധ്യമങ്ങള്‍ തനിക്കെതിരായ വിവാദം ചര്‍ച്ച ചെയ്തത്. പ്രതിപക്ഷം തന്റെ രക്തത്തിനായി ദാഹിച്ചെന്നും ജയരാജന്‍ പറഞ്ഞു. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നടത്തിയ നിയമനങ്ങളും നിയമവിരുദ്ധമായിരുന്നു എന്നും ജയരാജന്‍ ആരോപിച്ചു.

ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വിഡി സതീശന്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതിപക്ഷത്തിനെതിരായ ജയരാജന്റെ ആരോപണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനാണ് സാധ്യത.