റബ്ബര്‍ വിപണിയില്‍ മുന്നേറ്റം; ചുക്ക് വില ഇടിയുന്നു

Posted on: October 16, 2016 11:32 pm | Last updated: October 16, 2016 at 11:32 pm
SHARE

marketകൊച്ചി: നവരാത്രി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ ഭക്ഷ്യയെണ്ണ വിപണി തണുത്തു. ആഗോള റബ്ബര്‍ വിപണി മുന്നേറി, ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ ഷീറ്റ് വില ഉയര്‍ത്താന്‍ കാര്യമായ താത്പര്യം കാണിച്ചില്ല. ചുക്ക് രൂക്ഷമായ വില തകര്‍ച്ചയില്‍. കുരുമുളകിന് ഡിമാന്റ് മങ്ങി. സ്വര്‍ണ വിപണി തളര്‍ച്ചയില്‍. നവരാത്രി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ പ്രമുഖ വിപണികളില്‍ പാചകയെണ്ണകള്‍ക്ക് ഡിമാന്റ് മങ്ങി. വ്യവസായികള്‍ വിദേശ ഭക്ഷ്യയെണ്ണ വന്‍തോതില്‍ ഇറക്കുമതി നടത്തിയതിനാല്‍ പ്രദേശിക വിപണി നിയന്ത്രണം വ്യവസായികളുടെ കരങ്ങളിലാണ്. ദക്ഷിണേന്ത്യയില്‍ ഇത് മുലം വെളിച്ചെണ്ണക്കും മുന്നേറാനായില്ല. തമിഴ്‌നാട്ടിലെ കൊപ്രയാട്ട് വ്യവസായികള്‍ വെളിച്ചെണ്ണ വിറ്റഴിക്കാന്‍ തിടുക്കം കാണിച്ചു. കൊച്ചിയില്‍ എണ്ണ 9100 ലും കൊപ്ര 6205 രൂപയിലാണ്.
ജപ്പാനീസ് മാര്‍ക്കറ്റില്‍ റബ്ബര്‍ അഞ്ച് മാസത്തെ ഏറ്റവും മികച്ച വിലയിലാണ്. ഒരാഴ്ച്ച നീണ്ട ഉത്സവാഘോഷങ്ങള്‍ക്ക് ശേഷം ചൈന രാജ്യാന്തര മാര്‍ക്കറ്റില്‍ തിരിച്ച് എത്തിയത് റബ്ബറിന് നേട്ടമായി. ജപ്പാനീസ് നാണയത്തിന്റെ മുല്യത്തിലെ മാറ്റവും ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കയറിയതുമെല്ലാം നിക്ഷേപകരെ റബറിലേക്ക് ആകര്‍ഷിച്ചു. ക്രൂഡ് ഓയില്‍ ഉത്പാദനം എട്ട് വര്‍ഷത്തെ ഏറവും ഉയര്‍ന്ന തലത്തിലെത്തിയെന്ന റിപ്പോര്‍ട്ടുകളും നിക്ഷേപകരെ പിന്തിരിപ്പിച്ചു. ഇന്ത്യയിലേക്കുള്ള വിദേശ റബ്ബര്‍ ഷീറ്റ് ഇറക്കുമതി വര്‍ധിച്ചതിനാല്‍ ടയര്‍ നിര്‍മ്മാതാക്കള്‍ ആഭ്യന്തര മാര്‍ക്കറ്റില്‍ താല്‍പര്യം കുറച്ചു. തുലാമാസമെത്തും മുമ്പേ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭ്യമായത് ഉല്‍പാദന മേഖലക്ക് പ്രതീക്ഷ നല്‍കി. നാലാം ഗ്രേഡ് റബ്ബറിന് 300 രൂപ ഉയര്‍ന്ന് 11,800 ലും അഞ്ചാം ഗ്രേഡ് 11,400 ലുമാണ്.
വിദേശ ചുക്ക് ആഭ്യന്തര വിപണി കൈയടക്കിയത് നാടന്‍ ചരക്കിന് ഭീഷണിയായി. ഉത്പ്പന്നത്തിന് ഡിമാന്റ് കുറഞ്ഞതോടെ ഒരു മാസമായി നിരക്ക് ഇടിയുന്നു. ശൈത്യകാലം അടുത്തതിനാല്‍ വടക്കെ ഇന്ത്യയില്‍ നിന്ന് പുതിയ അന്വേഷണങ്ങള്‍ എത്താം. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ വൈകാതെ ദക്ഷിണേന്ത്യന്‍ ചുക്കില്‍ താല്‍പര്യം കാണിക്കുമെന്ന നിഗമനത്തിലാണ് കയറ്റുമതിക്കാര്‍. പിന്നിട്ടവാരം വിവിധയിനം ചുക്ക് വില 14,250-15,750 രൂപ 13,750-15,250 രൂപയായി.
വിപണിയിലേക്കുള്ള കുരുമുളക് വരവ് ചുരുങ്ങി. ഉത്തരേന്ത്യക്കാര്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷം വിപണിയില്‍ ഇനിയും സജീവമായിട്ടില്ല. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 68,100 രൂപയില്‍ തുടരുന്നു.
വിയറ്റ്‌നാമില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള കുരുമുളക് വ്യവസായികള്‍ ഉത്തരേന്ത്യയില്‍ ഇറക്കുമതി നടത്തി. ഇത് മുലം കേരളത്തില നിന്നും കര്‍ണാടകത്തില്‍ നിന്നും മുളക് കൂടിയ വിലക്ക് ശേഖരിക്കാന്‍ ഇടപാടുകാര്‍ തയ്യാറായില്ല. ഇന്തോനേഷ്യയും ബ്രസീലും കുരുമുളക് രാജ്യാന്തര വിപണിയില്‍ ഇറക്കി.
കേരളത്തില്‍ സ്വര്‍ണ വില ഉയര്‍ന്നു. ആഭരണ കേന്ദ്രങ്ങളില്‍ പവന്‍ 22,480 രൂപയില്‍ നിന്ന് 22,560 രൂപയായി. ലണ്ടനില്‍ ഒരൗണ്‍സ് സ്വര്‍ണം 1257 ഡോളര്‍.

LEAVE A REPLY

Please enter your comment!
Please enter your name here