കരുണയും കണ്ണൂരും പ്രവേശനം അട്ടിമറിച്ചെന്ന് കമ്മീഷണര്‍

Posted on: October 8, 2016 11:32 pm | Last updated: October 8, 2016 at 11:32 pm
SHARE

docterതിരുവനന്തപുരം: ഉയര്‍ന്ന ഫീസ് അനുവദിച്ചിട്ടും പ്രവേശന കാര്യത്തില്‍ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ സര്‍ക്കാറിനെ കബളിപ്പിച്ചു. സര്‍ക്കാറുമായി കരാറൊപ്പിടാതെ സ്വന്തം നിലയില്‍ പ്രവേശന നടപടികളുമായി മുന്നോട്ടുപോയ പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജുകള്‍ സ്‌പോട്ട് അഡ്മിഷനും അട്ടിമറിച്ചെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ കണ്ടെത്തി. സ്വന്തം നിലക്ക് എം ബി ബി എസ് പ്രവേശനം നടത്തിയതിന്റെ വിവരങ്ങള്‍ സ്‌പോട്ട് അഡ്മിഷനില്‍ ഹാജരാക്കണമെന്നായിരുന്നു കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ ഉത്തരവ്. എന്നാല്‍, പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തിയ അവസാനഘട്ട സ്‌പോട്ട് അഡ്മിഷനില്‍ പ്രവേശനം സംബന്ധിച്ച യാതൊരു രേഖകളും സമര്‍പ്പിക്കാന്‍ തയ്യാറാകാതെ ഹൈക്കോടതി ഉത്തരവിന് പുല്ലുവില കല്‍പ്പിക്കുകയായിരുന്നു കോളജ് അധികൃതര്‍. ഈ സാഹചര്യത്തില്‍ സ്‌പോട്ട് അഡ്മിഷന്‍ നടപടികളുമായി സഹകരിക്കാത്ത കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി എസ് മാവോജി അറിയിച്ചു.
സ്‌പോട്ട് അഡ്മിഷനുമായി ബന്ധപ്പെട്ട ഹൈക്കോടതി നിര്‍ദേശം നടപ്പാക്കാനായില്ലെന്ന് ഈ മാസം പതിമൂന്നിന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. രേഖ വാങ്ങല്‍ മാത്രമാണ് നടന്നതെന്നും സ്‌പോട്ട് അഡ്മിഷന് മാനേജ്‌മെന്റ് പ്രതിനിധികളെത്തിയില്ലെന്നും കമ്മീഷണര്‍ കോടതിയെ അറിയിക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളജ് നീറ്റ് റാങ്ക് അടിസ്ഥാനമാക്കി പ്രവേശനം നടത്തിയെന്ന് തെളിയിക്കുന്ന യാതൊരു രേഖയും നല്‍കിയില്ല. അതുകൊണ്ടുതന്നെ ഇതുവരെ നടത്തിയ പ്രവേശനം ക്രമവിരുദ്ധമാണെന്നാണ് കമ്മീഷണറുടെ നിഗമനം. കരുണ മെഡിക്കല്‍ കോളജ് നല്‍കിയ രേഖകള്‍ അപൂര്‍ണമായിരുന്നു.
പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി, മുക്കം കെ എംസി ടി തുടങ്ങിയ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കും മറ്റ് ഒഴിവുള്ള സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളജുകളിലേക്കും പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികളുടെ സ്‌പോട്ട് അഡ്മിഷനാണ് കമ്മീഷണര്‍ നടത്തിയത്. ആകെ 543 സീറ്റുകളില്‍ നാനൂറെണ്ണം കണ്ണൂര്‍, കരുണ, കെ എം സി ടി മെഡിക്കല്‍ കോളജുകളിലായിരുന്നു. സ്‌പോട്ട് അഡ്മിഷന്‍ നടപടികളുമായി സഹകരിക്കാത്തതിനാല്‍ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ 250 സീറ്റുകളിലേക്കുള്ള പ്രവേശനം നടത്താനായില്ല.
അതേസമയം, കെ എം സി ടി കോളജിലെ നൂറ് സീറ്റുകളും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അപേക്ഷ സ്വീകരിച്ചു നേരിട്ടു നികത്തി. കെ എം സി ടി കോളജില്‍ ഏതാനും എന്‍ ആര്‍ ഐ സീറ്റില്‍ വിദ്യാര്‍ഥികളെ ലഭിക്കാത്തതിനാല്‍ അവ മാനേജ്‌മെന്റ് സീറ്റിന്റെ ഫീസീടാക്കി നികത്തുകയായിരുന്നു. എന്നാല്‍, സ്‌പോട്ട് അഡ്മിഷനു ശേഷവും മുപ്പത് ബി ഡി എസ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകള്‍ സ്വന്തം നിലക്ക് നടത്തിയ പ്രവേശനം റദ്ദാക്കിയ ശേഷം പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഏകീകൃത അലോട്ട്‌മെന്റ് നടത്താന്‍ ജെയിംസ് കമ്മിറ്റിയാണ് നേരത്തെ ഉത്തരവിട്ടത്. ഇതിനെതിരെ കോളജുകള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജെയിംസ് കമ്മിറ്റിയുടെ ഉത്തരവ് അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ നീറ്റ് അടിസ്ഥാനമാക്കി സ്‌പോട്ട് അഡ്മിഷന്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. സ്‌പോട്ട് അഡ്മിഷനില്‍ ജെയിംസ് കമ്മിറ്റിക്ക് പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്ക് പരിഗണന നല്‍കണമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here