കെ എഫ് സി, പെട്ര ബ്രാഞ്ചുകള്‍ നഗരസഭ അധികൃതര്‍ പൂട്ടിച്ചു

Posted on: October 8, 2016 7:30 pm | Last updated: October 8, 2016 at 7:30 pm

kfcദോഹ: ഭക്ഷ്യ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് കെ എഫ് സിയുടെ ഹയാത് പ്ലാസ ബ്രാഞ്ചും പെട്രയുടെ അല്‍ മുന്‍തസ ബ്രാഞ്ചും അടച്ചുപൂട്ടി. ഖത്വര്‍ ഭക്ഷ്യ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതുകൂടാതെ റുവൈസിലെ മിനി മാര്‍ക്കറ്റ് ഭാഗികമായും അടപ്പിച്ചു. ഇവയുള്‍പ്പെടെ പത്ത് റസ്റ്റോറന്റുകളും ഭക്ഷണ ഔട്ട്‌ലെറ്റുകളും നഗരസഭ, പരിസ്ഥിതി മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ ഒരാഴ്ചക്കിടെ അടച്ചുപൂട്ടിയിട്ടുണ്ട്.
വൃത്തിഹീനമായ സാഹചര്യം, പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍, കൃത്യമായ സൂക്ഷിപ്പു സ്ഥലങ്ങളുടെ അഭാവം തുടങ്ങിയ കാരണങ്ങളാലാണ് ഭക്ഷണ സ്ഥാപനങ്ങള്‍ അടപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
പഴകിയ ഭക്ഷണ പദാര്‍ഥം വിറ്റതിനാണ് ഹയാത് പ്ലാസ മാളിലെ കെ എഫ് സി ഏഴ് ദിവസത്തേക്ക് പൂട്ടിച്ചത്. കാലാവധി കഴിഞ്ഞ് പഴകിയ ചിക്കന്‍ പായ്ക്ക് ചെയ്ത് ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലാണ് കെ എഫ് സിയില്‍ നിന്നു പരിശോധകര്‍ കണ്ടെടുത്തത്. പ്ലാസ്റ്റിക് കവറിനു മുകളില്‍ പതിച്ച സ്റ്റിക്കറിലെ തീയതി കഴിഞ്ഞിട്ടു ദിവസങ്ങളായെന്ന് എം എം ഇ വെബ്‌സൈറ്റില്‍ കൊടുത്ത ചിത്രത്തില്‍ നിന്നു വ്യക്തമാണ്. അല്‍ തുമാമയിലെ റൗദത്തുല്‍ ഖൈലിലെ പെട്ര റസ്റ്റോാറന്റ് പത്ത് ദിവസത്തേക്കാണ് പൂട്ടിയത്. ആറ് ബ്രാഞ്ചുകളുള്ള പ്രമുഖ അറബിക് റസ്റ്റോറന്റാണ് പെട്ര. പഴകിയ ഭക്ഷണപദാര്‍ഥം, വൃത്തിഹീനമായ ഭക്ഷണമൊരുക്കുന്ന സ്ഥലം എന്നിവയാണ് പൂട്ടാന്‍ കാരണം. മനുഷ്യോപഭോഗത്തിന് കൊള്ളാത്ത ഭക്ഷണം സൂക്ഷിച്ചതിന് അല്‍ വക്‌റയിലെ റുക്‌ന് അല്‍ ശാം റസ്റ്റോറന്റ് ഏഴ് ദിവസത്തേക്കു അടച്ചിട്ടു. വൃത്തിഹീനമായ സാഹചര്യത്തെ തുടര്‍ന്ന് നജ്മയിലെ ഇന്ത്യന്‍ റസ്റ്റോറന്റ് 30 ദിവസത്തേക്കും പരിശോധകര്‍ സീല്‍ ചെയ്തിട്ടുണ്ട്. മറ്റു ചില റസ്റ്റാറന്‍ഡുകളും കഫ്റ്റീരിയ ബ്രാഞ്ചുകളും കഴിഞ്ഞ ദിവസങ്ങളില്‍ അടപ്പിച്ചിരുന്നു. ഏഴു ദിവസം മുതല്‍ 30 ദിവസം വരെയാണ് ഇവ അടച്ചിട്ടതെന്ന് ബലദിയ്യ നോട്ടീസില്‍ പറയുന്നു. 2014ലെ ഭക്ഷ്യ നിയമത്തില്‍ വരുത്തിയ ഭേദഗതിയനുസരിച്ച് നഗരസഭ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണ കേന്ദ്രങ്ങള്‍ പരിശോധിക്കാനും നിയമലംഘനം നടത്തുന്നവക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും അധികാരമുണ്ട്.