കരുനീക്കിയത് ഉമ്മന്‍ചാണ്ടി; പൊളിച്ചടുക്കി പിണറായി

Posted on: October 5, 2016 6:00 am | Last updated: October 5, 2016 at 12:04 am

oommenchandiതിരുവനന്തപുരം: സ്വാശ്രയ സമരം ഒത്തുതീര്‍ക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടത്തിയ ചരടുവലി പൊളിച്ചടുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. യു ഡി എഫിന് പുതുജീവന്‍ നല്‍കിയ സമരം, ആവശ്യം നേടിയെടുത്ത ശേഷം പിന്‍വലിക്കുകയായിരുന്നു പ്രതിപക്ഷ ലക്ഷ്യം. പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് മാനേജ്‌മെന്റുകളുമായി ചര്‍ച്ചക്ക് സന്നദ്ധമായെങ്കിലും ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങളെത്തിയില്ല. ഒപ്പുവെച്ച കരാറിന് സുപ്രീം കോടതി പോലും അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ മാറ്റം വരുത്താന്‍ കഴിയുമായിരുന്നില്ല. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുകയെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. 30 മെറിറ്റ് സീറ്റില്‍ പത്ത് പേര്‍ക്കെങ്കിലും സ്‌കോളര്‍ഷിപ്പ് നല്‍കി സമരം തീര്‍ക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, സര്‍ക്കാറിന് നേരത്തെ കഴിയാതിരുന്നത് പ്രതിപക്ഷ സമരത്തിലൂടെ സാധ്യമാകുന്ന സ്ഥിതി വരുന്നതിലൂടെ യു ഡി എഫിന് ലഭിക്കുന്ന രാഷ്ട്രീയ മേല്‍ക്കൈ മുഖ്യമന്ത്രി മുന്‍കൂട്ടി കണ്ടു.
പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് കുറച്ച് സമരം തീര്‍ക്കുകയെന്ന നിര്‍ദേശം സര്‍ക്കാര്‍ തള്ളിയതോടെയാണ് പ്രതിപക്ഷം മാനേജ്‌മെന്റുകളെ തന്നെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത്. എം എല്‍ എമാരുടെ നിരാഹാരം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിലായിരുന്നു നീക്കം. മാനേജ്‌മെന്റുകളുമായി ഫീസ് ഇളവിനു നിരവധി തവണ ആരോഗ്യമന്ത്രിയും താനും ചര്‍ച്ച നടത്തിയിട്ടും വഴങ്ങാത്തവര്‍ പ്രതിപക്ഷ സമരം വിജയിപ്പിക്കാന്‍ ഇറങ്ങിയതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു. മാത്രമല്ല, മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്ക് മുമ്പ് തന്നെ പ്രതിപക്ഷനേതാക്കളെ നിയമസഭയില്‍ സന്ദര്‍ശിച്ച് ഫീസ് കുറക്കാന്‍ ധാരണയായിട്ടുണ്ടെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചതും പ്രകോപനത്തിന് കാരണമായെന്നാണ് സൂചന. സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് മുമ്പ് തന്നെ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ ഫീസ് കുറയ്ക്കുന്ന കാര്യത്തില്‍ ആദ്യം അഭിപ്രായവ്യത്യാസം ഉടലെടുത്തെങ്കിലും സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഫീസ് കുറയ്ക്കാന്‍ തയ്യാറാണെന്ന് പൊതുധാരണയിലെത്തി. ഇതിനുശേഷമാണ് സര്‍ക്കാരുമായി മാനേജ്‌മെന്റുകള്‍ ചര്‍ച്ചക്കെത്തിയത്. ആരോഗ്യമന്ത്രിയുമായും ആരോഗ്യസെക്രട്ടറിയുമായും മാനേജ്‌മെന്റുകള്‍ ഏറെനേരം നടത്തിയ ചര്‍ച്ചയില്‍ പാവപ്പെട്ട കുട്ടികള്‍ക്കു സര്‍ക്കാര്‍ മാനേജ്‌മെന്റ് സംയുക്ത സ്‌കോളര്‍ഷിപ്പ് എന്ന ഫോര്‍മുല ചില മാനേജ്‌മെന്റുകള്‍ മുന്നോട്ടുവച്ചു. ഈ ചര്‍ച്ചയുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയിലെടുക്കാമെന്ന് ധാരണയിലെത്തി. ഇക്കാര്യം പ്രതിപക്ഷനേതാക്കളെ മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് സമരം അവസാനിപ്പിക്കാന്‍ പ്രതിപക്ഷം കൂടിയാലോചനകളും തുടങ്ങി.
എന്നാല്‍, മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയായിരുന്നു. മാനേജ്‌മെന്റ് പ്രതിനിധികളോട് മുഖ്യമന്ത്രി കടുത്ത ഭാഷയിലാണ് സംസാരിച്ചത്. ഫീസ് കുറയ്ക്കാനും സ്‌കോളര്‍ഷിപ്പ് നല്‍കാനും നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ എന്തിനു പ്രശ്‌നം വഷളാക്കി എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. നിരവധി തവണ ചര്‍ച്ച നടത്തിയിട്ടും ചെറിയ വിട്ടുവീഴ്ചയ്ക്കും പോലും തയാറാകാത്ത നിങ്ങളുടെ മനസ് ഇപ്പോള്‍ എങ്ങനെ അലിഞ്ഞെന്നും മുഖ്യമന്ത്രി മാനേജ്‌മെന്റ് പ്രതിനിധികളോട് ചോദിച്ചു. എന്നാല്‍, ഫീസ് കുറക്കാമെന്നും എം ഇ എസ് ഒഴികെ മറ്റാരും പറഞ്ഞിട്ടില്ലെന്നും വിഷയത്തില്‍ ഒരു ഫോര്‍മുലയും തങ്ങള്‍ക്ക് ഇല്ലെന്നും മാനെജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞതോടെ, എങ്കില്‍ ഇനി ചര്‍ച്ചയുടെ കാര്യമില്ലെന്നും മുന്‍ നിശ്ചയിച്ച പ്രകാരം കാര്യങ്ങള്‍ നടക്കട്ടെയെന്നും മുഖ്യമന്ത്രിയും വ്യക്തമാക്കി. സ്വാശ്രയ പ്രവേശനം ഈ വര്‍ഷം കൊണ്ട് അവസാനിക്കുന്നതെല്ലെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി. മുഖ്യമന്ത്രി സ്വരം കടുപ്പിച്ചതോടെ ഫീസ് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നില്ലെന്ന് പറഞ്ഞ് മാനേജ്‌മെന്റുകളും മലക്കം മറിഞ്ഞു.