Connect with us

Articles

ഏക സിവില്‍കോഡും ബഹുസ്വരതയും

Published

|

Last Updated

ഒരു മതേതര ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയെ ലോകഭൂപടത്തില്‍ മാറ്റുരച്ചു നിര്‍ത്തുന്നത്, ഇവിടുത്തെ ബഹുസ്വരതക്കുള്ളില്‍ നിലനില്‍ക്കുന്ന ഐക്യവും പരസ്പരാശ്രിതത്വവുമാണ്. ഇത്രയേറെ വൈവിധ്യങ്ങള്‍ക്കിടയില്‍ ഇതെങ്ങനെ സാധ്യമാകുന്നു എന്ന് പലരും ആശ്ചര്യം കൂറിയിട്ടുണ്ട്. നമ്മുടെ ഭരണഘടനാ ശില്‍പികള്‍ ദീര്‍ഘദര്‍ശനം ചെയ്ത് രൂപപ്പെടുത്തിയ ഭരണഘടനയുടെ ആമുഖത്തില്‍ ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍ അനുവര്‍ത്തിക്കേണ്ട വിശ്വാസ സ്വാതന്ത്ര്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും ഊന്നിപ്പറയുന്നുണ്ട്. അതിന് വിഘാതം നില്‍ക്കുന്ന ഏതൊരു ചുവടുമാറ്റത്തെയും തിരിച്ചറിയേണ്ടതുണ്ടെന്നാണ് അതിന്റെ സൂചന. അങ്ങനെ സംഭവിക്കുമ്പോള്‍ ബഹുസ്വരത എന്ന സൗന്ദര്യ സങ്കല്‍പം തകര്‍ന്നടിയുകയും വിവിധ മത-ജാതികള്‍ക്കിടയിലെ സ്പര്‍ധ വര്‍ധിക്കുകയും “ഇന്ത്യ” എന്ന സങ്കല്‍പം തന്നെ ഇല്ലാതാകുകയും ചെയ്യുമെന്ന് ഭയപ്പെടുന്നവരാണ് മതേതര-ജനാധിപത്യവാദികള്‍.
എന്നാല്‍, ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംഘികള്‍ അടക്കമുള്ള ഹിന്ദു രാഷ്ട്രവാദികള്‍ മുമ്പേ ആലോചനകളും അന്വേഷണങ്ങളും നടത്തിയിട്ടുണ്ട്. അത്തരമൊരു രാഷ്ട്രനിര്‍മിതിക്കു വേണ്ടി എന്തെല്ലാം കൈക്കൊള്ളണമെന്ന അവരുടെ പ്രത്യയശാസ്ത്ര സംഹിതകളില്‍ അക്കമിട്ട് നിരത്തുന്ന അടവുനയങ്ങളില്‍ പ്രഥമസ്ഥാനമാണ് “ഏക സിവില്‍കോഡ്” എന്ന ആശയം. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി അവരത് ഒളിഞ്ഞും തെളിഞ്ഞും പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. അധികാര സംസ്ഥാപനത്തോടെ അതിന്റെ ഊക്ക് വര്‍ധിച്ചെന്നുമാത്രം.
രാജ്യത്തിലെ മുഴുവന്‍ ജനസമൂഹത്തെയും ഒരൊറ്റ പൊതുനിയമത്തിന്റെ കീഴില്‍ കൊണ്ടുവരാന്‍ സാധ്യമാകുമായിരുന്നുവെങ്കില്‍, എന്തുകൊണ്ട് ഭരണഘടനാശില്‍പികള്‍ അതിനു തുനിഞ്ഞില്ല എന്ന ചോദ്യം പ്രസക്തമാകുന്നു. അവര്‍ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കളായിരുന്നില്ല എന്നതു മാത്രമല്ല അതിനു കാരണം, മറിച്ച് ഇന്ത്യയെപ്പോലെയുള്ള ഒരു ബഹുസ്വര സമൂഹത്തില്‍ അസാധ്യമായ ഒന്നാണ് ഏക സിവില്‍ കോഡ് എന്ന ഉറച്ച വിശ്വാസം തന്നെയാണ് മുഖ്യഹേതു. രാജ്യസ്‌നേഹവും രാജ്യത്തോട് കൂറുമുള്ളവരാണ് രാഷ്ട്രശില്‍പികള്‍. രാഷ്ട്രമീമാംസയിലും രാഷ്ട്രീയ ചരിത്രത്തിലും അവഗാഹം ഒട്ടും കുറവുണ്ടായിരുന്നില്ല അവര്‍ക്ക്. അതിനാല്‍ തന്നെ, നാനാത്വത്തിലെ ഏകത്വമെന്ന ആശയം നിലനിര്‍ത്തേണ്ടതിന്റെയും രാജ്യത്തിന്റെ അഖണ്ഡതയെ സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകത അവര്‍ക്കുണ്ടായിരുന്നു. ഇന്ത്യയില്‍ തീര്‍ത്തും അപ്രായോഗികമായ ഒന്നാണ് കോമണ്‍ സിവില്‍ കോഡെന്ന ആശയമെന്ന് തിരിച്ചറിയാനുള്ള പ്രായോഗിക ബുദ്ധി നമ്മുടെ ഭരണഘടനാശില്‍പികള്‍ കാണിച്ചു. സാംസ്‌കാരികവും, ഭാഷാപരവുമായ വൈവിധ്യം അത്രമാത്രം പേറുന്ന ഒരു രാജ്യമെന്ന നിലയില്‍ ഇന്ത്യയിലത് അസാധ്യമാണെന്ന തിരിച്ചറിവായിരുന്നു അത്.
സംഘ്പരിവാറിന് എത്രമാത്രം പ്രാധാന്യമുള്ളതാണോ അവരുടെ മതം അത്രമാത്രം വിലപ്പെട്ടതാണ് ഓരോ സമുദായത്തിനും അവരുടെ മതം. ജനിക്കുകയും വളരുകയും ചെയ്യുന്ന ആ മതത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ ഒരു പോറലുമേല്‍ക്കാതെ അനുവര്‍ത്തിച്ചുപോരാന്‍ ഓരോ വിശ്വാസിയും ബന്ധശ്രദ്ധരാണ്. ഇത് ഇന്ത്യയില്‍ മാത്രമുള്ള പ്രത്യേകതയല്ല. മതവും ജാതിയും നിലനില്‍ക്കുന്ന ഓരോ സമൂഹത്തിലും പ്രകടമാണത്. ഈ അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടന അവരെ സംബന്ധിച്ചിടത്തോളം വിലപ്പെട്ടതു തന്നെയാണ്. ഇതിനെ തുരങ്കം വെക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയേണ്ടതും ചോദ്യം ചെയ്യേണ്ടതും മതേതര സമൂഹത്തിലെ ഒരു ജനാധിപത്യവാദിയുടെ കടമകളില്‍ പെട്ടതത്രെ! 1954-ല്‍ മതേതരമായ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് നടപ്പാക്കിയപ്പോള്‍, ആശ്രയിച്ചത് ഹിന്ദു നിയമം അനുസരിച്ചായിരുന്നു. അത് പ്രകാരം “ഫസ്റ്റ് കസിന്‍” ബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹബന്ധം അസാധുവാക്കി. എന്നാല്‍ മുസ്‌ലിം വ്യക്തി നിയമപ്രകാരം സാധ്യമായ ഒന്നായിരുന്നു അത്. ഇന്ത്യയുടെ മതേതര കാഴ്ചപ്പാടിനെ തീര്‍ത്തും അവഗണിച്ചുകൊണ്ടുള്ള നിയമനിര്‍മാണം മുന്‍കാലങ്ങളിലും ഇവിടെ ഉണ്ടായിട്ടുണ്ട്. അതിന് മറ്റൊരു ഉദാഹരണമായിരുന്നു 1956-ല്‍ ബറോഡ നാട്ടുരാജ്യം ഇന്ത്യയില്‍ ലയിച്ചപ്പോള്‍ ഗുജറാത്തില്‍ സുന്നി ബൊഹറ സമുദായത്തിന് സംഭവിച്ചത്. ഇതെല്ലാം ഒരു ഏക സിവില്‍ കോഡ് എന്ന ന്യായത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന നിയമങ്ങളാണ്. ഇത്തരം പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുനിയമമെന്ന ആശങ്ക മറ്റു മത-ജാതി സമുദായങ്ങളെ സംശയത്തില്‍ നിര്‍ത്തുന്നത്.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44-ല്‍ രാജ്യം ഒരു ഏകീകൃത സിവില്‍ കോഡ് സാവധാനം രൂപപ്പെടുത്തേണ്ടതിനെക്കുറിച്ച് നിര്‍ദേശിക്കുന്നത് ഇവിടുത്തെ സംഘ്പരിവാര്‍ ശക്തികള്‍ ഊന്നി പറഞ്ഞു കേള്‍ക്കാറുണ്ട്. “സിവില്‍ കോഡ്” എന്ന വാക്ക് തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ടാണ് പലരും വ്യാഖ്യാനിക്കുന്നത്. ലോകത്ത് പലയിടത്തും ഈ വാക്ക് കരാര്‍ സംബന്ധമായ നിയമം മാത്രമാണ്. അല്ലാതെ ഒരു മതത്തിന്റെ അനന്തരാവകാശം, വിവാഹം എന്നീ വ്യക്തിനിഷ്ഠ കാര്യങ്ങളിലെ ഇടപെടലുകളല്ല. ഇന്ത്യയിലെ ഹിന്ദു കോഡിന്റെ പരിധിയില്‍ ഗോത്രസമൂഹത്തിന്റെ നിയമാവലികള്‍ ഉള്‍പ്പെടുത്തിയില്ല എന്നത് ആര്‍ക്കാണ് മറച്ചുവെക്കാന്‍ കഴിയുക? ഹിന്ദു മതത്തില്‍ നിന്ന് ദളിത് ആദിവാസി സമൂഹം പുറത്താണെന്നാണോ ഇതിന്റെ വിവക്ഷ?
ഇന്നത്തെ പോണ്ടിച്ചേരി സംസ്ഥാനം ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് മോചിതമായപ്പോള്‍, ഫ്രഞ്ച് സിവില്‍ കോഡ് സ്വീകരിക്കാനുള്ള അവസരം അന്നാട്ടുകാര്‍ക്ക് നല്‍കുകയുണ്ടായി എന്നത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഏക സിവില്‍ കോഡിനു വേണ്ടി നാളുകളായി വാദിക്കുകയും പോര്‍വിളി നടത്തുകയും ചെയ്യുന്ന ഹിന്ദു ദേശീയവാദികള്‍ ഈ ചരിത്രമൊക്കെ ഒരാവര്‍ത്തി വായിക്കുന്നത് നല്ലതാണ്. 1941-ലെ ബി എന്‍ റാവു അധ്യക്ഷനായിരുന്ന ഹിന്ദു ലോകമ്മിറ്റി, ഹിന്ദു നിയമങ്ങള്‍ ക്രോഡീകരിക്കാന്‍ വേണ്ടി നിയുക്തനായപ്പോള്‍ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തത് ഇന്ത്യയിലെ യാഥാസ്ഥികരായ ഹിന്ദു നേതാക്കളാണെന്ന കാര്യം മറന്നുപോകരുത്.
ഇങ്ങനെയെല്ലാം നിരീക്ഷിക്കുമ്പോള്‍, ഇന്ത്യയില്‍ ഒരു പൊതുനിയമമെന്ന ആവശ്യകതയല്ല ഇവിടുത്തെ ഹിന്ദുത്വ ശക്തികളെ പ്രലോഭിപ്പിക്കുന്നത്, മറിച്ച് മറ്റു ചില സ്ഥാപിത താല്‍പര്യങ്ങളാണെന്ന് കാണാന്‍ ഒരു രണ്ടാംവട്ട ചിന്തയുടെ ആവശ്യമില്ലതന്നെ. ഇവിടെ പലപ്പോഴായി കൊണ്ടാടിയ ബാബരി മസ്ജിദ് പ്രശ്‌നം പല കാലങ്ങളിലെ തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വെച്ചുകൊണ്ടു മാത്രമായിരുന്നു. അല്ലായിരുന്നുവെങ്കില്‍ പുതിയ കാലത്ത് ചരിത്രം മറ്റൊന്നാകുമായിരുന്നു. ഇപ്പോള്‍ കേന്ദ്രത്തിന്റെയും സംഘികളുടെയും ഹിന്ദു പ്രണയത്തിന് യു പി യിലെ തിരഞ്ഞെടുപ്പാണ് കാരണം. രാജ്യത്തില്‍ പലപ്പോഴായി നടന്ന പല തിരഞ്ഞെടുപ്പുകളില്‍ ഹിന്ദു മുന്നണിക്ക് നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികള്‍ അവരെ ഭ്രാന്തരാക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഒരു സംസ്ഥാനത്ത് വരാന്‍പോകുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ അത് താങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. അതിന് ഭൂരിപക്ഷ ഹിന്ദു സമുദായത്തെ പ്രീണിപ്പിച്ചേ മതിയാവൂ. ഗോമാംസവും പശുവും രക്ഷിക്കാത്തിടത്ത് ഏകീകൃത സിവില്‍ കോഡെന്ന തുറപ്പുചീട്ട് രക്ഷിക്കുമെന്ന ആത്മവിശ്വാസം അവര്‍ക്കുണ്ട്. പക്ഷേ, ഇന്ത്യയുടെ അഭിമാനമായ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ത്തുകൊണ്ടുള്ള ഒരു കളിയിലും അവര്‍ ജയിച്ചുകൂടാ. അങ്ങനെ വരുമ്പോള്‍ ഇന്ത്യയെന്ന രാജ്യമോ, നാനാത്വത്തില്‍ ഏകത്വമെന്ന ആശയമോ നിലനില്‍ക്കില്ല.

---- facebook comment plugin here -----

Latest