Connect with us

Gulf

ഖത്വറിന്റെ തര്‍ശീദ് പദ്ധതിയെ പ്രശംസിച്ച് ഷാര്‍ജ വാട്ടര്‍ ഇലക്ട്രിസിറ്റി അതോറിറ്റി

Published

|

Last Updated

ഷാര്‍ജ സംഘത്തെ കഹ്‌റമ അധികൃതര്‍ സ്വീകരിക്കുന്നു

ദോഹ: ഊര്‍ജനഷ്ടം ഒഴിവാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി ഖത്വര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന ആശയമായ തര്‍ശീദിന് ഷാര്‍ജ വാട്ടര്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ പ്രശംസ. തര്‍ശീദ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കാനായി കഹ്‌റമയിലെത്തിയ ഷാര്‍ജ സംഘമാണ് അധികൃതരെ അഭിനന്ദിച്ചത്.
ഊര്‍ജ സംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനുമായി ഷാര്‍ജ സംഘം നടത്തുന്ന ഗള്‍ഫ് പര്യടനത്തിന്റെ ഭാഗമായാണ് ദോഹയിലുമെത്തിയത്. തര്‍ശീദ് പ്രവര്‍ത്തനങ്ങള്‍ കഹ്‌റമ പ്രതിനിധികള്‍ ഷാര്‍ജ സംഘത്തിന് വിശദീകരിച്ചു കൊടുത്തു. ദേശീയാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ പദ്ധതിയുടെ രീതികളും ഫലപ്രാപ്തിയും സംഘം മനസ്സിലാക്കി. ഉപയോഗം നിയന്ത്രിക്കുന്നതിനായി കൊണ്ടു വന്ന നിയമം, ബോധവത്കരണ കാമ്പയിനുകള്‍, ഉപയോഗ നിയന്ത്രത്തിനായി കൊണ്ടുവന്ന താരിഫ് പരിഷ്‌കരണം, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, പുനരുത്പാദന പദ്ധതികള്‍ തുടങ്ങിയവയെല്ലാം സംഘം വിശദമായി മനസ്സിലാക്കി.
ഉപയോഗം കുറച്ച് ഊര്‍ജ സംരക്ഷണത്തിനായി നടപ്പിലാക്കിയ ആശയത്തിന്റെ വ്യാപ്തിയെ അവര്‍ പ്രശംസിച്ചു. കഹ്‌റമയുടെ അവയര്‍നസ് പാര്‍ക്കും സംഘം സന്ദര്‍ശിച്ചു. മേഖലയില്‍ ആദ്യത്തെ സംരംഭമായ പാര്‍ക്ക് ഈ വര്‍ഷം തുറക്കുന്നതിന് തയാറെടുക്കുകയാണ്. സ്‌കൂള്‍, യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവര്‍ക്കിടയില്‍ ബോധവത്കരണം നടത്തുന്നതിനാണ് മുഖ്യമായും പാര്‍ക്ക് ലക്ഷ്യം വെക്കുന്നത്.