സൗജന്യറേഷന്‍ പദ്ധതിയില്‍ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെ ഉള്‍പ്പെടുത്തി

Posted on: July 9, 2016 12:18 am | Last updated: July 10, 2016 at 1:19 am

തിരുവനന്തപുരം: ബി പി എല്‍ കുടുംബങ്ങള്‍ക്കു പുറമേ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെയും ഉള്‍പ്പെടുത്തി സൗജന്യറേഷന്‍ പദ്ധതി വിപുലീകരിക്കും. ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 300 കോടി രൂപയാണ്. റേഷന്‍ കടകള്‍ നവീകരിക്കുന്നതിനൊപ്പം മറ്റു പലചരക്കുകള്‍ കൂടി ലഭ്യമാക്കും. ഇതിനായി കെ എസ് എഫ് ഇ വഴി പലിശരഹിത വായ്പ ലഭ്യമാക്കും. സിവില്‍ സപ്ലൈസ് വിപണന ശാലകളില്‍ വില പിടിച്ചു നിര്‍ത്തുന്നതിനായി 75 കോടി രൂപ അധികമായി നല്‍കും. അങ്കണ്‍വാടികളുടെ വികസനപദ്ധതികള്‍ക്കായി കേന്ദ്രാവിഷ്‌കൃതപദ്ധതിയുടെ സംസ്ഥാന വിഹിതമായി 221 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും വര്‍ധിപ്പിച്ച ഓണറേറിയം ഇതേവരെ നല്‍കിയിട്ടില്ല. ഇതിന് വേണ്ടി വരുന്ന അധികച്ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. ആശാപ്രവര്‍ത്തകരുടെയും പാചകത്തൊഴിലാളികളുടെയും പി ടി എ പ്രീ-പ്രൈമറി അധ്യാപകരുടെയും സാക്ഷരതാ പ്രേരക്മാരുടെയും ഓണറേറിയം 500 രൂപയായി വര്‍ധിപ്പിച്ചു. ഇതിനായി 20 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്.