നിരപരാധിയെന്ന് ആവര്‍ത്തിച്ച് മഅ്ദനി; പെരുന്നാള്‍ പ്രഭാഷണത്തിനിടെ പൊട്ടിക്കരഞ്ഞു

Posted on: July 7, 2016 11:43 pm | Last updated: July 7, 2016 at 11:43 pm

abdunnasar madaniകൊല്ലം: അന്‍വാര്‍ശേരിയിലെ പെരുന്നാള്‍ നിസ്‌കാരത്തിനിടെ നടത്തിയ പ്രഭാഷണത്തില്‍ പൊട്ടിക്കരഞ്ഞ് മഅ്ദനി. ബംഗളൂരു സ്ഥോടനക്കേസില്‍ താന്‍ നിരപരാധിയാണെന്ന് ഖുര്‍ആന്‍ സാക്ഷിയാക്കി സത്യം ചെയ്യുന്നതായി മഅ്ദനി ആവര്‍ത്തിച്ചു. പതിനഞ്ച് വര്‍ഷത്തിലധികമായി താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പെരുന്നാള്‍ നിസ്‌കാരത്തിനിടെ നടത്തിയ പ്രഭാഷണത്തില്‍ മഅ്ദനി തുറന്നു പറഞ്ഞു. ഒമ്പതരവര്‍ഷം സേലത്തെ ജയിലില്‍ തടവിലിട്ടിട്ടും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനായില്ലെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു സ്‌ഫോടനക്കേസിലും താന്‍ നിരപരാധിയാണെന്നും ഖുര്‍ആനെ സാക്ഷിയാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡിഗോ വിമാനക്കമ്പനിയുടെ കൊച്ചിയിലെ ഓഫീസിന്റെ ചില്ലുതകര്‍ത്ത പി ഡി പി പ്രവര്‍ത്തകരുടെ നടപടിയെ പ്രഭാഷണത്തിനിടെ പാര്‍ട്ടിയുടെ ചെയര്‍മാന്‍കൂടിയായ അബ്ദുന്നാസര്‍ മഅ്ദനി വിമര്‍ശിച്ചു. നിരപരാധിത്വം തെളിയിച്ച് അന്‍വാര്‍ശേരിയിലെ മണ്ണിലേക്ക് വീണ്ടും തിരിച്ചുവരണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞ മഅ്ദനി പ്രഭാഷണത്തിനിടെ നിരവധിതവണ വിതുമ്പി. അതേസമയം ചികിത്സയുടെ ആവശ്യാര്‍ഥം മഅ്ദനിയെ ഇന്നലെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇന്ന് വൈകിട്ടോടെ മഅ്ദനി വീണ്ടും അന്‍വാര്‍ശേരിയിലെക്ക് മടങ്ങിയെത്തുമെന്ന് പി ഡി പി ജനറല്‍സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.