Connect with us

Kerala

പിണറായിക്ക് ആഭ്യന്തരം, വിജിലന്‍സ്, ഐ.ടി വകുപ്പുകള്‍

Published

|

Last Updated

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭ വൈകുന്നേരം സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ എല്‍ഡിഎഫിന്റെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി തന്നെ ആഭ്യന്തരവും, വിജിലന്‍സും കൈകാര്യം ചെയ്യും. ഇതിന് പുറമേ ഐടിയും പൊതുഭരണവും മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുക. വിഎസ് മന്ത്രിസഭയില്‍ ധനകാര്യം കൈകാര്യം ചെയ്ത തോമസ് ഐസക്ക് തന്നെയാണ് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുക.മുഖ്യമന്ത്രി പിണറായി വിജയനടക്കം മന്ത്രിസഭയിലെ 12 പേര്‍ സിപിഎം പ്രതിനിധികളാണ്. സിപിഐയുടെ നാല് പ്രതിനിധികളും, ജനതാദള്‍(എസ്), എന്‍സിപി, കോണ്‍ഗ്രസ്(എസ്) എന്നീ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ വീതവും മന്ത്രിസഭയിലെത്തും.

കടകംപളളി സുരേന്ദ്രനാണ് വൈദ്യൂതിയുടെയും ദേവസ്വത്തിന്റെയും ചുമതല. കെടി ജലീല്‍ തദ്ദേശ സ്വയംഭരണവും, സി രവീന്ദ്രനാഥ് വിദ്യാഭ്യാസവും, ഇപി ജയരാജന്‍ വ്യവസായവും കായികവും കൈകാര്യം ചെയ്യും. എകെ ബാലനാണ് നിയമം, സാംസ്‌കാരികം, പിന്നോക്കക്ഷേമം എന്നിവയുടെ ചുമതല. എസി മൊയ്തീന് സഹകരണംവും ടൂറിസവും, ടി പി രാമക്യഷ്ണന്‍ തൊഴില്‍, എക്‌സൈസ്, കെ കെ ഷൈലജ ആരോഗ്യം സാമൂഹ്യക്ഷേമം, ജി സുധാകരന്‍ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍, മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് പരാമ്പരാഗത വ്യവസായം എന്നിങ്ങനെയാണ് മറ്റുമന്ത്രിമാരുടെ വകുപ്പുകള്‍.

ജനതാദള്‍(എസ്) പ്രതിനിധിയായ മാത്യു ടി തോമസിന് ജലവിഭവ വകുപ്പും എന്‍സിപി പ്രതിനിധിയായ എകെ ശശീന്ദ്രന് ഗതാഗത വകുപ്പും ലഭിച്ചു. കോണ്‍ഗ്രസ്(എസ്) പ്രതിനിധിയായി മന്ത്രിസഭയിലെത്തിയ കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പാണ് ലഭിച്ചത്. നേരത്തെ ദേവസ്വം വകുപ്പായിരുന്നു കടന്നപ്പള്ളി കൈകാര്യം ചെയ്തിരുന്നത്. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ തീരുമാനമായിട്ടില്ല.ഇ. ചന്ദ്രശേഖരന്‍ (കാസര്‍കോട്), വി.എസ്. സുനില്‍കുമാര്‍ (തൃശൂര്‍), പി. തിലോത്തമന്‍ (ആലപ്പുഴ), കെ. രാജു (കൊല്ലം).എന്നിവരാണ് സിപിഐ മന്ത്രിമാര്‍. പി. പി. ശ്രീരാമകൃഷ്ണന്‍ സ്പീക്കറാകും സിപിഐയുടെ വി.ശശിയായിരിക്കും ഡെപ്യൂട്ടി സ്പീക്കര്‍